Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightതിരിച്ചറിവിന്റെ സംഗമ...

തിരിച്ചറിവിന്റെ സംഗമ ഭൂമിക

text_fields
bookmark_border
തിരിച്ചറിവിന്റെ സംഗമ ഭൂമിക
cancel
Listen to this Article

മക്കയിലെ മസ്ജിദുൽ ഹറാമിൽനിന്ന് 22 കിലോമീറ്റർ അകലെ തെക്കുകിഴക്ക്‌ ഭാഗത്ത് പർവതങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ താഴ്വരയാണ് അറഫ. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ദുൽഹജ്ജ് ഒമ്പതിന് ഉച്ചക്കുശേഷം അറഫ മൈതാനത്താണ് നടക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ഒരേസമയം സംഗമിക്കുന്ന അപൂർവ സ്ഥലം കൂടിയാണ് അറഫ. അറഫയിലെ നിർത്തം നഷ്ടപ്പെടുന്നവർക്ക് ഹജ്ജ് പൂർത്തിയാക്കാൻ കഴിയില്ല.

ദുൽഹജ്ജ് ഒമ്പതിന് ഉച്ചമുതൽ 10ന് പ്രഭാതം വരെയാണ് അറഫയിൽ നിൽക്കാനുള്ള സമയം. ഈ സമയത്തിനിടക്ക് എപ്പോൾ അറഫയിൽ വന്നാലും അവിടെ നിന്നതായി പരിഗണിക്കും. പകൽ അറഫയിൽ നിൽക്കുന്നവർ സൂര്യാസ്തമയ ശേഷമേ മടങ്ങാവൂ. ഏകദേശം 18 കിലോമീറ്റർ വിസ്തൃതിയുണ്ട് അറഫ പ്രദേശത്തിന്. അറഫ മൈതാനത്തിന് ഒരുവശത്ത് അതിരിടുന്നത് കാരുണ്യത്തിന്റെ മല എന്ന അർഥമുള്ള 'ജബലുർറഹ്‌മ'യാണ്. പ്രവാചകൻ ഹജ്ജ് വേളയിൽ അറഫയിൽനിന്നതും പ്രാർഥന നിർവഹിച്ചതും ഈ മലയുടെ താഴ്​വാരത്തുനിന്നാണ്.

ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ട് പരസ്പരം വേർപെട്ടുപോയി ഭൂമിയിലെത്തിയ ആദമും ഹവ്വയും ആദ്യമായി കണ്ടുമുട്ടിയത് അറഫ താഴ്വരയിലാണെന്ന് പറയപ്പെടുന്നു. അവർ പരസ്പരം തിരിച്ചറിഞ്ഞു എന്ന അർഥത്തിലാണ് 'അറഫ' എന്ന പേര് നൽകപ്പെട്ടത്. ജനങ്ങൾ ഇവിടെവെച്ച് അല്ലാഹുവിനോട്​ തങ്ങളുടെ തെറ്റുകൾ ഏറ്റുപറയുന്നതുകൊണ്ട് 'സമ്മതിക്കുക' എന്ന അർഥത്തിലുള്ള 'ഇഅ്ത്തറഫ' എന്ന പദത്തിൽനിന്ന് ലഭിച്ചതാണ് ഈ നാമമെന്നും പറയപ്പെടുന്നുണ്ട്.

ഹാജിമാർ ഇവിടെ എത്തുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെ ക്ഷമാപൂർവം നേരിടുന്നതുകൊണ്ട് ക്ഷമ എന്ന അർഥം വരുന്ന 'ഇർഫ്' എന്ന പദത്തിൽ നിന്നാണ് അറഫ ഉണ്ടായതെന്നും അഭിപ്രായമുണ്ട്. ജിബ്‌രീൽ മാലാഖ ഇബ്രാഹീമിന് ഹജ്ജിന്റെ കർമങ്ങൾ പഠിപ്പിച്ചുകൊടുത്തപ്പോൾ ഈ താഴ്വരയിലെത്തിയപ്പോൾ നിനക്ക് മനസ്സിലായോ എന്ന അർഥത്തിൽ 'അറഫ്‌ത' എന്നു ചോദിച്ചു. ഇതിൽനിന്നാണ് അറഫ എന്ന വാക്ക് ഉണ്ടായത് എന്നും അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുമുണ്ട്.

മസ്ജിദുൽ ഹറാമിൽനിന്ന് അറഫയിലെത്താൻ ഒമ്പത് പ്രധാന റോഡുകളാണുള്ളത്. റിങ്​ റോഡുകളും ബൈപാസുകളും ധാരാളം ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ ചൂട് നിയന്ത്രണത്തിനും അന്തരീക്ഷവായു ശുചീകരണത്തിനും പ്രത്യേക സംവിധാനങ്ങളുണ്ട്. തീർഥാടകർക്ക് തണൽ ലഭിക്കുന്നതിനായി നൂറുകണക്കിന് വേപ്പ് മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അറഫയുടെ അതിരുകൾ പ്രത്യേകം രേഖപ്പെടുത്തിയ ഫലകങ്ങൾ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

അറഫയുടെ കിഴക്കുഭാഗത്തായി റോഡ് നമ്പർ ഏഴിന്റെയും എട്ടിന്റെയും ഇടയിൽ സ്ഥിതിചെയ്യുന്ന മലയാണ് 'ജബലുർറഹ്മ'. മസ്ജിദു നമിറയുടെ ഒന്നര കിലോമീറ്റർ ദൂരെയാണ് ഇത്. കേവലം 65 മീറ്റർ മാത്രം ഉയരമാണ് ഈ പർവതത്തിനുള്ളത്. സമുദ്രനിരപ്പിൽനിന്ന് 372 മീറ്റർ. തെക്കുഭാഗത്ത് 170 മീറ്ററും വടക്കുഭാഗത്ത് രണ്ടു മീറ്ററുമാണ് മലയുടെ നീളം. പടിഞ്ഞാറു ഭാഗത്ത് 100 മീറ്ററും കിഴക്കു ഭാഗത്ത് 170 മീറ്ററുമാണ് വീതി. ആകെ വിസ്തീർണം 240 ചതുരശ്ര മീറ്റർ.

ദേശ-ഭാഷാ-വർണ വ്യത്യാസമില്ലാതെ ലോക വിശ്വാസികൾ വർഷത്തിലൊരിക്കൽ ഒരുമിച്ചുകൂടി പരസ്പരം അറിയുകയും പ്രപഞ്ചനാഥന്റെ മാഹാത്മ്യം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ഭൂമിക എന്ന അർഥത്തിലും 'അറഫ' എന്ന നാമം ഏറെ പ്രസക്തമാണ്.മസ്ജിദു നമിറക്ക്​ 24,000 ചതുരശ്ര മീറ്ററാണ് വിസ്തീർണം. മൂന്നു ലക്ഷം പേർക്ക് നമസ്കരിക്കാനുള്ള സൗകര്യം ഈ പള്ളിയിലുണ്ട്.

ദുൽഹജ്ജ് ഒമ്പതിന്​ മിനയിൽനിന്ന് പുറപ്പെട്ട പ്രവാചകൻ ഉച്ചവരെ തങ്ങിയതും പ്രസംഗം നടത്തിയതും നമസ്കാരം നിർവഹിച്ചതും നമിറ പള്ളിയിലായിരുന്നു. മുഹമ്മദ് നബി ഉച്ചക്ക് ജബലുറഹ്മയിലെത്തുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്തുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arafah gathering
News Summary - The confluence of identities
Next Story