മകരവിളക്ക് ഇന്ന്: മകരജ്യോതി കാണാവുന്നിടത്തെല്ലാം ഇടംപിടിച്ച് ഭക്തർ
text_fieldsശബരിമല പാണ്ടി താവളത്തിന് സമീപം മകരവിളക്കിന് മുന്നോടിയായി ക്യാമ്പ് ചെയ്ത ഭക്ത ജനങ്ങൾ ചിത്രം: ബൈജു കൊടുവള്ളി
ശബരിമല: ഭക്തസഹസ്രങ്ങളുടെ കാത്തിരിപ്പിനിടെ ശബരിമലയിൽ മകരവിളക്ക് ദർശനവും മകരസംക്രമ പൂജയും ബുധനാഴ്ച നടക്കും. പന്തളം കൊട്ടാരത്തിൽനിന്ന് എത്തിക്കുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40നാണ് ദീപാരാധന. പിന്നാലെ ഭക്തരുടെ മനംനിറച്ച് ജ്യോതി ദർശനം. അയ്യപ്പൻമാർ നിറഞ്ഞതോടെ ഭക്തിപ്രഭയിലാണ് സന്നിധാനം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളിലെല്ലാം ഭക്തർ ഇടംപിടിച്ചുകഴിഞ്ഞു.
പാണ്ടിത്താവളം, കൊപ്രാക്കളം, അന്നദാന മണ്ഡപം, ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ, ജലസംഭരണി എന്നിവിടങ്ങളിലാണ് ജ്യോതി കാണാൻ തീർഥാടകർ പർണശാലകൾ കെട്ടിയിട്ടുള്ളത്. ബുധനാഴ്ച വൈകിട്ട് 3.08ന് സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് മകര സംക്രമപൂജ. 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമികരാകും.
തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽനിന്ന് എത്തിക്കുന്ന നെയ്യാണ് സംക്രമ പൂജയിൽ അഭിഷേകം ചെയ്യുന്നത്. വൈകിട്ട് 6.40നാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. ഇതിന് മുന്നോടിയായി തിരുവാഭരണ വാഹകസംഘം 6.15ന് പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗങ്ങളായ പി.ഡി.സന്തോഷ് കുമാർ, കെ.രാജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് സോപാനത്തെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട് മകരവിളക്ക് പ്രഭയിലാകും.
പുല്ലുമേട് അടക്കം മകരജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ലക്ഷം തീർഥാടകരെയാണ് പുല്ലുമേട്ടിൽ പ്രതീക്ഷിക്കുന്നത്. തീർഥാടകർക്കും വാഹനങ്ങൾക്കും ബുധനാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ-നിലയ്ക്കൽ പാതയിൽ രാവിലെ 10 വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കൂ. രാവിലെ 11 മുതൽ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടില്ല. ബുധനാഴ്ച വെർച്വൽ ക്യൂവഴി 30,000 ഭക്തർക്കും സ്പോട് ബുക്കിങ് വഴി 5000 പേർക്കും മാത്രമാണ് പ്രവേശനം. സുരക്ഷാ ക്രമീകരണങ്ങൾക്കായി 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. തീർഥാടകരുടെ മടക്കയാത്രക്കായി 1000 ബസുകൾ കെ.എസ്.ആർ.ടി. സിയും ക്രമീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

