ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്
text_fieldsശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മാളികപ്പുറം മണിമണ്ഡപത്തില്‍നിന്നും സന്നിധാനത്തേക്ക് സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയരായി കരുതപ്പെടുന്ന അമ്പലപ്പുഴ സംഘത്തിന്റേതായിരുന്നു ആദ്യ എഴുന്നള്ളത്ത്.
സമൂഹ പെരിയോന്‍ എന്‍. ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ 250ഓളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപ്പത്തിലെ പൂജാരി പൂജിച്ചുനല്‍കിയ പന്തളം കൊട്ടാരത്തില്‍നിന്നുള്ള തിടമ്പും തിരുവാഭരണത്തോടൊപ്പം എത്തിയ കൊടിക്കൂറയും എഴുന്നള്ളിച്ചു. 18-ാം പടിയില്‍ കര്‍പ്പൂര ആരതി നടത്തി.
ആലങ്ങാട് സംഘത്തിന്റെ പതിനെട്ടാം പടിയിലേക്കുള്ള എഴുന്നള്ളത്ത്
ക്ഷേത്രം പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്ന് തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് കര്‍പ്പൂരാഴി പൂജ നടത്തിയതോടെ 10 നാള്‍ നീണ്ട അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനമായി.
മകരവിളക്ക് ദിനത്തില്‍ രാവിലെ നെയ്യഭിഷേകവും അത്താഴപൂജക്ക് മഹാനിവേദ്യവും സംഘം നടത്തി. അമ്പലപ്പുഴ സംഘം പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, കരപെരിയോന്‍മാരായ സദാശിവന്‍ പിള്ള, ചന്തു എന്നിവര്‍ നേതൃത്വം നല്‍കി. അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് സംഘത്തിന്റെ കര്‍പ്പൂര താലം എഴുന്നള്ളത്തും സന്നിധാനത്ത് നടന്നു.
പെരിയോന്‍ പ്രദീപ് ആര്‍. മേനോന്‍ സ്വാമിയുടെ നേതൃത്വത്തില്‍ അയ്യപ്പനെ ഭജിച്ച് നീങ്ങിയ സംഘം ഭക്തിയുടെ നിറവില്‍ ചുവടുവെച്ചു. മാളികപ്പുറത്ത് മണിമണ്ഡപത്തില്‍നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം എത്തിയ തിടമ്പും ചാര്‍ത്തിയാണ് കര്‍പ്പൂര താലം എഴുന്നള്ളിയത്. ആലങ്ങാട് ചെമ്പോല കളരിയിലാണ് അയ്യപ്പന്‍ ആയോധനകല അഭ്യസിച്ചതിന് ശേഷമാണ് എരുമേലിയില്‍ പോയതെന്നാണ് വിശ്വാസം.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയില്‍ എത്തിയ ശേഷം പടികള്‍ കഴുകി കര്‍പ്പൂര പൂജയും ആരാധനയും നടത്തി അയ്യപ്പദര്‍ശനശേഷം മാളികപ്പുറത്തേക്ക് മടങ്ങി. സംഘം പ്രസിഡന്റ് സജീവ് കുമാര്‍ തത്തയില്‍, സെക്രട്ടറി രാജു എരുമക്കാട്ട്, രക്ഷാധികാരി ഡോ. രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അയ്യന്റെ സന്നിധിയില്‍ സോപാന സംഗീതവുമായി ബെഹ്റൈനില്‍നിന്ന് കലാകാരന്മാര്‍
ശബരിമല: ആഗ്രഹം സഫലമായതിന്റെ സായുജ്യത്തിലാണ് സോപാനസംഗീതം കലാകാരന്മാരായ അമ്പലപ്പുഴ വിപിന്‍ദേവും അരുണ്‍ ദാസും. ബെഹ്റൈനില്‍ ജോലി ചെയ്യുമ്പോഴും അയ്യന്റെ മുന്നില്‍ കീര്‍ത്തനം ആലപിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം.
ബഹ്റൈനില്‍നിന്നുള്ള കലാകാരന്മാര്‍ അയ്യപ്പ സന്നിധിയില്‍
സോപാനസംഗീതം അവതരിപ്പിക്കുന്നു
സന്നിധാനത്ത് സോപാനസംഗീതം അവതരിപ്പിക്കാനായി ഇരുവരും അവധിയെടുത്ത് എത്തുകയായിരുന്നു. ‘സോപാനം വാദ്യകലാസംഘം ബഹ്റൈന്‍’ അംഗങ്ങളാണ് അമ്പലപ്പുഴ വിപിന്‍ദേവും അരുണ്‍ ദാസും. ഇവര്‍ക്കൊപ്പം നാട്ടിലെ താളം കലാകാരന്‍ യു. സച്ചിനുമുണ്ടായിരുന്നു. വിപിന്‍ദേവ് രചിച്ച് സംഗീതം നല്‍കിയ കീര്‍ത്തനങ്ങളാണ് ആലപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

