ചിറപ്പുത്സവത്തിന് നാടൊരുങ്ങി; അലങ്കാരത്തിൽ നിറഞ്ഞ് മുല്ലയ്ക്കൽ തെരുവ്
text_fieldsആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പുത്സവത്തിന് അലങ്കാരത്തിൽ നിറഞ്ഞ് മുല്ലയ്ക്കൽ തെരുവ്. കാത്തിരിപ്പിന് ഇനിദിവസങ്ങൾ മാത്രം. ഈമാസം 17 മുതൽ 27വരെയുള്ള 11ദിവസമാണ് മുല്ലയ്ക്കൽ ചിറപ്പ്. ആഘോഷത്തെ എതിരേൽക്കാൻ അലങ്കാരഗോപുരങ്ങളുടെയും വഴിയോരങ്ങളിൽ തോരണങ്ങൾ അലങ്കരിക്കുന്ന ജോലികളും ആരംഭിച്ചു. എ.വി.ജെ ജങ്ഷനിലെ വലിയ അലങ്കാരഗോപുരത്തിന്റെ പണി അവസാനഘട്ടത്തിലാണ്.
കിടങ്ങാംപറമ്പ് ജങ്ഷനിലും അലങ്കാരഗോപുരത്തിന്റെ ജോലികൾ തുടങ്ങിയിട്ടുണ്ട്. നിർമാണം പൂർത്തിയാക്കുന്ന അലങ്കാരഗോപുരങ്ങളിൽ എൽ.ഇ.ഡി അടക്കമുള്ള ദീപാലങ്കൃത ലൈറ്റുകൾ കൂടി തെളിയുമ്പോൾ രാത്രികാഴ്ചകൾക്ക് കൂടുതൽ മികവേകും.
മുല്ലക്കൽ എ.വി.ജെ ജങ്ഷൻ മുതൽ സീറോ ജങ്ഷൻവരെ വഴിയോരം ഇനി വൈദ്യുതി ദീപാലങ്കാരങ്ങളാലും വർണ്ണത്തോരണങ്ങളാലും നിറയും. 20ന് കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറുന്നതോടെ ചിറപ്പ് രാവും പകലും തെരുവോരത്ത് ജനങ്ങൾ നിറയും. ആകാഴ്ചയിലേക്കാണ് ആലപ്പുഴ ഇനിയുള്ള നാളുകൾ സഞ്ചരിക്കുക.
വിവിധസ്ഥാപനങ്ങളും സംഘടനകളും ചേർന്നാണ് ചിറപ്പ് നടത്തുന്നത്. നിർമാല്യം, ശ്രീബലി, കുങ്കുമാഭിഷേകം, കളകാഭിഷേകം, കാഴ്ചശ്രീബലി, സന്ധ്യ ദീപാരാധന, അത്താഴപൂജ, എതിരേൽപ്, ആൽചുവട്ടിലേക്കുള്ള എഴുന്നള്ളത്ത്, തീയാട്ട് എന്നിവയാണ് പ്രധാനചടങ്ങുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

