സൂഖിലെ തസ്ബീഹ് മാലക്കഥകൾ
text_fieldsസൂഖിൽ തസ്ബീഹ് മാലകളുടെ വിൽപന കേന്ദ്രം
ദോഹ: റമദാനിൽ നോമ്പുതുറ സമയം അറിയിച്ചുള്ള പീരങ്കി വെടി മുഴങ്ങിക്കഴിഞ്ഞാൽ സൂഖ് വാഖിഫ് മറ്റൊരു ലോകമായി മാറും. വിശാലമായ നടവഴികളും അവയോട് ചേർന്ന പഴമയേറെയുള്ള കെട്ടിടങ്ങളും ചെറു ഇടവഴികളും വിശാലമായ മൈതാനങ്ങളുമെല്ലാം ചേർന്ന വലിയങ്ങാടി. ഖത്തറിന്റെ പൈതൃകംകാത്തുസൂക്ഷിക്കുന്ന സൂഖ് വാഖിഫിലെ തിരക്കിനിടയിൽ നടന്നു നടന്ന് ഒരു കോണിലെത്തുമ്പോൾ കാണുന്നത് വ്യത്യസ്തമായൊരു കച്ചവട കേന്ദ്രമാണ്.
ഇടുങ്ങിയ നടവഴിയുടെ ഇടതുഭാഗത്ത് ചെറു സ്റ്റാളുകളുടെ ചുമരുകൾ നിറയെ കോർത്തിട്ട തസ്ബീഹ് മാലകൾ. പച്ചയും ചുവപ്പും നീലയും വെള്ളയും തുടങ്ങി മഴവിൽ വർണം പോലെ നിരനിരയായി തസ്ബീഹ് മാലകൾ പല വലുപ്പത്തിൽ കോർത്തിട്ട ചെറു സ്റ്റാളുകൾ ആവശ്യക്കാരെ കാത്തിരിക്കുന്നു. നേരെ എതിർവശത്തായി വിശാലമായ സൗകര്യങ്ങളുള്ള കടകൾ നിറയെ തസ്ബീഹ് മാലകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അങ്ങനെ നിരവധി കടമുറികൾ. ഇടനാഴിയുടെ വശങ്ങളിൽ അവിടെയും ഇവിടെയുമായി കുത്തിയിരിക്കുന്ന ഒരുകൂട്ടം ആളുകൾ മുത്തുകൾ കോർത്ത് മാലകൾ തയാറാക്കുന്ന തിരക്കിലാണ്.....
വൈവിധ്യങ്ങളുടെ ലോകമായ സൂഖ് വാഖിഫിലെ റമദാനിലും അല്ലാതെയും ആവശ്യക്കാർ തേടിയെത്തുന്ന വിപണികളിൽ ഒന്നാണ് തസ്ബീഹ് മാലകൾ മാത്രം വിൽപന നടക്കുന്ന ഈ അങ്ങാടി.
നമ്മൾ, മലയാളികൾ കേട്ടതും കണ്ടതുമൊന്നുമല്ല ഈ തസ്ബീഹ് മാലകളുടെ ലോകമെന്ന് ഒറ്റനോട്ടത്തിലെ കാഴ്ചകൾ പറയുന്നു.
വിശ്വാസികളിൽ ഒരുവിഭാഗം നമസ്കാരപ്പായയിലും മറ്റും ഉരുവിടുന്ന പ്രാർഥനാ വചനങ്ങളെ എണ്ണിത്തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന മാലകളായാണ് ഇവ പരിചയം. ഡിജിറ്റൽ കാലത്ത് പ്രാർഥനകൾ എണ്ണിക്കണക്കാക്കാൻ പല സംവിധാനങ്ങളും പ്രാബല്യത്തിലുണ്ടെങ്കിലും അറബികൾക്ക് തൂവെള്ള കന്തൂറക്കൊപ്പം കൈയിൽ പിടിക്കുന്ന തസ്ബീഹ് മാല ഒഴിച്ചു കൂടാനാകാത്ത വസ്തുകൂടിയാണ്. പ്രാർഥന വേളകളിൽ മാത്രമല്ല, യാത്രയിലും വിശ്രമത്തിലുമെല്ലാമായി കൈയിൽ ചുരുട്ടിപ്പിടിക്കുന്ന ഈ തസ്ബീഹ് മാലക്കുമുണ്ട് ഒരുപാട് കഥ പറയാൻ. വാഹനങ്ങളുടെ കണ്ണാടിയിൽ തൂക്കിയിട്ടും വീടിന്റെ പൂമുഖത്തുമായും അറബ് ജീവിതത്തിനൊപ്പം ‘മസ്ബഹ’ എന്ന് വിളിക്കുന്ന ജപമാലകൾ ഇടംപിടിക്കുന്നു.
അറബ് ജീവിതത്തിൽ പണ്ടുകാലം മുതലേയുണ്ട് ഇവക്ക് സ്ഥാനം. ഇസ്ലാമിന്റെ ആദ്യ കാലങ്ങളിൽ വിശ്വാസികൾ ഈത്തപ്പഴക്കുരുകൾ നൂലിൽ കോർത്ത് ഇത്തരം മാലകൾ നിർമിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ മാറിമാറി, ‘മസ്ബഹ’കൾ അറബ് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത അലങ്കാരം കൂടിയായി മാറി.
