മണ്ഡലകാല ഉത്സവം; എക്സൈസ് പരിശോധന: 895 കേസ്
text_fieldsശബരിമല: മണ്ഡലകാല ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട തുറന്നത് മുതൽ എക്സൈസ് നടത്തിയ പരിശോധനകളിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 895 കേസുകൾ. അനധികൃത പുകയില ഉപയോഗ, വിൽപന എന്നിവയുമായി ബന്ധപ്പെട്ടാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഡിസംബർ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും വകുപ്പ് നടത്തി. ഇക്കാലയളവിൽ 239 ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ പരിശോധിക്കുകയും മറ്റ് വകുപ്പുകളുമായി ചേർന്ന് 19 സംയുക്ത പരിശോധനകളും നടത്തി. 12.4 കിലോ പുകയില, 10 ഗ്രാം കഞ്ചാവും പിടിച്ചു. 1,79,000 രൂപ പിഴയും ഈടാക്കി. തുടർദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പമ്പ എക്സൈസ് സി. ഐ ശ്യാം കുമാർ അറിയിച്ചു.
പൊലീസിനൊപ്പം ആർ.എ.എഫും
ആൾക്കൂട്ട നിയന്ത്രണത്തിന് പൊലീസിനൊപ്പം റാപിഡ് ആക്ഷൻ ഫോഴ്സിന്റെ 140 പേരുടെ ബറ്റാലിയനും സന്നിധാനത്ത്. ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാമിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയനിൽ ദ്രുത പ്രതികരണ സംഘത്തിലെ 30 പേരുണ്ട്.
മരക്കൂട്ടം, നടപ്പന്തൽ, തിരുമുറ്റം, ഡിഫൻസ് മോർച്ച, സന്നിധാനം, ഭസ്മക്കുളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ് ആർ.എ.എഫിന്റെ പ്രധാന ഡ്യൂട്ടി പോയന്റുകൾ. മകരവിളക്കിന് നടതുറന്ന 30, 31 തീയതികളിൽ തിരക്ക് വളരെ കൂടുതലായിരുന്നുവെങ്കിലും പിന്നീട് നിയന്ത്രണവിധേയമായെന്നും 14ന് നടക്കുന്ന മകരവിളക്ക് പ്രമാണിച്ച് കൂടുതൽ സേനാംഗങ്ങളെ നിയോഗിക്കുമെന്നും ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാം അറിയിച്ചു.
സന്നിധാനത്ത് ഫിസിയോതെറപ്പിയുമായി ആരോഗ്യ പ്രവർത്തകർ
ശബരിമല: മലകയറിയെത്തുന്ന അയ്യപ്പന്മാർക്ക് അനുഭവപ്പെടുന്ന പേശീവലിവ്, സന്ധി പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാൻ സൗജന്യ ഫിസിയോതെറപ്പിയുമായി ആരോഗ്യ പ്രവർത്തകർ സന്നിധാനത്ത്. പത്തനംതിട്ടയിലെ റീഹാബിലിറ്റേഷൻ-പാലിയേറ്റീവ് കെയർ സെന്റർ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറപിസ്റ്റ് എന്നിവർ ചേർന്നാണ് സന്നിധാനത്ത് കേന്ദ്രം തുറന്നത്.
സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്നുള്ള തെറപിസ്റ്റുകൾ സൗജന്യ സേവനമാണ് ഈ കേന്ദ്രത്തിൽ നൽകുന്നത്. ദേശീയ ആരോഗ്യ മിഷനിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും ഇവിടെയുണ്ട്. മണ്ഡലകാലത്ത് 65,000ത്തോളം പേർക്കും മകരവിളക്കിന് നടതുറന്ന് ഇതുവരെ മുന്നൂറോളം അയ്യപ്പ ഭക്തർക്കും ചികിത്സ നൽകിയതായി ഫിസിയോതെറപിസ്റ്റും കേന്ദ്രത്തിന്റെ ഇൻ ചാർജുമായ എസ്. നിഷാദ് പറഞ്ഞു.
സന്നിധാനത്തെത്തുന്ന പല അയ്യപ്പഭക്തർക്കും, കായികതാരങ്ങളിൽ കാണപ്പെടുന്ന പേശി വലിവ്, സ്പ്രൈൻ, മസിൽ ടാപ്പിങ് എന്നീ പ്രശ്നങ്ങളാണ് കണ്ടുവരുന്നത്. ഇവ മരുന്നില്ലാതെ തന്നെ പ്രത്യേക സ്ട്രെച്ചിങ്ങിലൂടെ പെട്ടന്ന് സുഖപ്പെടുത്താനാകും. ഫിസിയോതെറപ്പി കേന്ദ്രത്തിന്റെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

