അബൂദബി ഹിന്ദു ക്ഷേത്ര ഉദ്ഘാടനത്തിനെത്തിയ സ്വാമി മഹാരാജിന് വൻ വരവേൽപ്പ്
text_fieldsഅബൂദബി: ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയ ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജിന് അബൂദബിയിൽ വൻ വരവേൽപ്പ്. രാഷ്ട്രത്തിന്റെ അതിഥിയായാണ് സ്വാമി മഹാരാജ് അബൂദബിയിൽ എത്തിയത്. യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന് മുബാറക്ക് ആല് നഹ്യാന് അബൂദബി വിമാനത്താവളത്തിൽ സ്വാമി മഹാരാജിനെ സ്വീകരിച്ചു.
'യു.എ.ഇയിലേക്ക് സ്വാഗതം. താങ്കളുടെ സാന്നിധ്യത്താൽ ഞങ്ങളുടെ രാഷ്ട്രം അനുഗ്രഹീതമാണ്. നിങ്ങളുടെ ദയ ഞങ്ങളെ സ്പർശിക്കുന്നു, നിങ്ങളുടെ പ്രാർഥന ഞങ്ങൾ അനുഭവിക്കുന്നു'-യു.എ.ഇ മന്ത്രി വ്യക്തമാക്കി. 'നിങ്ങളുടെ സ്നേഹവും ആദരവും ഞങ്ങളെ സ്പർശിക്കുന്നു. യു.എ.ഇയിലെ നേതാക്കൾ മികച്ചവരും നല്ലവരും വിശാല ഹൃദയരുമാണ്' -സ്വാമി മഹാരാജ് മറുപടി നൽകി.
ഫെബ്രുവരി 14നാണ് യു.എ.ഇയിലെ ആദ്യത്തെ പരമ്പരാഗത രീതിയിലുള്ള ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനചടങ്ങ് ഭരണ, ആത്മീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് അരങ്ങേറുന്നത്. രാവിലെ മുതൽ ആരംഭിക്കുന്ന ചടങ്ങിൽ പൂജ ചടങ്ങുകളോടെ ഏഴ് ആരാധന മൂർത്തികളെ പ്രതിഷ്ഠിക്കും. വൈകുന്നേരത്തെ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിന്റെ സമർപ്പണചടങ്ങ് നടക്കുക.
അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള പ്രധാന പാതക്ക് സമീപത്തായി അബൂ മുരീഖ പ്രദേശത്താണ് ക്ഷേത്രം ഉയരുന്നത്. ഇന്ത്യയിൽ നിന്നെത്തിച്ച വെളുത്തതും കാവി നിറത്തിലുള്ളതുമായ മാർബിളുകളാണ് നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ വിദഗ്ധരായ കരകൗശല തൊഴിലാളികളുടെ നേതൃത്വത്തിലാണ് കൊത്തുപണികൾ ചെയ്തത്. ഉദ്ഘടനത്തിനു ശേഷം ഫെബ്രുവരി 18 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.
1997 ഏപ്രിലില്‍ യു.എ.ഇ സന്ദര്‍ശിച്ച സ്വാമി മഹാരാജ് ആണ് അബൂദബിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. 2015 ആഗസ്തിലാണ് യു.എ.ഇ സര്‍ക്കാര്‍ അബൂദബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത്. യു.എ.ഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അന്നത്തെ അബൂദബി കിരീടാവകാശിയും ഇപ്പോഴത്തെ പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ഭൂമി കൈമാറിയത്.
2018ല്‍ ബാപ്സ് പ്രതിനിധികള്‍ പ്രധാനമന്ത്രി മോദിക്കൊപ്പം ശൈഖ് മുഹമ്മദിനെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തി കാണുകയും ക്ഷേത്രത്തിന്റെ രണ്ടു പ്ലാനുകള്‍ കാണിക്കുകയും ചെയ്തു. ഇതിൽ നിന്ന് ഏറ്റവും മികച്ച ശിലാക്ഷേത്ര നിര്‍മിതി മാതൃകയാണ് ശൈഖ് മുഹമ്മദ് തിരഞ്ഞെടുത്തത്. 13.5 ഏക്കര്‍ ഭൂമിയാണ് ക്ഷേത്ര നിര്‍മാണത്തിന് കൈമാറിയത്. പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്താന്‍ 13.5 ഏക്കര്‍ കൂടി പിന്നീട് അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