പ്ലാസ്റ്റിക് മുത്തുകൾ മുതൽ വിലപിടിപ്പുള്ള മരത്തടികളും കല്ലുകളും വരെ മുത്തുകളായി മാറുന്ന മാലകളാണ് ഇവിടത്തെ പ്രധാന ആകർഷണം. പത്ത് റിയാൽ മുതൽ 3000 റിയാൽ വരെ വിലയിൽ മാലകൾ ലഭിക്കുമെന്ന് കേട്ടാൽ നമ്മൾ വാ പൊളിച്ചുപോകും. ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം അനുസരിച്ചാണ് വിലയും മാറുന്നത്.
ചൈനയാണ് ഇവയുടെ പ്രധാന ഇറക്കുമതി കേന്ദ്രം. പിന്നെ, ഇന്ത്യ, സിറിയ, ഇറാൻ, മൊറോക്കോ രാജ്യങ്ങളിൽനിന്നും ഇവയെത്തുന്നു.
ഇറക്കുമതി ചെയ്യുന്ന മുത്തുകളിൽ കരകൗശലപ്പണികൾ കൂടി ആകുന്നതോടെ വിലയും വർധിക്കുമെന്ന് സൂഖിലെ കച്ചവടക്കാരൻ മുസ്തഫ ഇബ്രാഹിമുൽ പറയുന്നു. ഏറ്റവും കൂടുതൽ എത്തുന്നത് ചൈനയിൽനിന്നാണ്. പ്ലാസ്റ്റിക്, കല്ല്, മരം, ആംബർ തുടങ്ങിയവയിലെ മുത്തുകൾ കരകൗശല മിടുക്കുള്ള ജോലിക്കാരാണ് തസ്ബീഹ് മാലകളാക്കി മാറ്റുന്നത്. സൂഖിലെ ഇടുങ്ങിയ കടമുറികളിൽ ഇരുന്നും വീടുകളിൽ നിന്നും കോർത്തുചേർത്താണ് മാലകൾ നിർമിക്കുന്നത്.
സൂഖ് വാഖിഫിലെ കടയിൽനിന്ന്
ജപമാലയും ഫാഷനും
മുസ്ലിംകൾ പ്രാർഥനക്കുള്ള ജപമാലയായാണ് തസ്ബീഹ് മാല വാങ്ങുന്നതെങ്കിൽ, യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർ അണിയാനും ഇവ വാങ്ങുന്നുവെന്ന് സൂഖിലെ ജീവനക്കാരനായ ശ്രീലങ്കക്കാരൻ മുഹമ്മദ് ഇസ്മായിൽ പറയുന്നു. ലോകകപ്പ് വേളകളിലും ശേഷവും നിരവധി തെക്കനമേരിക്കൻ സന്ദർശകരാണ് പലനിറങ്ങളിലുള്ള മാലകൾ വാങ്ങിക്കൊണ്ടുപോയത്. ലോകകപ്പ് വേളയിൽ, കന്തൂറയും ഇഖാലും തലപ്പാവുമെല്ലാം വാങ്ങിയതുപോലെ അറബ് പാരമ്പര്യം എന്ന നിലയിൽ അവർ ഇത് വാങ്ങിക്കൂട്ടിയിരുന്നു.
സൂഖിൽ തസ്ബീഹ് മാലകളുടെ വിൽപന കേന്ദ്രം
നൂതന ഡിസൈനുകൾ
സുന്ദരമായ ചണ്ടുകളും ഒപ്പം സൗദി, ഖത്തർ, കുവൈത്ത്, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെ മുദ്രകളുമുള്ള മാലകളും വിപണിയിൽ പുതു ട്രെൻഡാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർ ഈ മുദ്രകൾകൂടി നോക്കി മാലകൾ തിരഞ്ഞെടുക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
ഖത്തറിന്റെ മുദ്ര പതിച്ച മാലകൾ
പൊന്നും വിലയിലും
നിറത്തിലും ഗുണത്തിലുമുള്ള വൈവിധ്യം പോലെ വിലയിലുമുണ്ട് അന്തരങ്ങൾ. പത്ത് റിയാലിന്റെ പ്ലാസ്റ്റിക് മാലകൾ മുതൽ 900, 3000 റിയാൽ വരെ വിലയുള്ള തസ്ബീഹ് മാലകൾ സൂഖിലെ കടകളിൽ ലഭ്യമാണ്. വാഹനങ്ങളിലും മറ്റും സൂക്ഷിക്കുമ്പോഴും, കൈയിൽ ഉരച്ചാലും സുഗന്ധം പരത്തുന്ന തസ്ബീഹ് മാലകൾക്ക് വലിയ വിലയാണെന്ന് സൂഖ് വാഖിഫിലെ വ്യാപാരിയായ നാദാപുരം സ്വദേശി നിസാർ മായിൻ പറയുന്നു. കഹ്റമാ എന്ന് വിളിക്കുന്ന മാലക്ക് 800 റിയാൽ മുതലാണ് വില.
നിസാർ മായിൻ:
പ്രാർഥന വേളയിൽ ഉപയോഗിക്കുന്നതിനപ്പുറം അറബികളുടെ വേഷത്തിന്റെ ഭാഗം കൂടിയാണ് ‘മസ്ബഹ’. പത്ത് റിയാൽ മുതൽ മുകളിലോട്ട് 800-1000 റിയാൽ വരെ വിലയിൽ ഇവ ലഭിക്കുന്നുണ്ട്. ഇപ്പോൾ പുതിയ ഡിസൈനുകളിലും മസ്ബഹ എന്ന തസ്ബീഹ് മാലകൾ ലഭ്യമാണ്’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

