മകരവിളക്കിന് ശബരിമല ഒരുങ്ങുന്നു
text_fieldsമകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധർമശാസ്ത ക്ഷേത്രത്തിലെ പടിക്കെട്ടുകൾ ശുചീകരിക്കുന്നു
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയും പരിസരവും ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി വിവിധ വകുപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചീകരണം പുരോഗമിക്കുന്നു. പൊലീസ്, എക്‌സൈസ്, ദേവസ്വം, വിശുദ്ധി സേന എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം. സ്വാമി അയ്യപ്പൻ റോഡിന്‍റെ ഇരുവശവും നീലിമല കവാടം മുതൽ ശബരിപീഠംവരെയും പമ്പ പരിസരവും ശബരിപീഠം മുതൽ സന്നിധാനംവരെയുള്ള പ്രദേശങ്ങളുമാണ് ശുചീകരിച്ചത്. ഞായറാഴ്ച ആരംഭിച്ച ശുചീകരണം തിങ്കളാഴ്ചയും നടന്നു.
സന്നിധാനത്തെ ആഴി ശുചീകരിച്ചു
മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ ആഴി ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ശുചീകരിച്ചു. തീർഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിച്ചതിനുശേഷം ബാക്കിയുള്ള നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കും. മകരവിളക്ക് മഹോത്സവത്തിന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നട വീണ്ടും തുറന്നശേഷം ആഴിയിൽ അഗ്നിതെളിക്കും.
വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെ.എസ്.ഇ.ബി
മകരവിളക്ക് തീർഥാടനത്തിനോടനുബന്ധിച്ച് സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെ.എസ്.ഇ.ബി. പമ്പ, സന്നിധാനം, നിലക്കൽ എന്നിവിടങ്ങളിലെ വൈദ്യുതി-വിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണിയും തിങ്കളാഴ്ച പൂർത്തിയാക്കി. മകരവിളക്കിനായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പ, സന്നിധാനം പരിസരങ്ങളിൽ 4500 എൽ.ഇ.ഡി ലൈറ്റുകളും നിലക്കലിൽ 5000 എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഭക്തർ കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്. റാന്നി, പെരുനാട്, കാക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ കൂടാതെ ഒരു അസി. എൻജിനീയറുടെ നേതൃത്വത്തിൽ 25 ജീവനക്കാരെയും വിവിധ പ്രവൃത്തികൾക്കായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകളും തുടരുകയാണ്.
ആയുർവേദ ചികിത്സ തേടിയത് ഒരുലക്ഷത്തോളം പേർ
മണ്ഡലകാലത്ത് സന്നിധാനം, പമ്പ, എരുമേലി, പത്തനംതിട്ട ഇടത്താവളം, കടപ്പാറ്റൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തോളം പേർ ചികിത്സ തേടിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ.ജെ. മിനി വ്യക്തമാക്കി.
മണ്ഡലകാലത്ത് അയ്യപ്പഭക്തർ എത്തുന്ന സ്ഥലങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങൾക്ക് 1.10 കോടിയുടെ മരുന്നുകൾ വിതരണം ചെയ്തു. മണ്ഡലകാലത്ത് ശബരിമലയിലെ പ്രധാന കേന്ദ്രമായ സന്നിധാനത്തെ സർക്കാർ ആയുർവേദ ആശുപത്രിയിൽ നാല്പത്തയ്യായിരത്തോളം ഭക്തജനങ്ങളും പമ്പയിലെ സർക്കാർ ആയുർവേദ കേന്ദ്രത്തിൽ 15,000 പേരുമാണ് ചികിത്സ തേടിയത്. പേശിവലിവ്, പനി, ചുമ, കഫകെട്ട് തുടങ്ങിയ പ്രശ്നങ്ങളുമായാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

