ഈത്തപ്പഴത്തിന്റെ മധുരമുള്ള നോമ്പുകൾ
text_fieldsഓരോ നോമ്പ് കഴിയുമ്പോഴും നമ്മളില്‍നിന്നും അകന്നു പോകുന്നത് ചെറുപ്പകാലത്തെ നോമ്പിന്റെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇന്നും ഒരു കുഞ്ഞു നോവായി വേട്ടയാടുന്ന ഓർമകളാണ് കുട്ടിക്കാലത്തെ നോമ്പ് ദിനങ്ങൾ. ഓർമകളിൽ ആ നോമ്പുകാലത്തിന് ഈത്തപ്പഴത്തിന്റെ മധുരമാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഉമ്മാന്റെ പിറകെ കുറെ നടന്നു കൊഞ്ചിയാലാണ് നോമ്പ് പിടിക്കാന്‍ സമ്മതിക്കുക. കാരണം വേറൊന്നുമല്ല, നോമ്പുള്ള ദിവസം വെയിലത്ത് ഗ്രൗണ്ടിലൂടേയും വഴികളിലൂടേയുമൊക്കെ ഓടിക്കളിച്ച് വൈകുന്നേരം ക്ഷീണിച്ചായിരിക്കും വീട്ടില്‍ തിരിച്ചെത്തുന്നത്. വീട്ടിലെത്തിയാലാണ് ആ ക്ഷീണം തിരിച്ചറിയുന്നതെന്ന് മാത്രം. പിന്നെ വിശപ്പ് സഹിക്കാന്‍ കഴിയാതെയുള്ള കരച്ചിൽ തുടങ്ങും. നോമ്പ് മുറിക്കട്ടെ എന്ന് ചോദിച്ച് അടുകളയിൽ നോമ്പുതുറക്കുള്ള വിഭവങ്ങളുണ്ടാക്കുന്ന ഉമ്മാന്റെ പിറകെ നടക്കും. ബാങ്കുകൊടുക്കാൻ നേരത്താവും ഈ കരച്ചിൽ എന്നാലും ഉമ്മ പറയും നോമ്പ് മുറിച്ചോ, പക്ഷേ ഇനി നീ നോമ്പ് പിടിക്കണം എന്ന് പറഞ്ഞു വാ അപ്പൊ തരാം ബാക്കിന്ന്. അങ്ങനെ അര നോമ്പുകളും മുക്കാൽ നോമ്പുകളുമായാണ് നോമ്പെടുക്കാൻ തുടങ്ങുന്നത്.
നോമ്പ് പിടിക്കുന്നതിനു പിന്നില്‍ വേറെ ഒരു കാര്യം കൂടിയുണ്ടായിരുന്നു അന്ന്. ഉച്ചക്ക് മറ്റുള്ള കുട്ടികൾ സ്കൂളിൽ ചോറ് കഴിക്കുമ്പോള്‍ നമ്മൾ ഇങ്ങനെ ഗമയിൽ മസിലും പിടിച്ചു നടക്കും, അത് കണ്ടു ചോദിക്കുന്നവരോട് നോമ്പാണെന്ന് പറയാന്‍ തന്നെ ഒരു പ്രത്യേക സുഖമാണ്.
അവധി ദിവസങ്ങളില്‍ നോമ്പ് പിടിച്ച ശേഷം രാവിലെ തന്നെ കളിക്കാന്‍ പോകും. പിന്നെ പറയണോ കുറച്ചു കഴിഞ്ഞു വായില്‍ തുപ്പലിനു പകരം കുറച്ചു പത മാത്രമേ ഉണ്ടാവൂ. അത്താഴത്തിന് കഴിച്ച ചോറും മീൻ കറിയും നേന്ത്രപ്പഴോം എപ്പോഴേ ആവിയായിട്ടുണ്ടാവും. സകല പിടിയും വിട്ടു വീട്ടിലേക്ക് കയറി വരുമ്പോള്‍ ഉമ്മയുടെ വക ചീത്ത പറച്ചിലും പേടിപ്പിക്കലും കാത്തു നില്‍പ്പുണ്ടാവും. എന്നാലും നോമ്പുകാലം അന്ന് രസമുള്ള കാലമായിരുന്നു.
നോമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞ് മദ്റസ തുറന്നാൽ ഉസ്താദ് ചോദിക്കും ആരാ കൂടുതൽ നോമ്പെടുത്തത്?.. എത്ര നോമ്പെടുത്തു എന്നൊക്കെ?..അന്ന് എല്ലാവരുടെ മുന്നിലും എഴുന്നേറ്റ് നിന്ന് ഞാൻ മുപ്പതും എടുത്തു ഉസ്താദേ എന്ന് പറയുന്നതും വലിയ ഗമയായിരുന്നു. കുറെ കഷ്ടപ്പാടും ദാരിദ്ര്യവും ഉണ്ടായിരുന്നെങ്കിലും നോമ്പിന്റെ മൂല്യത്തെ പഠിച്ചതും അറിഞ്ഞതും കുട്ടിക്കാലത്താണ്. അന്ന് റമദാൻ ആഘോഷമായിരുന്നു. നോമ്പും നിസ്കാരങ്ങളും ദാനധർമങ്ങളും നിർവഹിച്ചും ഖുർആൻ പഠിച്ചും ഓതിയും ഹദീസുകൾ വായിച്ചും പഠിച്ചും കേട്ടും, അയൽപക്ക കുടുംബ ബന്ധങ്ങൾ നന്നാക്കിയും റമദാൻ ആഘോഷമാക്കുന്നവരായിരുന്നു ചുറ്റുമുള്ളവർ. ഇന്നും ഓർക്കുമ്പോൾ മനസ്സിൽ കുളിരണിയിക്കുന്ന നല്ല കാലം.
ഇബ്രാഹിം ഒറ്റപ്പാലം,
കൺവീനർ, ഇന്ത്യൻ സോഷ്യൽ ക്ലബ്
മലബാർവിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

