സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രം; ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി
text_fieldsശബരിമല: സന്നിധാനത്തെ വൻ തിരക്ക് കണക്കിലെടുത്ത് പ്രതിദിന സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമായി നിജപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനം. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.
ക്യൂ കോംപ്ലക്സിലെത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.
പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നിൽക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കാൻ തടസ്സം നേരിടുന്നുണ്ടെങ്കിൽ എത്തിച്ചു നൽകുമെന്നും ബോർഡ് അറിയിച്ചു.
സന്നിധാനത്ത് പേടിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്ന് എ.ഡി.ജി.പി
ശബരിമല: സന്നിധാനത്ത് ആവശ്യത്തിന് പൊലീസുകാരുണ്ടെന്നും പേടിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും എ.ഡി.ജി.പി എസ്. ശ്രീജിത്ത്. സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം കൂടിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വന്നവരെ പറഞ്ഞുവിടാൻ പറ്റാത്തതുകൊണ്ട് സ്പോട്ട് ബുക്കിങ് കൊടുക്കുകയാണ്. മടക്കി അയക്കുന്നത് അവർക്കും ഞങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും.
കഴിഞ്ഞ വർഷം മണ്ഡലകാലത്തിന്‍റെ ആദ്യദിനം വൈകീട്ട് 29,000 പേരാണ് എത്തിയതെങ്കിൽ ഇത്തവണ 55,000 പേരാണ് വന്നത്. ഇതിന്റെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഒരു ദിവസത്തേക്ക് വെർച്വൽ ക്യൂ പാസ് എടുത്ത ഭക്തർ മറ്റൊരു ദിവസമാണ് വരുന്നത്. ഡിസംബർ അഞ്ചിന് ബുക്ക് ചെയ്തിട്ട് ചൊവ്വാഴ്ച വരുന്നവരുണ്ട്.
ക്യൂ നിൽക്കാതെ പലരും എത്തുന്നുമുണ്ട്. ഭക്തരെ ബലം പ്രയോഗിച്ച് നിയന്ത്രിക്കാനും കഴിഞ്ഞില്ല. ഇനി ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

