ഭക്തിനിർഭരമായി അച്ചൻകോവിൽ, ആര്യങ്കാവ് ക്ഷേത്രങ്ങളിലെ തിരുവാഭരണ ഘോഷയാത്ര
text_fieldsഅച്ചൻകോവിലിലെ തിരുവാഭരണ ഘോഷയാത്രക്ക് തെങ്കാശി ക്ഷേത്രത്തിൽ നൽകിയ സ്വീകരണം
പുനലൂർ: ആയിരങ്ങൾക്ക് ആത്മസായൂജ്യമേകി അച്ചൻകോവിൽ, ആര്യങ്കാവ് ധർമശാസ്താ ക്ഷേത്രങ്ങളിലേക്കുള്ള തിരുവാഭണ ഘോഷയാത്ര. പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സുരക്ഷമുറിയിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണം ചൊവ്വാഴ്ച രാവിലെ ആറരക്ക് പുറത്തെടുത്ത് ക്ഷേത്രത്തിൽ പ്രത്യേകമായി അലങ്കരിച്ച പന്തലിൽ ഭക്തർക്ക് ദർശനത്തിന് വെച്ചു. നിരവധി ഭക്തർ ദർശനം നടത്തി. തുടർന്ന് വ്രതനിഷ്ഠയോടെ എത്തിയ അയ്യപ്പഭക്തർ തിരുവാഭരണ പേടകങ്ങൾ തലച്ചുമടായി അലങ്കരിച്ച വാഹനങ്ങളിലേക്ക് മാറ്റി.
കേരള - തമിഴ്നാട് പൊലീസ്, ദേവസ്വം അധികൃതർ, ക്ഷേത്ര ഉപദേശക സമിതി, നൂറുകണക്കിന് വാഹനങ്ങൾ, താലപ്പൊലി, മുത്തുക്കുട, പഞ്ചവാദ്യം, ആന എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയും തിരുവാഭരണവും ക്ഷേത്രങ്ങളിൽ എത്തിച്ചു. പുനലൂർ വെട്ടിപ്പുഴ പാലം, കെ.എസ്.ആർ.ടി.സി, ടി.ബി.ജങ്ഷൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു. ആര്യങ്കാവിലെ തിരുവാഭരണം പാലരുവി ജങ്ഷനിൽ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് അച്ചൻകോവിലിലെ ഘോഷയാത്ര കോട്ടവാസൽ, പുളിയറ, ചെങ്കോട്ട, തെങ്കാശി, തിരുമല കോവിൽ, മേക്കര എന്നിവിടങ്ങിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
തിരുവാഭരണം ഇരുക്ഷേത്രങ്ങളിലെയും ദേവന് ചാർത്തി ക്ഷേത്രോത്സവം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.രാജു, പത്തനംതിട്ട ഗ്രൂപ്പ് ഡെപ്യൂട്ടി കമീഷണർ ജി.മുരളീധരൻ പിള്ള, പുനലൂർ ഗ്രൂപ്പ് അസി.കമീഷണർ എസ്.വിനോദ് കുമാർ, സബ് ഗ്രൂപ്പ് ഓഫീസന്മാരായ ബി.പി.നിർമലാനന്ദൻ, സി.ജയകുമാർ, എൻ.വേണുഗോപാൽ, ആഘോഷ കമ്മറ്റി വൈസ്.ചെയർമാൻ ബി.വിജയൻ പിള്ള, ജന. കൺവീനർ ബി.ജ്യോതിനാഥ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

