സങ്കടം പൊലീസ് കണ്ടു; സന്തോഷക്കണ്ണീരിൽ ശബരിമല ദർശനം
text_fieldsഗിരിജ മുരളിയും സംഘവും സന്നിധാനത്ത് ദര്‍ശനം നടത്തിയപ്പോൾ
ശബരിമല: 12 മണിക്കൂർ നീണ്ട കാത്തിരിപ്പിനുശേഷം അയ്യനെ കാണാതെ മലയിറങ്ങിയവരുടെ കണ്ണീർതുടച്ച് പൊലീസ്. കനത്ത തിരക്കിനെത്തുടർന്ന് പാതിവഴിയിൽ ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് പൊലീസ് സഹായത്തോടെ വീണ്ടും മലകയറി അയ്യപ്പനെ കണ്ടത്.
വെർച്വൽ ക്യൂ പാസുണ്ടായിട്ടും തിരക്കിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായതോടെയാണ് മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം മടങ്ങിയത്. ചൊവ്വാഴ്ച ഉച്ചക്ക് പമ്പയിലെത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. ഭക്തജനത്തിരക്കും ആരോഗ്യപരമായ കാരണങ്ങളാലും ഗിരിജ ഉള്‍പ്പെടെ ആറ് സ്ത്രീകളും രണ്ട് കുട്ടികളും നിലയ്ക്കലിലേക്ക് തിരിച്ചുമടങ്ങി. ഇവര്‍ ഉള്‍പ്പെടെ 17 പേരാണ് കൊല്ലത്തുനിന്ന് പമ്പയില്‍ എത്തിയത്. ബാക്കിയുള്ളവർ ദർശനം നടത്താനായി പോയി.
ഇവർക്കായി നിലയ്ക്കലിൽ കാത്തിരിക്കെ, സംഭവം ശ്രദ്ധയിൽപെട്ട ശബരിമല പൊലീസ് ചീഫ് കോഓഡിനേറ്റര്‍ കൂടിയായ എ.ഡി.ജി.പി പൊലീസ് ഉദ്യോഗസ്ഥരോട് ഇവര്‍ക്ക് ദര്‍ശനം ഉറപ്പാക്കാനുള്ള നടപടിക്ക് നിർദേശിച്ചു. സംഘത്തിലെ കുട്ടി അയ്യപ്പനായ നിരഞ്ജൻ അടക്കം ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിപ്പോരേണ്ട സങ്കടത്തിലിരിക്കുമ്പോഴാണ് എ.ഡി.ജി.പി വിഷയത്തിൽ ഇടപെടുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിന്റെ സഹായത്തോടെ സന്നിധാനത്ത് എത്തുകയും മനംനിറഞ്ഞ് മാമലവാസനെ തൊഴുകയും ചെയ്തു.
ആംബുലൻസിലാണ് ഇവരെ വീണ്ടും പമ്പയിലെത്തിച്ചത്. തുടർന്ന് പ്രത്യേക വാഹന സൗകര്യത്തിൽ സന്നിധാനത്തേക്കും എത്തിക്കുകയായിരുന്നു. വെർച്വൽ ക്യൂ പാസ് എടുത്ത് കൃതമായ ദിവസം എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

