പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; പുണ്യദർശനത്തിൽ മനംനിറഞ്ഞ് ഭക്തർ
text_fieldsശബരിമല: ഭക്തസഹസ്രങ്ങളുടെ മനംനിറച്ച് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. അകലെ പുണ്യപ്രഭ മിന്നിത്തെളിഞ്ഞപ്പോൾ വ്രതശുദ്ധിയിൽ മലകയറി നിർനിമേഷരായി കാത്തുനിന്ന തീർഥാടകരുടെ കണ്ഠങ്ങളിൽനിന്ന് ഉയർന്ന ശരണംവിളി പൂങ്കാവനമാകെ മുഴങ്ങി. ശ്രീകോവിലിൽ തിരുവാഭരണങ്ങൾ ചാർത്തിയ അയ്യപ്പവിഗ്രഹത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് ദീപാരാധന നടത്തിയതിന് പിന്നാലെ 6.42നാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ ആദ്യം ദിവ്യജ്യോതി ദൃശ്യമായത്. പിന്നെ ചെറിയ ഇടവേളയിൽ രണ്ടുതവണകൂടി ആ പൊൻപ്രഭ മിന്നിത്തെളിഞ്ഞു.
ഈ സമയം ആകാശത്ത് മകരനക്ഷത്രവും തെളിഞ്ഞ് കാണാനായി. നിയന്ത്രണങ്ങൾക്കിടയിലും മകരജ്യോതി ദർശനത്തിന് പതിനായിരങ്ങളാണ് സന്നിധാനം പരിസരങ്ങളിലും പുൽമേട്ടിലും ഉൾവനങ്ങളിലുമൊക്കെയായി പർണശാലകൾ കെട്ടിയും മറ്റും ദിവസങ്ങളായി കാത്തിരുന്നത്. മകരസംക്രമനാളിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പുറപ്പെട്ട ഘോഷയാത്ര വൈകീട്ട് 6.25ഒാടെ മലകയറി സന്നിധാനത്തെത്തി.
തന്ത്രിയും മേൽശാന്തിയും ചേർന്ന് മാലയണിയിച്ച് അനുഗ്രഹിച്ച് അയച്ച ദേവസ്വം ജീവനക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സംഘം ശരംകുത്തിയിൽ എത്തി ഘോഷയാത്രയെ ആചാരപരമായി വരവേറ്റ് സന്നിധാനത്തേക്ക് ആനയിക്കുകയായിരുന്നു. ഈ സമയം ആകാശത്ത് കൃഷ്ണപ്പരുന്തും വട്ടമിട്ട് പറന്നു. തിരുവാഭരണ പേടകങ്ങളുമായി വാഹകസംഘം പതിനെട്ടാംപടി കയറി പുഷ്പാലംകൃത സന്നിധാനത്തേക്ക് എത്തിയപ്പോൾ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സോപാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി നടയടച്ചു. പിന്നെ തിരുവാഭരണങ്ങൾ ചാർത്തി ഭക്തിനിർഭരമായ ദീപാരാധന നടന്നു.
മകരവിളക്ക് മഹോത്സവത്തിലെ പ്രാധാന്യമേറിയ മകരസംക്രമപൂജ ബുധനാഴ്ച വൈകീട്ട് 3.08നായിരുന്നു. മൂന്നുദിവസമായി തുടർന്ന ശുദ്ധിക്രിയകൾക്ക് ശേഷം ഉത്തരായനത്തിന് തുടക്കംകുറിക്കുന്ന സംക്രമമുഹൂർത്തത്തിൽ അയ്യപ്പസ്വാമിക്ക് വിശേഷപൂജകളും അഭിഷേകവും നടന്നു. കവടിയാർ കൊട്ടാരത്തിൽനിന്ന് എത്തിച്ച നെയ്യ് മുദ്രയിലെ നെയ്യാണ് ഈ സമയം ശ്രീേകാവിലിൽ വിഗ്രഹത്തിൽ അഭിഷേകം ചെയ്തത്.
മന്ത്രി വി.എൻ. വാസവനെ കൂടാതെ എം.എൽ.എമാരായ പ്രമോദ് നാരായണൻ, കെ.യു. ജനീഷ്കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ എന്നിവരും സന്നിധാനത്ത് എത്തിയിരുന്നു. എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ രണ്ടായിരത്തോളം പൊലീസുകാർ സുരക്ഷ ഒരുക്കിയപ്പോൾ, 1000 ബസുകളുമായി കെ.എസ്.ആർ.ടി.സി തീർഥാടകരുടെ സുഗമമായ മടക്കയാത്രക്കും ക്രമീകരണങ്ങൾ ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

