ഭക്തിയുടെ നിറവിൽ ശബരിമല കാനനപാത പൂജ
text_fieldsകോരുത്തോട്: പൈതൃക പ്രസിദ്ധമായ കാനനപാത പൂജ പതിനെട്ടു മലകളിലൊന്നായ ഇഞ്ചിപ്പാറ മലയടിവാരമായ മുക്കുഴിയിൽ നടന്നു. പൂജകൾക്കു ശേഷം മുക്കുഴി ദേവീക്ഷേത്ര സന്നിധിയിൽ സാംസ്കാരിക സമ്മേളനവും നടത്തി.ശബരിമലയുടെ ചരിത്രത്തോളം പഴക്കമുള്ള കാനനപാത അടക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും പാതയിൽ അശാസ്ത്രീയ നിയന്ത്രണം ഏർപ്പെടുത്തിയും പൈതൃകങ്ങൾ ഓരോന്നായി ഇല്ലാതാക്കിയും ഘട്ടംഘട്ടമായി പാത ഇല്ലാതാക്കാനുള്ള ഗൂഢശ്രമങ്ങൾ നടന്നു വരുകയാണെന്നും നേതാക്കൾ പറഞ്ഞു.
തീർഥാടനത്തിന്റെ ആചാരപരമായ പൂർത്തീകരണത്തിന് കാനനപാതയാത്ര അനിവാര്യമാണ്.ശബരിമലയും പൊന്നമ്പലമേടും ഉൾപ്പെടുന്ന 18 മലകളിലായി മല അരയർ അധിവസിച്ചിരുന്ന സമയത്ത് മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും വരുന്ന അയ്യപ്പഭക്തർക്ക് സുഗമമായി മല യാത്ര നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം കാനനപാതയിൽ മല അരയർ ആചാരപരമായ പൂജയും നടത്തിയിരുന്നു.
എരുമേലി പേരൂർതോട് കോയിക്കൽക്കാവിൽ നിന്നും തുടങ്ങി കാളകെട്ടി അഴുത കല്ലിടാം കുന്ന് ഇഞ്ചിപ്പാറ വഴി മുക്കുഴിയിലെത്തി കരിമലയിലൂടെ പമ്പയിലെത്തുന്ന ശബരിമല പരമ്പരാഗത കാനന പാതയിൽ മല അരയ സമുദായം നടത്തിവന്നിരുന്ന പൂജകൾക്ക് ആചാരപരമായ നിരവധി സവിശേഷതകളുണ്ട്. ശബരിമലയിലേക്കുള്ള ഏകതീർഥാടന പാതയായ കാനനപാതയിലൂടെ അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് പ്രവേശിക്കുന്ന ഭക്തജനങ്ങൾക്ക് വന്യമൃഗങ്ങളിൽ നിന്നും ഇഴജന്തുക്കളിൽ നിന്നും ശാരീരിക വിഷമതകളിൽ നിന്നും കാലാവസ്ഥാ മാറ്റങ്ങളിൽ നിന്നുമെല്ലാം സംരക്ഷണം ലഭിക്കുന്നതിനും, ഉടുമ്പാറവില്ലനും എണ്ണയ്ക്കാവള്ളി മഹാദേവനും കരിമല മൂർത്തിയും ഉൾപ്പെടുന്ന നിരവധിയായ ആരാധനാ മൂർത്തികളുടെ അനുഗ്രഹം ലഭിക്കുന്നതിനും,സുരക്ഷിതമായി സന്നിധാനത്ത് എത്താനും സർവൈശ്വര്യങ്ങൾക്കുമായി തീർത്ഥാടനത്തിന്റെ ആരംഭത്തിൽ കാനന പാതയിൽ സവിശേഷമായ പൈതൃകപൂജ അനിവാര്യമാണ്. വർഷങ്ങൾക്ക് മുമ്പ് അധികാരികൾ ഇതു റദ്ദാക്കുകയായിരുന്നു. പൂജകൾക്ക് എം.ബി രാജൻ മുഖ്യകാർമ്മികത്വം വഹിച്ചു. മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.കെ. സജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. സജീവ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. സനൽകുമാർ സ്വാഗതം പറഞ്ഞു.
വനിതാ സംഘടന സംസ്ഥാന പ്രസിഡൻ്റ് അജിതാ ഉദയകുമാർ,ജില്ലാ സെക്രട്ടറി കെ.കെ. രാജൻ, അയ്യപ്പ ധർമ്മ സംഘം നേതാക്കളായ വി.പി. രാജപ്പൻ ,കെ.എൻ. പദ്മനാഭൻ, ജനറൽ സെക്രട്ടറി സി.എൻ. മധുസൂധനൻ, ഊരു മൂപ്പൻ പി.പി രാജശേഖരൻ, അജിതാ അശോകൻ സഭയുടെ പോഷക സംഘടനാ ഭാരവാഹികൾ, തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

