ശബരിമലയിൽ ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ; മുൻ തീരുമാനം മാറ്റി ദേവസ്വം ബോർഡ്
text_fieldsതിരുവനന്തപുരം: ശബരിമലയിൽ ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പാൻ തീരുമാനം. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം കമീഷണറെയും യോഗം ചുമതലപ്പെടുത്തി.
ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവിലുള്ള ടെൻഡറിനുള്ളിൽ തന്നെ സാധനങ്ങൾ വാങ്ങുന്നതിനാൽ നിയമപ്രശ്നമില്ലെന്നും ഒമ്പത് കോടി രൂപ അന്നദാന ഫണ്ടിലുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചക്കകം നടപ്പാക്കാനാണ് ശ്രമം.
ഡിസംബർ രണ്ട് മുതൽ കേരള സദ്യ നൽകാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച യോഗം ചേർന്ന് അന്തിമ തീരുമാനം എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

