
വിശ്വാസം പുതുക്കുക
text_fieldsകേടുപാടുകള്‍ തീര്‍ക്കാതെ വെറുതെ വിട്ടാല്‍ ഏതു വസ്തുവും പെട്ടെന്ന് ഉപയോഗശൂന്യമാവുമെന്ന് പറയേണ്ടതില്ല. വീടും റോഡും നിത്യോപയോഗ വസ്തുക്കളും നാം കേടുതീര്‍ത്ത് പരിപാലിച്ചു വരുന്നത് അതുകൊണ്ടാണ്. മനുഷ്യന് ഈമാന്‍ (വിശ്വാസം) കേടുതീര്‍ത്ത് പുതുക്കിക്കൊണ്ടിരിക്കണമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അംറ് ഉദ്ധരിക്കുന്നു: നബി പറഞ്ഞു: ''നിശ്ചയം, വിശ്വാസം നിങ്ങളുടെയുള്ളില്‍ ജീർണിച്ചുകൊണ്ടിരിക്കും. വസ്ത്രം ജീർണിക്കുന്നതു പോലെ. അതിനാല്‍, ഈമാന്‍ ഹൃദയത്തില്‍ പുതുക്കിത്തരാന്‍ അല്ലാഹുവോട് ചോദിക്കുവിന്‍.''
മനുഷ്യമനസ്സുകളില്‍ ഈമാന്‍ ഏറിയും കുറഞ്ഞും കൊണ്ടിരിക്കുമെന്ന് ഖുര്‍ആനിലും ഹദീസുകളിലും കാണാം. ''വ്യഭിചരിക്കുന്നവനും മദ്യപിക്കുന്നവനും മോഷ്ടിക്കുന്നവനും വിശ്വാസിയായിക്കൊണ്ട് അതു ചെയ്യുകയില്ല'' എന്ന് നബി പറഞ്ഞു. അപ്പോള്‍ തിന്മകളാണ് വിശ്വാസം കുറക്കുന്നതും ഇല്ലാതാക്കുന്നതെന്നും ഈ നബി വചനങ്ങളില്‍നിന്നു വ്യക്തമാണ്. അപ്രകാരം സല്‍പ്രവൃത്തികള്‍ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന സത്യവചനത്തെ അല്ലാഹു ഒരു വിശുദ്ധ വൃക്ഷത്തിനോട് ഉപമിച്ചത് കാണാം (സൂറ: ഇബ്രാഹീം 24). വെള്ളവും വളവുമില്ലാതെ ഏതു വൃക്ഷവും ഫലം നല്കുകയില്ല എന്ന പോലെ വിശ്വാസമാകുന്ന വിശുദ്ധ വൃക്ഷത്തിന് വെള്ളവും വളവും നല്കിക്കൊണ്ടിരിക്കണം.
അതായത്, ഈമാന്‍ ഫലപ്പെടണമെങ്കില് സൽക്കർമങ്ങളാകുന്ന പോഷകങ്ങള്‍ നല്കിക്കൊണ്ടിരിക്കണം. സൽക്കർമങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ഈമാന്‍ ജീർണിച്ചുപോകാതെ സംരക്ഷിക്കാനുള്ള ഏകവഴി. അതുകൊണ്ടാണ് ഖുര്‍ആനില്‍, വിശ്വസിച്ചവരും സല്‍പ്രവൃത്തികള്‍ ചെയ്തവരും എന്ന് എല്ലാ സ്ഥലങ്ങളിലും ചേർത്തുപറഞ്ഞത്. സൽക്കർമങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ മനസ്സുവരുന്ന മാസമാണിത്. അതോടൊപ്പം ഓരോ സല്‍പ്രവൃത്തിക്കും കൂടുതല്‍ പ്രതിഫലം ഈ മാസത്തില്‍ അല്ലാഹു വാഗ്ദാനം നല്‍കിയിട്ടുമുണ്ട്.
കറപുരണ്ട് മലിനമായ ഒരു ചുമര് വൃത്തിയാക്കി പുത്തനാക്കുന്നതിനു മുമ്പ് അതിന്മേലുള്ള കറകള്‍ ഉരച്ചുകളയാറുള്ള പോലെ അറിഞ്ഞോ അശ്രദ്ധയാലോ മലിനമായ മനസ്സുകളിലെ കറകള്‍ ആദ്യം ഉരച്ച് വൃത്തിയാക്കണം. അഥവാ, ചെയ്തുപോയ തെറ്റുകള്‍ക്ക് ആത്മാര്‍ഥമായി പശ്ചാത്തപിക്കണം. ഇനി അവയിലേക്ക് തിരിച്ചുപോവുകയില്ലെന്ന് പടച്ചതമ്പുരാനോട് പ്രതിജ്ഞ ചെയ്യണം. അങ്ങനെ തെളിഞ്ഞ മനസ്സോടെ സൽക്കർമങ്ങള്‍ അതെത്ര ചെറിയതായാലും വര്‍ധിപ്പിക്കാന്‍ മുന്നോട്ടു വരുക.
കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര് (വൈസ് പ്രസിഡൻറ്, വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
