വചനം മാംസമായി: ഇമ്മാനുവൽ-നമ്മോടൊപ്പം ഉള്ള ദൈവം
text_fieldsപ്രിയ സഹോദരീസഹോദരന്മാരേ, ക്രിസ്മസ് ദൈവം മനുഷ്യനായി നമ്മുടെ ഇടയിൽ വസിക്കാൻ വന്ന സ്നേഹത്തിന്റെ മഹത്തായ രഹസ്യത്തിന്റെ ആഘോഷമാണ്. ‘വചനം മാംസമായി’ എന്ന സത്യം നമ്മെ ഓർമിപ്പിക്കുന്നത്, ദൈവം അകലെയുള്ളവനല്ല; അവൻ ‘ഇമ്മാനുവൽ’- നമ്മോടൊപ്പം ഉള്ള ദൈവമാണ് എന്നതാണ്. ക്രിസ്മസ് വെറും ഒരു ഓർമപ്പെടുത്തൽ മാത്രമല്ല,
ഒരു യാഥാർഥ്യമാണ്. നസറായനായ യേശുവിന്റെ ജീവിതത്തിൽ ദൈവം മനുഷ്യനോടൊപ്പം നടന്നു. അവനെ കണ്ടും കേട്ടും അനുഭവിച്ചും ജീവിച്ച ശിഷ്യർ അവന്റെ വാക്കുകളിലും പ്രവൃത്തികളിലും മിശിഹായെ തിരിച്ചറിഞ്ഞു. കുരിശുമരണത്തിനുശേഷം അവൻ ഉയിർത്തെഴുന്നേറ്റുവെന്ന് കണ്ടപ്പോൾ, യേശു യഥാർഥ മനുഷ്യനും സത്യദൈവവുമാണെന്ന് അവർ ഉറപ്പിച്ചു. ‘വചനം മാംസമായി’ - ഈ സത്യത്തിന് മുന്നിൽ നാം വീണ്ടും വിസ്മയിക്കുന്നു. നിത്യവും സർവശക്തനുമായ ദൈവം എങ്ങനെ ദുർബലമായ മനുഷ്യനായി മാറി? അതിന് ഒരേയൊരു ഉത്തരമേയുള്ളൂ: സ്നേഹം. സ്നേഹിക്കുന്നവൻ പ്രിയപ്പെട്ടവനോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു. യേശുക്രിസ്തുവിൽ മനുഷ്യരോടുള്ള ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹമാണ് നമ്മൾ കാണുന്നത്. ദൈവം മാറുന്നില്ല; അവൻ സ്നേഹമാണ്, എപ്പോഴും. ‘ഞാൻ ആകുന്നു ഞാൻ’ എന്ന് സ്വയം വെളിപ്പെടുത്തിയ ദൈവം കരുണയും വിശ്വസ്തതയും നിറഞ്ഞവനാണ്. പിതാവിന്റെ ഇഷ്ടത്താലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താലും കന്യക മറിയയുടെ ഗർഭത്തിൽ മാംസമായി അവതരിച്ച ദൈവപുത്രനിൽ സൃഷ്ടി അതിന്റെ പൂർണത കൈവരിക്കുന്നു.
ഈ സന്ദർഭത്തിൽ, പരിശുദ്ധ ലിയോ പാപ്പാ നമ്മെ ഓർമിപ്പിക്കുന്നു: ക്രിസ്മസിനായുള്ള ഒരുക്കങ്ങളിൽ അനാവശ്യമായ തിരക്കിലും ഓട്ടപ്പാച്ചിലിലും നാം അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ സംഭവിച്ചാൽ, ക്രിസ്മസ് ആഘോഷം വെറും ബാഹ്യമായ ആഘോഷം മാത്രമാവുകയും, ക്രിസ്തുവിന്റെ ജനനം നൽകുന്ന പ്രത്യാശക്കുപകരം നമ്മുക്ക് നിരാശ തോന്നുകയും ചെയ്യും. അതിനുപകരം, യേശുവിനെ കാത്തിരിക്കുമ്പോൾ നമ്മുടെ ഹൃദയം ശാന്തമായി ഒരുക്കാൻ നമുക്ക് സമയം എടുക്കാം. അങ്ങനെ ചെയ്താൽ, അവന്റെ സ്നേഹപൂർണസാന്നിധ്യം നമ്മുടെ ജീവിതത്തിന്റെയും ഹൃദയങ്ങളുടെയും ഏറ്റവും വിലപ്പെട്ട നിധിയായി മാറും. ‘ഇമ്മാനുവൽ’ എന്ന നാമത്തിൽ ദൈവം നീതിയുടെയും സമാധാനത്തി ന്റെയും സന്ദേശവുമായി ലോകത്തിലേക്ക് വന്നു. അവന്റെ രാജ്യം ഈ ലോകത്തിന്റേതല്ലെങ്കിലും, ഈ ലോകത്തെ കൂടുതൽ മനുഷ്യസ്നേഹപരവും നീതിയുള്ളതുമായതായി മാറ്റാനുള്ള ശക്തിയാണ് അത്.
മറ്റുള്ളവരെ സേവിക്കാനും, സമാധാനത്തിനായി പ്രവർത്തിക്കാനും, നീതിക്കായി നിലകൊള്ളാനും ക്രിസ്മസ് നമ്മെ പ്രചോദിപ്പിക്കുന്നു. ബത്ലഹേമിൽ ജനിച്ച ഈശോ എല്ലാത്തരത്തിലുള്ള അടിമത്തങ്ങളിൽനിന്നും മനുഷ്യനെ മോചിപ്പിക്കാൻ വന്നു. അതുകൊണ്ടുതന്നെ, വേദനയും അനീതിയും അനുഭവിക്കുന്ന എല്ലാ ഇടങ്ങളിലും ക്രിസ്മസ് പ്രത്യാശയുടെ സന്ദേശമാണ്. ഈ ക്രിസ്മസിൽ, ‘വചനം മാംസമായ’ ഈ മഹാരഹസ്യം നമ്മുടെ ഹൃദയങ്ങളെ നവീകരിക്കുകയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സാക്ഷികളായി നമ്മെ രൂപപ്പെടുത്തുകയും ചെയ്യട്ടെ. പ്രിയ സഹോദരീ സഹോദരന്മാരേ, ‘വചനം മാംസമായി’- അവൻ നമ്മുടെ ഇടയിൽ വസിക്കാൻ വന്നു; അവൻ ഇമ്മാനുവൽ ആണ്, നമുക്ക് അടുത്തെത്തിയ ദൈവം, നമ്മോടുകൂടെ ഉള്ള സ്നേഹം. സ്നേഹത്തിന്റെ ഈ മഹത്തായ രഹസ്യത്തെക്കുറിച്ച് നമുക്ക് ഒരുമിച്ച് ചിന്തിക്കാം; ബെത്ലഹേമിന്റെ കാലിത്തൊഴുത്തിൽ പ്രകാശിക്കുന്ന പ്രകാശത്താൽ നമ്മുടെ ഹൃദയങ്ങൾ നിറയട്ടെ! എല്ലാവർക്കും, ക്രിസ്മസ് ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

