ശബരിമലയിലെ നെയ്യ് വിതരണം; രണ്ടുമാസത്തിനിടെ 35 ലക്ഷത്തിന്റെ ക്രമക്കേട്, പ്രത്യേക വിജിലൻസ് സംഘം അന്വേഷിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമല സന്നിധാനത്ത് അഭിഷേകംചെയ്ത നെയ്യ് (ആടിയ ശിഷ്ടം നെയ്യ്) വിതരണത്തിലുണ്ടായ ക്രമക്കേട് പ്രത്യേക വിജിലൻസ് സംഘം അന്വേഷിക്കണമെന്ന് ഹൈകോടതി.
നെയ്യ് വിതരണത്തിൽ വൻ ക്രമക്കേടുണ്ടായെന്നും രണ്ടുമാസത്തിനിടെ മാത്രം 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ചെറിയ കാലയളവിലെ വലിയ തട്ടിപ്പ് ഞെട്ടിക്കുന്നതാണെന്നും ദേവസ്വം ബോർഡിലെ ചില ജീവനക്കാർക്ക് ജോലിയേക്കാൾ താൽപര്യം പണം അപഹരിക്കാനാണെന്നും കോടതി നിരീക്ഷിച്ചു.
ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസറുടെ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷൽ കമീഷണർ ഫയൽചെയ്ത റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ എടുത്ത ഹരജിയാണ് കോടതി പരിഗണിച്ചത്. മണ്ഡല മകരവിളക്കിനായി നട തുറന്ന നവംബർ 17 മുതൽ ഡിസംബർ 26 വരെയും ഡിസംബർ 27 മുതൽ ജനുവരി രണ്ടുവരെയുമുള്ള കാലയളവിലാണ് 35 ലക്ഷം രൂപയുടെ ക്രമക്കേട് കോടതി കണ്ടെത്തിയത്. നെയ്യ് വാങ്ങിയവർക്ക് രസീത് നൽകാതെ 68,200 രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സുനിൽകുമാർ പോറ്റിയെന്ന ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് അറിയിച്ചു.
10 മി.ലിറ്റിന്റെ ഒരു പാക്കറ്റ് നെയ്യിന് 100 രൂപയാണ് വില. നവംബർ 17 മുതൽ ഡിസംബർ 26 വരെ 3.52 ലക്ഷം പാക്കറ്റുകൾ തയാറാക്കി. ഇതിൽ മരാമത്ത് കെട്ടിടത്തിലെ കൗണ്ടർ വഴി വിറ്റ 13,679 പാക്കറ്റിന്റെ വിലയായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടിൽ അടച്ചിട്ടില്ല. നവംബർ 17 മുതൽ ഡിസംബർ 26 വരെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്താമെന്ന് കോടതി പറഞ്ഞു.
ജനുവരി രണ്ടിന് പുതിയ ടെമ്പിൾ ഓഫിസർ ചുമതലയേൽക്കുമ്പോൾ 5985 പാക്കറ്റ് നെയ്യാണ് വിൽപനക്കുണ്ടായിരുന്നത് -22,565 പാക്കറ്റിന്റെ കുറവ്. 22,65,500 രൂപയാണ് ഇത് വിറ്റാൽ കിട്ടേണ്ട തുക. പ്രഥമദൃഷ്ട്യാ ക്രിമിനൽ ധനാപഹരണം, വ്യാജരേഖ ചമക്കൽ തുടങ്ങി ബി.എൻ.എസിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ ബാധകമായ കുറ്റകൃത്യങ്ങളാണ് നടന്നത്. ഉന്നതരുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ല. ചെറിയ കാലയളവിൽ ഇതാണ് അവസ്ഥയെങ്കിൽ വലിയ കാലയളവിൽ സംഭവിക്കാവുന്ന ക്രമക്കേടിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ല. സോഫ്റ്റ്വെയർ അധിഷ്ഠിത അക്കൗണ്ടിങ് സംവിധാനമാണ് ഇതിന് പരിഹാരം. എന്നാൽ, ബോർഡിലെ ഉന്നതർക്ക് താൽപര്യമില്ലാത്തതിനാലാണ് ഈ സംവിധാനം നടപ്പാക്കാൻ വീഴ്ചവരുത്തുന്നതെന്ന് വേണം കരുതാനെന്നും കോടതി പറഞ്ഞു.
പ്രത്യേക വിജിലൻസ് സംഘത്തിന്റെ അന്വേഷണം കോടതിയുടെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തിന് സർക്കാറിന്റെ മുൻകൂർ അനുമതി തേടേണ്ടതില്ലെന്ന് വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി. കോടതിയെ മാത്രം വിവരങ്ങൾ അറിയിച്ചാൽ മതി.
അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരുമാസത്തിനകം നൽകണം. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനുമുമ്പ് കോടതിയുടെ അനുമതി തേടണമെന്നും ഉത്തരവിൽ പറയുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചതും ഇതേ ബെഞ്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

