വർണക്കാഴ്ചയുമായി ചമയ പ്രദർശനം
text_fieldsതൃശൂർ: ആനയാഭരണങ്ങളുടെ വർണക്കാഴ്ചയുമായി ചമയ പ്രദർശനത്തിന് തുടക്കം. വെള്ളിയാഴ്ച തുടങ്ങിയ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്ശനം കാണാൻ വൻ പുരുഷാരം. വൈകുന്നേരം കുടുംബസമേതം രണ്ടു പ്രദർശനവും കാണാൻ ജനം ഒഴുകിയെത്തി. ആനച്ചൂരും ആനച്ചൂടും ഏൽക്കാത്ത കോലം, വർണകുടകൾ, നെറ്റപ്പട്ടം, ആലവട്ടം, വെഞ്ചാമരം തുടങ്ങിയ ആടയാഭരണങ്ങളാണ് പ്രധാനമായും പ്രദർശനത്തിലുണ്ടായത്. ഒപ്പം കുടമാറ്റത്തിന് ഉപയോഗിക്കുന്ന സ്പെഷ്യൽ കുടകളും നയനാനന്ദകരമായി.
തിരുവമ്പാടിയിൽ ശിവനും പാർവതിയും ദുർഗയുമെല്ലാം ഇടം പിടിച്ചു. സുബ്രഹ്മണ്യൻ, പുലിക്കളി, രാമച്ചത്തിൽ തീർത്ത ഗണപതി കുടകൾ എന്നിവയുമായി പാറമേക്കാവും ഞെട്ടിച്ചു. പാറമേക്കാവ് ഭഗവതിയുടെ തിടമ്പ്, 45 ഓളം കുടകളും എട്ട് സ്പെഷ്യൽ കുടകളും പാറമേക്കാവ് പ്രദർശനത്തിലുണ്ട്. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ല കലക്ടർ വി.ആർ. കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
തിരുവമ്പാടി വിഭാഗം ദേവസ്വം പ്രസിഡന്റ് ഡോ.ടി.എ. സുന്ദർ മേനോനും സെക്രട്ടറി കെ. ഗിരീഷ് കുമാറും ചേർന്ന് തുടക്കം കുറിച്ചു. മേയർ എം.കെ. വർഗീസ്, പുറനാട്ടുകര രാമകൃഷ്ണ മഠാധിപതി സ്വാമി സദ്ഭവാനന്ദ, മാർ ഔഗിൻ തിരുമേനി, വ്യവസായപ്രമുഖരായ ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. കല്യാണരാമൻ, കളക്ടർ വി.ആർ. കൃഷ്ണ തേജ, പൊലീസ് കമീഷണർ അങ്കിത് അശോകൻ, കൗൺസിലർ പൂർണിമ, ടി.വി. ചന്ദ്രമോഹൻ, എം.എസ്. സമ്പൂർണ തുടങ്ങിയവരും സന്നിഹിതരായി. 53 മുത്തു കുടകളാണ് തിരുവമ്പാടി വിഭാഗത്തിന്റേതായി കൗസ്തുഭം ഓഡിറ്റോറിയം ആനചമയ പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്.
പാറമേക്കാവ് വിഭാഗം അഗ്രശാലയിൽ ഒരുക്കിയ പ്രദർശനത്തിന് പ്രസിഡന്റ് എം. ബാലഗോപാൽ, സെക്രട്ടറി ജി. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. കുടമാറ്റത്തിനുള്ള കുടകളിൽ പലതും ഇപ്പോഴും മിനുക്കു പണികളിലാണ്. ചമയ പ്രദർശനം 29ന് രാത്രി പന്ത്രണ്ടുവരെ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

