പ്ലാവിൻകൊമ്പിലെ നക്ഷത്രം
text_fieldsഎവിടെ സ്റ്റാറുകൾ കണ്ടാലും എന്റെ മനസ്സിലേക്ക് വരുന്ന ഒരു സംഭവമുണ്ട്. 27 വർഷം മുമ്പ് നടന്നതാണ്. അന്ന് ഞങ്ങൾ യുവജന സഖ്യാംഗങ്ങൾക്ക് ക്രിസ്മസ് വന്നാൽ പിന്നെ പള്ളിയിൽ നിന്നുമിറങ്ങാൻ നേരമുണ്ടാവില്ല. പാട്ടു പഠിത്തവും, കരോളും, മുളകൊണ്ടുള്ള സ്റ്റാറുണ്ടാക്കലും, പള്ളി അലങ്കരിക്കലും, പുൽകൂട് ഉണ്ടാക്കലുമൊക്കെയായി പിടിപ്പത് പണിയുണ്ടാവും.
പള്ളിയിൽ ചില അറ്റകുറ്റപ്പണികൾ ഒക്കെ നടക്കുന്നതിനാൽ ആ വർഷത്തെ കരോൾ പുറത്താണ് നടത്തേണ്ടത്. എന്തെങ്കിലും വെറൈറ്റി വേണം. ഞങ്ങളെല്ലാവരും കൂലങ്കഷമായ ആലോചനയിലാണ്. ഒടുവിൽ കരോളിന്റെ ഏറ്റവുമവസാനത്തെ Nativity Scene ടാബ്ലോയിൽ നക്ഷത്രം നോക്കി ഉണ്ണിയേശുവിനെ കാണാൻ വരുന്ന വിദ്വാന്മാരെ അതെ പടി പുനരാവിഷ്കരിക്കുവാ ൻ തീരുമാനമായി. പള്ളി മുറ്റത്ത് കൈയാലയോട് ചേർന്ന നല്ല ഉയരത്തിൽ ഒരു പ്ലാവുണ്ട്. അതിനു നേരെ അഭിമുഖമായി സ്റ്റേജ് ഇടുവാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. വിദ്വാന്മാർ കാണികളുടെ ഇടയിലൂടെ നടന്നു വരുമ്പോൾ പ്ലാവിന്റെ മുകളിൽ നിന്നും നക്ഷത്രം അവർക്കു മുന്നിലായി സ്റ്റേജിലേക്ക് വന്നാൽ സംഭവം പൊളിക്കും. പ്ലാവിന്റെ മുകളിലത്തെ കൊമ്പിൽ സ്റ്റാർ കെട്ടിയാലാരും ശ്രദ്ധിക്കുകയുമില്ല.
പക്ഷെ, പ്രശ്നം ആര് പ്ലാവിൽ കയറും? വീട്ടുകാരോ, പള്ളിക്കമ്മറ്റിയോ അറിഞ്ഞാൽ സമ്മതിക്കില്ല. അതുകൊണ്ട് അതീവ രഹസ്യമായിട്ടുവേണം കാര്യങ്ങൾ നീക്കാൻ. എല്ലാവർക്കും പ്ലാവിൽ കയറാൻ പേടി. ഉരിയാടുന്നവൻ പ്ലാവില എടുക്കണമെന്ന നാട്ടുനടപ്പനുസരിച്ചു, അവസാനം അത് എന്റെ തലയിലായി. ഞാനൊരു ദുർബല ഹൃദയനായത് കൊണ്ടും ഇത്തിരി പൊക്കി പറഞ്ഞാൽ വീഴുമെന്ന് കൂടെയുള്ളവർക്ക് അറിയാവുന്നതു കൊണ്ടും അവർ അത് ആത്മാർഥമായി ചെയ്തത് കൊണ്ടും പ്ലാവിൽ കയറാൻ എന്നെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
പ്ലാവിന്റെ അടുത്ത് ഒരു ശീമപുളിയുണ്ട് അതുവഴി കയറിയാൽ പ്ലാവിന്റെ താഴത്തെ ശിഖരത്തിൽ എത്തിപ്പിടിക്കാം. അവിടെ നിന്നും പിന്നെ കയറാൻ എളുപ്പമാണ്. സെക്രട്ടറി റൂട്ട് പ്ലാനുമായി വന്നു. എന്തു വന്നാലും താഴോട്ട് നോക്കരുതെന്നു ഖജാൻജി. പ്രതിസന്ധി ഘട്ടത്തിൽ രക്ഷകനായ എന്നെ ലേഡി സെക്രട്ടറി ആരാധനയോടെ നോക്കി. കയറും, ക്ലിപ്പുകളും, കൊളുത്തും, വയറും, ഹോൾഡറും ഒക്കെയായി ഞാൻ മുകളിലോട്ടു. താഴെ നിന്നുള്ള പ്രോത്സാഹനം കൂടിയായപ്പോൾ എന്റെ ആവേശവും കൂടി. എല്ലാ ശുഭം. സ്റ്റാർ പ്ലാവിൻ കൊമ്പിൽ.
