കടകളിൽ പരിശോധന; 98000 രൂപ പിഴ ഈടാക്കി
text_fieldsസന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ശബരിമല ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ
നേതൃത്വത്തിൽ പരിശോധന നടത്തുന്നു
ശബരിമല: സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശബരിമല ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ 98,000 രൂപ പിഴ ഈടാക്കി. ഡിസംബര്‍ 12ന് ഡ്യൂട്ടി മജിസ്‌ട്രേറ്റായി ചുമതലയേറ്റ വി. ജയമോഹന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 20 വരെ നടത്തിയ പരിശോധനയിലാണ് ഈ തുക പിഴയായി ഈടാക്കിയത്.
സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും തീര്‍ഥാടകരോടുള്ള ചൂഷണവും അമിത വില ഈടാക്കലും തടയുന്നതിനുമാണ് സ്‌ക്വാഡ്, സാനിറ്റേഷന്‍ ടീമുകൾ. ലീഗല്‍ മെട്രോളജി, പഞ്ചായത്ത്, റവന്യൂ, സിവില്‍ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. ഉരല്‍ക്കുഴി മുതല്‍ സന്നിധാനം വരെ പ്രദേശമാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റിനു കീഴിലുള്ളത്.
അമിതവില ഈടാക്കല്‍, വൃത്തിഹീനമായ സാഹചര്യം, അളവിലെ ക്രമക്കേട്, പരിസര ശുചിത്വമില്ലായ്മ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വില്‍പന തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്. ഹോട്ടലുകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നു സ്ക്വാഡ് പരിശോധിച്ചു.
ഹോട്ടലുകളില്‍ തണുത്ത വെള്ളം നല്‍കരുതെന്നും ചൂടുവെള്ളം മാത്രം നല്‍കണമെന്നും സ്‌ക്വാഡ് നിര്‍ദേശിച്ചു. ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം കലര്‍ത്തി നല്‍കരുതെന്നും നിര്‍ദേശം നല്‍കി. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ തൊഴിലാളികളുടെ കൈകള്‍ വൃത്തിയായി സൂക്ഷിക്കണം. തലയില്‍ നെറ്റ് ധരിക്കണം.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിച്ചിട്ടുള്ള വിശുദ്ധി സേനയുടെ പ്രവര്‍ത്തനവും പരിശോധിക്കുന്നുണ്ട്. 14 സെഗ്മെന്റുകളായി തിരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഓരോ സെഗ്മെന്റിലും 30 വിശുദ്ധി സേനാംഗങ്ങള്‍ ഉണ്ടാകും. ആകെ ആയിരത്തിലധികം വിശുദ്ധി സേനാംഗങ്ങളാണുള്ളത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രത്യേക പരിശോധനയുമുണ്ട്.
സ്വാമിമാര്‍ ആഴിയില്‍ നിക്ഷേപിക്കേണ്ട നെയ് തേങ്ങ ദേവസ്വം ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാങ്ങി കൊപ്രാക്കളത്തില്‍ കച്ചവടം നടത്തിയവരുടെ തിരിച്ചറിയൽ കാര്‍ഡ് റദ്ദാക്കാന്‍ ദേവസ്വം വിജിലന്‍സിന് നിര്‍ദേശം നല്‍കി. അനധികൃത ലോട്ടറി വില്‍പ്പനക്കെതിരെയും നടപടി സ്വീകരിച്ചു.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി. ഷിബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

