ശബരിമല; ശുചിത്വം ഉറപ്പാക്കാൻ 980 പേരുടെ വിശുദ്ധി സേന
text_fieldsശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിശുദ്ധി സേനാംഗങ്ങൾ
ശബരിമല: ശബരിമലയെ ശുചിത്വത്തോടെ നിലനിർത്താൻ ഇത്തവണ രംഗത്തുള്ളത് 980 പേർ അടങ്ങുന്ന വിശുദ്ധി സേന. ദിവസവും ഒരു ലക്ഷത്തിനടുത്ത് തീർഥാടകർ എത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കാൻ 24 മണിക്കൂറും ഇവർ കർമനിരതരാണ്. ജില്ല കലക്ടര്‍ ചെയര്‍പേഴ്സണും അടൂര്‍ ആർ.ഡി.ഒ മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനക്ക് നേതൃത്വം നല്‍കുന്നത്.
സന്നിധാനത്ത് മാത്രം 300 പേരാണ് ശുചീകരണത്തിനായുള്ളത്. പമ്പയിൽ 220, നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 430, പന്തളത്ത് 20, കുളനട 10 എന്നിങ്ങനെയാണ് ഇവരെ വിന്യസിച്ചിരിക്കുന്നതെന്ന് സേനയുടെ ചുമതല വഹിക്കുന്ന ശബരിമല എ.ഡി.എം ഡോ. അരുൺ എസ്. നായർ പറഞ്ഞു.
തങ്ങൾ നല്‍കിയിരിക്കുന്ന സ്ഥലങ്ങളിലെ മാലിന്യം ട്രാക്ടറിൽ ശേഖരിക്കുന്ന ഈ സംഘങ്ങള്‍ക്ക് അയ്യപ്പസ്വാമിയുടേയും പൂങ്കാവനത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഇതിനായി 24 ട്രാക്ടറുകൾ ഉണ്ട്. ശേഖരിച്ച മാലിന്യം ഓരോ സ്ഥലത്തും മാലിന്യ സംസ്കരണത്തിനായി തയാറാക്കിയിട്ടുള്ള ഇൻസിനറേറ്ററുകളിലേക്ക് കൈമാറും.
സന്നിധാനത്ത് 15 ഇടങ്ങളിലായിട്ടാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ഓരോ ഇടത്തും സൂപ്പർവൈസറും ഉണ്ടാകുമെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കലക്ടർ എസ്. സനിൽകുമാർ അറിയിച്ചു. വിശുദ്ധി സേനക്ക് താമസസൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡാണ് ഒരുക്കുന്നത് . ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

