സുക്കോളച്ചന് ഇനി ദൈവദാസന്
text_fieldsദൈവദാസനായി പ്രഖ്യാപിക്കുന്നതിനുമുമ്പ് സുക്കോളച്ചന്റെ കബറിടത്തിൽ നടന്ന പ്രാർഥന
തളിപ്പറമ്പ് (കണ്ണൂർ): കാരുണ്യവുമായി കടല്‍കടന്നെത്തി മലബാറിന്റെ മഹാമിഷനറിയായി മാറിയ സുക്കോളച്ചന് ഇനി ദൈവദാസന്. അച്ചന്റെ പ്രവര്‍ത്തനകേന്ദ്രവും നിത്യവിശ്രമം കൊള്ളുന്നതുമായ മരിയപുരം ദേവാലയത്തില്‍ തടിച്ചുകൂടിയ വിശ്വാസ സമൂഹത്തെ സാക്ഷിനിര്‍ത്തി സുക്കോളച്ചനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി വത്തിക്കാന്‍ ഡിക്രി പ്രഖ്യാപനം നടത്തി.
സുക്കോളച്ചന്റെ ഒമ്പതാം ചരമ വാര്‍ഷികമായ വെള്ളിയാഴ്ച കബറിടത്തിലെ പ്രാര്ഥനാഞ്ജലിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മാർ ജോസഫ് തോമസ് നേതൃത്വം നൽകി. സുക്കോളച്ചന്റെ സ്വർണോലിക്ക ഇടവകയുടെ പ്രതിനിധി ലൂക്ക കബറിടത്തിൽ ദീപം തെളിച്ചു. തുടര്‍ന്നുനടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് സുക്കോളച്ചന്റെ ജന്മനാടായ തെന്ത്രോ അതിരൂപത ആര്‍ച് ബിഷപ് ഡോ. ലൂയിജി ബ്രെസാര് പ്രധാന കാർമികത്വം വഹിച്ചു. ആർച് ബിഷപ് എമിരിറ്റസ്, കോഴിക്കോട് രൂപത മെത്രാന് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തലശ്ശേരി അതിരൂപത മെത്രാൻ മാർ. ജോസഫ് പാംപ്ലാനി തുടങ്ങിയവർ സംബന്ധിച്ചു.
കണ്ണൂര്‍ രൂപത മെത്രാന് ഡോ. അലക്സ് വടക്കുംതലയാണ് സുക്കോളച്ചനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി വത്തിക്കാനില്‍നിന്നുള്ള ഡിക്രി പ്രഖ്യാപിച്ചത്. തുടര്‍ന്ന് പൊതുസമ്മേളനവും സ്നേഹവിരുന്നും നടത്തി. സുക്കോളച്ചന്റെ സ്നേഹ സേവനഫലമനുഭവിച്ച ആയിരങ്ങള്‍ സാക്ഷികളാകാനെത്തി. ആറരപ്പതിറ്റാണ്ടുകാലം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള ആത്മസമര്‍പ്പണത്തോടുകൂടിയ സുക്കോളച്ചന്റെ ജീവിതത്തിന് തിരുസഭ നല്കിയ അംഗീകാരമായി മാറുകയായിരുന്നു വിശുദ്ധ പദവിയിലേക്കുള്ള ചവിട്ടുപടിയായ ദൈവദാസ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

