തിരുവാഭരണ ഘോഷയാത്രക്ക് ഭക്തിനിർഭര വരവേൽപ്പ്
text_fieldsതിരുവാഭരണ ഘോഷയാത്ര സംഘം പന്തളത്ത് തിരിച്ചെത്തിയപ്പോൾ
പന്തളം: ശബരിമലയിൽനിന്ന് മടങ്ങിയെത്തിയ തിരുവാഭരണ ഘോഷയാത്രയ്ക്ക് പന്തളത്ത് ഭക്തിനിർഭര വരവേൽപ്പ്. ഘോഷയാത്ര സംഘത്തിന് വിവിധ സംഘടനകളും ഭക്തരും ചേർന്ന് സ്വീകരണം നൽകി.
വെള്ളിയാഴ്ച പുലർച്ചെയാണ് ഘോഷയാത്ര സംഘം ആറന്മുളയിൽനിന്ന് പന്തളത്തേക്ക് തിരിച്ചത്. രാജപ്രതിനിധി പി.എൻ. നാരായണ വർമയുടെ നേതൃത്വത്തിൽ ജനുവരി 12ന് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ആഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് തിരിച്ച ഘോഷയാത്ര സംഘമാണ് പരമ്പരാഗത പാതയിലൂടെത്തന്നെ തിരുവാഭരണങ്ങളുമായി പന്തളത്ത് മടങ്ങിയെത്തിയത്. മരുതുവനയിൽ ശിവൻകുട്ടിയായിരുന്നു സംഘത്തിലെ ഗുരുസ്വാമി.
വെള്ളിയാഴ്ച പുലർച്ചെ നാലോടെ ആറന്മുളയിൽനിന്ന് പന്തളത്തേക്കു തിരിച്ച ഘോഷയാത്രയ്ക്ക് കിടങ്ങന്നൂർ വിജയാനന്ദാശ്രമം, കിടങ്ങന്നൂർ, കാവുംപടി, കുറിയാനപ്പള്ളി ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും ഉള്ളന്നൂർ കുളക്കരയിൽ ശ്രീപാർഥസാരഥി സേവാസമാജം, കമ്പനിപ്പടിയിൽ അയ്യപ്പ സേവാസമാജം, പൈവഴി കവലയിൽ ഉള്ളന്നൂർ ശ്രീഭദ്ര ക്ഷേത്ര ഉപദേശകസമിതി, ഓട്ടോ തൊഴിലാളികൾ, പാറ കവലയിൽ ഹിന്ദു ഐക്യവേദി, പുതുവാക്കൽ ഗ്രാമീണ വായനശാല, ഗുരുമന്ദിരം, കുളനട ഗ്രാമപഞ്ചായത്ത്, കുളനട ഭഗവതിക്ഷേത്രം, ഗുരുനാഥൻ മുകടി അയ്യപ്പ ഗുരുക്ഷേത്രം, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി, ദേവസ്വം ബോർഡ്, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി, പന്തളം നഗരസഭ, അയ്യപ്പസേവാസംഘം 344ാം നമ്പർ ശാഖ, ശബരിമല അയ്യപ്പസേവാസമാജം, യോഗക്ഷേമസഭ, അയ്യപ്പനഗർ റസിഡന്‍റ്സ് അസോസിയേഷൻ, മുട്ടാർ അയ്യപ്പക്ഷേത്രം, പാലസ് വെൽഫെയർ സൊസൈറ്റി, ക്ഷത്രിയക്ഷേമ സഭ, കൊട്ടാരം നിർവാഹകസംഘം തുടങ്ങിയവർ സ്വീകണം നൽകി.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ എത്തിച്ച തിരുവാഭരണങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽനിന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ. ശങ്കർ വർമ, സെക്രട്ടറി എം.ആർ. സുരേഷ് വർമ, ട്രഷറർ ദീപ വർമ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇനി അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ദർശനത്തിനു തുറന്നുവെയ്ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

