കരുതലായി, കാവലായി അഗ്നിരക്ഷാസേന
text_fieldsഅരവണ പ്ലാന്റിലെ ജീവനക്കാർക്കായി സന്നിധാനത്ത് ഫയർ ഫോഴ്സ് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽനിന്ന്
ശബരിമല: സന്നിധാനത്തും പരിസര പ്രദേശങ്ങളിലും കരുതലായി അഗ്നിരക്ഷാസേന. സീസൺ ആരംഭിച്ച ശേഷം ഇതുവരെ 220 ഓളം കേസുകളാണ് അഗ്നിരക്ഷാസേന യൂനിറ്റിൽ റിപ്പോർട്ട് ചെയ്തത്.
ഇതിൽ ഏകദേശം 200 ഓളം കേസുകൾ കുഴഞ്ഞുവീണവരെ സ്ട്രെച്ചറിൽ ആശുപത്രിയിൽ എത്തിക്കുന്ന ജോലിയായിരുന്നു. സന്നിധാനത്തെ സ്പെഷ്യൽ ഓഫിസർ കെ. ആർ. അഭിലാഷ് ആണ് മൂന്നാം ഘട്ട ഡ്യൂട്ടിക്ക് നേതൃത്വം നൽകുന്നത്. പ്രാഥമികമായി അഗ്നിസുരക്ഷയാണ് ലക്ഷ്യമെങ്കിലും, കുഴഞ്ഞുവീഴുന്ന തീർഥാടകരെ ആശുപത്രിയിലെത്തിക്കുന്നതുള്പ്പെടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സേനയുടെ സജീവ പങ്കാളിത്തമുണ്ട്.
കൂടാതെ, പുല്ലുമേട് വഴിയുള്ള വനപാതയിൽ കുടുങ്ങിപ്പോകുന്ന തീർഥാടകരെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കുന്നുണ്ട്. ഇതോടൊപ്പം ബോധവത്കരണ ക്ലാസുകളും ഊർജിതമായി നടക്കുന്നു. സന്നിധാനത്ത് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മറ്റ് വകുപ്പുകളിലെ ജീവനക്കാർക്ക് പ്രാഥമിക അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള ക്ലാസുകൾ പുരോഗമിക്കുകയാണ്.
തീർഥാടനം സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായി ഫയർ സേഫ്റ്റി ഓഡിറ്റും സെക്യൂരിറ്റി ചെക്കിങ്ങും ഊർജിതമാക്കിയിട്ടുണ്ട്. അപകട സാധ്യതകൾ മുൻകൂട്ടി കണ്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് സ്പെഷൽ ഓഫിസർ അറിയിച്ചു.
മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെയുള്ള ഒമ്പത് പോയന്റുകളിലാണ് ഫയർ ഫോഴ്സ് ജീവനക്കാരെ വിന്യസിച്ചിരിക്കുന്നത്. വയർലെസ് വോക്കി ടോക്കിയും മൊബൈൽ ഫോൺ സംവിധാനങ്ങളും ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഏകോപനവും ശക്തമാക്കിയിട്ടുണ്ട്. യാതൊരു പ്രശ്നങ്ങളുമില്ലാതെ ഈ തീർഥാടന കാലം ഭംഗിയായി പര്യവസാനിക്കുന്നതിന് പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് സ്പെഷൽ ഓഫിസർ അഭിലാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