സെക്രട്ടറി സ്റ്റാർ താഴേക്കും മുകളിലോട്ടും കുറെ പ്രാവശ്യം വലിച്ചു എല്ലാം ശരിയെന്നു ഉറപ്പിച്ചു. ‘ഇറങ്ങുമ്പോൾ സൂക്ഷിക്കണേ, താഴേക്കു നോക്കല്ലേ’ എന്നു ഖജാൻജി ഓർമിപ്പിച്ചു. ദൗത്യം പൂർത്തിയാക്കിയ ഞാൻ താഴത്തെ കൊമ്പിലേക്ക് കാൽ നീട്ടിയിട്ടു എത്തുന്നില്ല. ഇതെന്താ കൊമ്പിന്റെ അകലം കൂടിയോ?
‘പേടിക്കേണ്ട ധൈര്യമായി ഇറങ്ങിക്കോ...’ താഴെനിന്ന് വിളിച്ചു പറഞ്ഞു. അത് കേട്ടതും എന്റെ കാലുകൾ വിറക്കാൻ തുടങ്ങി. അത് പിന്നെ ശരീരമാകെയായി. ഏകദേശം ഒരു മണിക്കൂറത്തെ ശ്രമത്തിനു ശേഷം ഇവിടെ നിന്നും ഇനി താഴേക്കു ഇറങ്ങാൻ കഴിയില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.
കാര്യങ്ങൾ കൈവിട്ട് പോയി എന്ന് മനസ്സിലാക്കിയ സെക്രട്ടറി സൈക്കിളുമെടുത്തു നേരെ തേങ്ങ പിരിക്കുന്ന ആനന്ദൻ ചേട്ടനെ വിളിച്ചോണ്ട് വന്നു. കക്ഷി മുകളിൽ കയറിവന്നു എന്നെ താഴെയിറക്കാൻ നോക്കിയെങ്കിലും ഞാൻ പ്ലാവിലെ പിടിവിട്ടില്ല. അപ്പോഴേക്കും സംഭവം അറിഞ്ഞു പള്ളിക്കാരും നാട്ടുകാരും ഒക്കെയായി പള്ളിമുറ്റം നിറച്ചു ആൾക്കാർ. ‘പേടിച്ചു ഇരിക്കുവാ ഒന്ന് രണ്ടു പേരുകൂടി വന്നാൽ പതുക്കെ പിടിച്ചു ഇറക്കാം..’
പറഞ്ഞു തീർന്നതും ആൾക്കാർ മുകളിലെത്തി. കുറച്ചു നേരത്തെ ശ്രമം കൊണ്ട് എല്ലാവരും കൂടി എന്നെ താഴെ എത്തിച്ചു. അതുവരെ ജയ് വിളിച്ചവർ കട്ട കലിപ്പിൽ. ആരും അറിയരുത് എന്നു വിചാരിച്ചു തുടങ്ങിയത് നാട് മുഴുവൻ അറിഞ്ഞു. എല്ലാ സർപ്രൈസും പുക. ഇപ്പോ ക്രിസ്മസ് ആയാൽ പിള്ളേരു വന്നു ചോദിക്കും; ‘അങ്കിളേ....ഇങ്ങനെയൊക്കെ നടന്നാൽ മതിയോ ഒരു സ്റ്റാർ ഒക്കെ ഇടേണ്ടേ’ എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

