തിരുവാഭരണ മടക്കഘോഷയാത്ര ആരംഭിച്ചു
text_fieldsതിരുവാഭരണ മടക്ക ഘോഷയാത്ര സന്നിധാനത്തുനിന്ന് പുറപ്പെട്ടപ്പോൾ
ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനം സമാപിച്ചതിന് പിന്നാലെ തിരുവാഭരണ മടക്കഘോഷയാത്ര തുടങ്ങി. ഗണപതി ഹോമത്തിന് ശേഷം രാവിലെ 6.15നാണ് പതിനെട്ടാം പടിയിറങ്ങി പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിൽനിന്ന് പുറപ്പെട്ടത്. വന്ന പാതയിലൂടെയാണ് 30 അംഗ സംഘത്തിന്റെ മടക്കം. വെള്ളിയാഴ്ച പന്തളം കൊട്ടാരത്തിലെത്തും. ആദ്യ പെട്ടിയിലാണ് പതിനെട്ടാംപടി കയറി ഭഗവാനെ ചാര്‍ത്തുന്ന തിരുവാഭരണം. തിരുമുഖം, പ്രഭ, ചുരിക, വാള്, പുഷ്കല, പൂര്ണരൂപങ്ങള്, ആന, കടുവ, പുലി രൂപങ്ങള്‍, വലംപിരി ശംഖ് തുടങ്ങിയവയുണ്ട്.
രണ്ട് പെട്ടികള്‍ മാളികപ്പുറത്തേക്കാണ് കൊണ്ടുപോയത്. പന്തളം രാജപ്രതിനിധി കളഭാഭിഷേകത്തിന് നല്കിയ സ്വര്‍ണക്കുടം ഉള്‍പ്പെടെ രണ്ടാം പെട്ടിയിലാണ്. ഈ പെട്ടിയും പതിനെട്ടാംപടിയിലൂടെയാണ് താഴെ എത്തിച്ചത്. തലപ്പാറമല, ഉടുമ്പാറമലയുടെ കൊടികള്‍, അയ്യപ്പന്റെ തിടമ്പ്, നെറ്റിപ്പട്ടം തുടങ്ങിയവ മൂന്നാം പെട്ടിയിലും. വിളക്കെഴുന്നള്ളിപ്പിന് ഇവയാണ് ഉപയോഗിച്ചത്. കൊല്ലമുഴി-നിലക്കല്‍ വഴിയുള്ള മടക്കയാത്രയില്‍ ളാഹ വനം വകുപ്പ് ഓഫിസിന് സമീപമുള്ള സത്രത്തില്‍ വിശ്രമിക്കും. ബുധനാഴ്ച പെരുന്നാട് കക്കാട് കോയിക്കല്‍ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദര്‍ശനമുണ്ട്. വ്യാഴാഴ്ച ആറന്മുള കൊട്ടാരത്തില്‍ വിശ്രമം. ഇവിടെ തിരുവാഭരണം ദര്‍ശിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിക്കും.
ശബരീ ശുചിത്വം
പത്തനംതിട്ട: കാനനപാതകളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാൻ യൂത്ത് കോൺഗ്രസും ശബരീസേവാ ട്രസ്റ്റും സംയുക്തമായി ‘ശബരീ ശുചിത്വം’ എന്ന പേരിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തർ സഞ്ചരിക്കുന്ന കാനനപാതകളിൽ പ്ലാസ്റ്റിക് മാലിന്യം വലിയ തോതിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. മനു തയ്യിൽ അധ്യക്ഷത വഹിച്ചു. ഷെമീർ തടത്തിൽ, എം.സി. ആരിഫ്, കാർത്തിക് മുരിങ്ങമംഗലം, വി. രാജീവ്, അജ്മൽ അലി, നിഷാൽ വലംഞ്ചുഴി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

