മത സാഹോദര്യവും സഭയുടെ ഐക്യവുമാണ് പ്രധാനമെന്ന് മാർപാപ്പ; ഒരു കുടുംബമായി മുന്നോട്ടു പോകാമെന്ന് ആഹ്വാനം
text_fieldsവത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ ലിയോ പതിനാലാമൻ മാർപാപ്പ സുവിശേഷ സന്ദേശത്തിൽ സ്നേഹത്തിനും സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്തു. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണെന്നും ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടു പോകണം. സ്നേഹത്തിന്റെ സമയമാണിതെന്നും നമുക്ക് ദൈവത്തിലേക്ക് നടക്കാമെന്നും മറ്റുള്ളവരെ സ്നേഹിക്കാമെന്നും സമാധാനമുള്ള ഒരു ലോകത്തിനായി പ്രാർഥിക്കാമെന്നും മാർപാപ്പ പറഞ്ഞു.
താൻ തെരഞ്ഞെടുക്കപ്പെട്ടത് തന്റെ എന്തെങ്കിലും മികവ് കൊണ്ടല്ല, അത് ദൈവഹിതമായിരുന്നു. ഒരു സംഗീതോപകരണത്തിലെ തന്ത്രികൾ എങ്ങനെ ഒരു സുന്ദരമായ സംഗീതം പുറപ്പെടുവിക്കുന്നുവോ അങ്ങനെയൊരു തെരഞ്ഞെടുപ്പായിരുന്നു അത്. താൻ ഭയത്തോടെ നിങ്ങളുടെ അടുത്തേക്ക് ഒരു സഹോദരനായാണ് വരുന്നത്. നിങ്ങളുടെ സന്തോഷത്തിലും വിശ്വാസത്തിലും നിങ്ങളുടെ സേവകനായി ഇരിക്കാനും ദൈവത്തിലേക്കുള്ള സ്നേഹത്തിന്റെ പാതയിൽ നിങ്ങൾക്കൊപ്പം നടക്കാനും ആഗ്രഹിക്കുന്നു.
ഒരൊറ്റ കുടുംബമായി നമുക്ക് മുന്നോട്ടുപോകാം. സ്നേഹവും ഐക്യവുമാണ് പ്രധാനം. പിതാവിൽ നിന്ന് യേശു ഏറ്റെടുത്ത ജനങ്ങളെ നയിക്കാനുള്ള ദൗത്യം നമ്മളിലേക്ക് എത്തുകയാണ്. പത്രോസ് എങ്ങനെയാണ് ഈ ദൗത്യം നിർവഹിച്ചത്. പത്രോസിന്റെ ജീവിതം ദൈവത്തിന്റെ സ്നേഹം കൊണ്ട് നിറഞ്ഞിരുന്നു.
അയൽക്കാരനെ സ്നേഹിക്കുക, സഹാദരന്മാരെ സ്നേഹിക്കുക. ഐക്യമുള്ള ഒരു സഭ എന്നതാണ് തന്റെ ആദ്യത്തെ ആഗ്രഹം. യേശുവിൽ നാമെല്ലാവരും ഒന്നായിരിക്കണം. ചെറിയ ചെറിയ സംഘങ്ങളായി ഒതുങ്ങുന്നതല്ല, മറ്റൊന്നിനേക്കാൾ മേധാവിത്വമുണ്ടെന്ന് കരുതുന്നതല്ല, മറിച്ച് യേശുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് നൽകുന്നതിനായാണ് നമ്മളെ വിളിക്കപ്പെട്ടതെന്ന് ബോധ്യമുണ്ടാകണം. അത് സാധ്യമാകണമെങ്കിൽ മറ്റുള്ളവരുടെ സാമൂഹ്യവും ആത്മീയവുമായ സംസ്കാരങ്ങളെയും മൂല്യങ്ങളെയും മനസിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും ലിയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി.
നാം ഒരുപാട് ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം വേദനിപ്പിക്കുന്നതായിരുന്നു. എന്നാൽ, അതിനുശേഷം വ്യക്തമാകുന്നത് ദൈവം തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല എന്നതിന്റെ ഉറപ്പാണെന്ന് വ്യക്തമാക്കിയ മാർപാപ്പ, തന്നിലേൽപ്പിച്ച ദൗത്യത്തിൽ എല്ലാവരോടും നന്ദി പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ചത്വരത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റത്. പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്ത ശേഷം പ്രദക്ഷിണമായാണ് മാർപാപ്പ സ്ഥാനാരോഹണ ചടങ്ങിന് എത്തിയത്.
പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും മാർപാപ്പ സ്വീകരിച്ചതോടെ സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ് പൂർത്തിയായി. വിശുദ്ധ കുർബാനക്കിടയിൽ ലത്തീൻ, ഗ്രീക്ക് ഭാഷകളിലെ സുവിശേഷ പാരായണത്തിന് ശേഷമായിരുന്നു പാലിയവും മോതിരവും മാർപാപ്പ സ്വീകരിച്ചത്.
വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാൻ, വൈദികൻ, ഡീക്കൻ തുടങ്ങി വ്യത്യസ്ത പദവികളിലുള്ള മൂന്ന് കർദിനാൾമാരാണ് ഈ ചടങ്ങ് നിർവഹിച്ചത്. ഡീക്കൻ കർദിനാളാണ് മാർപാപ്പയെ പാലിയം അണിയിച്ചത്. തുടർന്ന് മാർപാപ്പായുടെ മേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ പ്രത്യേക പ്രാർഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും ചെയ്തു. തുടർന്നായിരുന്നു മെത്രാൻ കർദിനാളിൽ നിന്ന് മാർപാപ്പ മോതിരം സ്വീകരിച്ചത്.
മോതിരവും പാലിയവും സ്വീകരിച്ച ലിയോ പതിനാലാമൻ വിശ്വാസികളെ ആശീർവദിച്ചു. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 പേർ മുഴുവൻ വിശ്വാസികളെയും പ്രതിനിധാനം ചെയ്ത് മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. ശേഷം മാർപാപ്പ സുവിശേഷ സന്ദേശം നൽകുകയും വിശുദ്ധ കുർബാന തുടരുകയും ചെയ്തു.
സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളും രാഷ്ട്രത്തലവന്മാരും പ്രമുഖരും പങ്കെടുത്തു. സ്ഥാനാരോഹണച്ചടങ്ങ് കാണാനും പ്രാർഥനയിൽ പങ്കെടുക്കാനും വൻജനാവലിയാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എത്തിയത്.
മെയ് എട്ടിനാണ് അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്തിനെ പുതിയ മാർപാപ്പയായി കത്തോലിക്ക സഭ തെരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 133 കർദിനാൾമാരാണ് പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവിൽ പങ്കെടുത്തത്. പരിഷ്കരണ വാദിയായി അറിയപ്പെടുന്ന കർദിനാൾ റോബർട്ട് പ്രിവോസ്ത്, ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

