തീർഥാടകരെ വരവേൽക്കാനൊരുങ്ങി ശബരിമല
text_fieldsപത്തനംതിട്ട: തീർഥാടകരെ വരവേൽക്കാൻ ശബരിമല ഒരുങ്ങി. 41 ദിവസത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ബുധനാഴ്ച തുറക്കും. വ്യാഴാഴ്ചയാണ് മണ്ഡലകാലത്തിന് തുടക്കം. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
ഉപദേവത ക്ഷേത്ര നടകളും തുറന്നശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകരും. പിന്നാലെ പതിനെട്ട് പടികള്‍ കയറി ഭക്തര്‍ എത്തിത്തുടങ്ങും. സന്ധ്യാവേളയിൽ നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന് നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന് നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകളും നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന പുതിയ മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വെച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിന് മുന്നിലേക്ക് ആനയിക്കും. പിന്നീട് തന്ത്രി കണ്ഠര് രാജീവര്, ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍ വെച്ച് കലശാഭിഷേകം നടത്തി അവരോധിക്കും. ത്സ
ശേഷം തന്ത്രി മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി, നട അടച്ചശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി കൊടുക്കും. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ വെച്ച് മേല്‍ശാന്തി ഹരിഹരന് നമ്പൂതിരിയെയും കലശാഭിഷേകം നടത്തി അവരോധിക്കും. വൃശ്ചികം ഒന്നായ നവംബര്‍ 17ന് പുലര്‍ച്ച പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ പൂജാ കര്‍മം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി പരമേശ്വരന് നമ്പൂതിരി 16ന് രാത്രി തന്നെ പതിനെട്ടാം പടിയിറങ്ങി മടങ്ങും.
ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും. തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങൾ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒഴിഞ്ഞ തീർഥാടനകാലത്തിനാണ് വീണ്ടും തുടക്കമാകുമ്പോൾ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിക്കുന്നു. എന്നാൽ, അതിന് അനുസരമായി ശബരിമലയിൽ ശുചിമുറികളും, വിരിവെക്കാനുള്ള സൗകര്യങ്ങളും അടക്കം അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കാൻ കഴിയാത്തത് വലിയ പോരായ്മയായി നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

