വൃശ്ചികപ്പുലരിയിൽ ഭക്തർക്ക് ദർശനപുണ്യം
text_fieldsവൃശ്ചികപ്പുലരിയിൽ വെളുപ്പിന് മൂന്നിന് ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി ശബരിമല നട തുറക്കുന്നു
ശബരിമല: വൃശ്ചികപ്പുലരിയിൽ ശബരീശനെ കൺനിറയെ കണ്ടു തൊഴുത് അനുഗ്രഹം വാങ്ങാനായി ശബരിമലയിൽ എത്തിയത് പതിനായിരക്കണക്കിന് തീർഥാടകർ. പുലർെച്ച ഒരു മണിയോടെ തന്നെ വലിയ നടപ്പന്തൽ തീർഥാടകരെക്കൊണ്ട് നിറഞ്ഞിരുന്നു.
തന്ത്രിമാരായ കണ്ഠര് രാജീവരര്, കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തിൽ നിയുക്ത മേൽശാന്തി അരുൺകുമാർ നമ്പൂതിരി പുലർെച്ച മൂന്നിന് തിരുനട തുറന്നു. തുടർന്ന് മൂന്നരയോടെ നെയ്യഭിഷേകം ആരംഭിച്ചു. വൃശ്ചികപ്പുലരിയോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും പുഷ്പാലംകൃതമാക്കിയിരുന്നു. മൂന്നര മുതൽ നെയ്യഭിഷേകം ആരംഭിച്ചു. വൃശ്ചികപ്പുലരിയിൽ അയ്യനെ കണ്ടുതൊഴാനായി അഭൂതപൂർവമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. പടി കയറ്റുന്നതിൽ പരിശീലനം സിദ്ധിച്ച പൊലീസുകാരാണ് പടി ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ, കൊടിമരച്ചുവട്ടിലും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്. അതുകൊണ്ടുതന്നെ പടികയറ്റത്തിൽ മുമ്പ് ഉണ്ടായിരുന്ന പരാതികളും കാലതാമസവും ഒഴിവായിട്ടുണ്ട്.
വൃശ്ചികപ്പുലരിയിൽ സന്നിധാനത്ത് ദർശനം കാത്തുനിൽക്കുന്ന ഭക്തർ
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ തുടങ്ങിയവരും വൃശ്ചികപ്പുലരിയിൽ ദർശനത്തിനെത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ ലഭിച്ച കണക്കനുസരിച്ച് വെർച്വൽ ക്യൂ വഴി 39,185 പേരും ബുക്കിങ് മുഖേന 4877 തീർഥാടകരും ദർശനം നടത്തി. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. വെർച്വൽ ക്യൂ വഴി 26,942 പേരും ദർശനം സ്പോട്ട് ബുക്കിങ് വഴി 1872 പേരും ഉൾപ്പെടെ ആകെ 28,814 ഭക്തരാണ് വെള്ളിയാഴ്ച ദർശനം നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരാണ് രണ്ടുദിവസമായി കൂടുതലായും ദർശനത്തിനെത്തിയത്. 12 വിളക്കിന് ശേഷമാവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകരുടെ പ്രവാഹം ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

