പഠിച്ചതും ജോലിക്ക് കയറിയതും ഒരുമിച്ച്, സന്നിധാനത്തും ഇവർ നന്മയുള്ള അയൽക്കാർ
text_fieldsസന്നിധാനത്ത് തമിഴ്നാട്ടിൽനിന്നുള്ള ഭിന്നശേഷിക്കാരനായ അയ്യപ്പ ഭക്തനെ ദർശനം നടത്തി തിരിച്ച് കൊണ്ടുപോകുന്ന സിവിൽ പൊലീസ് ഓഫിസർമാരായ വിനീതും കൈലാസും
കൊല്ലങ്കോട്: സന്നിധാനത്ത് അയൽവാസികളായ പൊലീസുകാർക്ക് ഇത് ധന്യനിമിഷം. നെമാറ പൊലീസ് സ്റ്റേഷനിലെ സി. വിനീത്, മംഗലംഡാം സ്റ്റേഷനിലെ എം. കൈലാസ് എന്നിവർക്ക് നിലവിൽ ശബരിമല സന്നിധാനത്താണ് ജോലി. സിവിൽ പൊലീസ് ഓഫിസർമാരായ ഇരുവരും പല്ലശ്ശന തോട്ടിൻകുളമ്പ് സ്വദേശികളും അയൽവാസികളുമാണ്.
ഡിസംബർ ഏഴിന് ശബരിമലയിൽ ഡ്യൂട്ടിയാരംഭിച്ച ഇവർ നിരവധി ഭിന്നശേഷിക്കാരായ അയ്യപ്പഭക്തരെയാണ് ശബരിമല ശാസ്താവിനെ ദർശനം കാണിച്ച് തിരിച്ചിറക്കിയത്. ഇത്തരത്തിൽ ഭക്തനെ ഇരുവരും ചേർന്ന് എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സഹപ്രവർത്തകർ മൊബൈലിൽ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
2009 നവംബറിലാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. ഒരുമിച്ച് പഠിച്ച ഇരുവരും ജോലിക്കായുള്ള പരിശീലനവും ഒപ്പമായിരുന്നു. തുടർന്ന് ജോലിയിലും ഒരുമിച്ച് കയറി. ഒരുമിച്ച് ശബരിമലയിലെ സേവന ഡ്യൂട്ടിയിലെത്തിയത് നിമിത്തമാണെന്ന് കൈലാസ് പറഞ്ഞു.