ഓർമകളുടെ നോമ്പുകാലം
text_fieldsഓരോ നോമ്പുകാലവും ഇന്നലെകളുടെ ഓർമകളിലൂടെ ഖൽബിനെ പായിക്കുന്നതാണ്. മധുരവും ചവർപ്പും എല്ലാം നിറഞ്ഞിരുന്നുവെങ്കിലും അന്നത്തെ പരിമിതികളുടെ ഇടയിൽ നിന്നും ജീവിച്ചുപോന്ന കാലമാണ് ഇന്നും മനോഹരമായ കാലം. ഇന്ന് എല്ലാ സുഖസൗകര്യങ്ങളും സുലഭമായ വിഭവങ്ങളും മുന്നിൽ അണിനിരക്കുമ്പോഴും അന്നത്തെ പോലൊരു ചേലില്ല. ഓർക്കുമ്പോൾ തന്നെ ഓടിവരുന്നത് അത്താഴത്തിന് വേണ്ടി ഉറക്കം കെടാത്ത കണ്ണുകളുമായി എണീറ്റുവരുന്നതും കിണറ്റിന്റെ വക്കത്തുപോയി ഉമിക്കരിയിട്ടു പല്ലുതേച്ചു വരുന്നതുമാണ്. വന്നയുടനെ ഒരു കട്ടൻ ചായ തരും. ആ ചായയിൽ ചായപ്പൊടി വീണിട്ടുണ്ടോ എന്ന് സ്കാൻ ചെയ്ത് നോക്കണം, അത്രക്കെ ഇട്ടിട്ടുണ്ടാവൂ. ഉറക്കം കെട്ടടങ്ങാനാണ് ഈ കട്ടൻചായ.
പിന്നെ ചോറിന് താളിപ്പും പപ്പടം ആവും. അത് ഉണ്ടാക്കുന്ന നേരം ചിമ്മിനി വിളക്കിന്റെ മുന്നിൽ പാതി അടച്ചുപിടിച്ച കണ്ണുംകൊണ്ട് നിലത്തു പലകയിൽ തൂങ്ങിപ്പിടിച്ചിരിപ്പാണ്. ചിലപ്പോ ആ ഇരുത്തത്തിൽ തറയിൽ വീണിട്ടും ഉണ്ടാവും. തണുപ്പുകാലങ്ങളിൽ ആണെങ്കിൽ ചിമ്മിനി വിളക്കിന്റെ തീനാളം കൊണ്ട് കൈയിൽ ചൂടേൽപ്പിച്ചിരിക്കും. പിന്നെ ചോറ് ഒക്കെ തിന്ന് വേഗം ഉറങ്ങാലോ കരുതുമ്പോ ആവും, നിസ്കരിച്ചു കിടക്കാനുള്ള ഓർഡർ. ബാങ്ക് വരെ ഖുർആൻ ഓതി ഇരിക്കും. ബാങ്കിന്റെ ഒരു നേർത്ത ശബ്ദം പൊങ്ങാൻ തുടങ്ങുമ്പോഴേക്കും വേഗം നിസ്കാരം തീർത്ത് ഒറ്റ കിടപ്പാ. പിന്നെ ഒരുപാട് നേരം ഉറങ്ങാമെന്നൊക്കെ വ്യാമോഹം ആണ്. മദ്റസയിൽ ഖുർആൻ ക്ലാസ് ഉണ്ട്. അതിന് പോവാൻ എണീക്കണം. ഖുർആൻ ഒരു പേജ് ഓതിയാൽ ബാക്കി സമയം ഉസ്താദ് ചരിത്രം പറഞ്ഞുതരും. അന്ന് കേട്ട മുത്തുറസൂൽ (സ) യുടെ ചരിത്രങ്ങൾ ഒക്കെ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. നബി ജീവിതത്തിലൂടെ കടന്നുപോവുമ്പോൾ പലപ്പോഴും ഞങ്ങളും ഹൃദയം പൊട്ടി ഇരുന്നിട്ടുണ്ട്.ഇരുപത്തേഴാം രാവ് എത്തുമ്പോൾ സകാത്ത് കിട്ടുന്നതാണ് ഓർമ. കുടുംബത്തിൽ ആരെങ്കിലും പൈസ തരും എന്ന സന്തോഷം. അത് വെറും അഞ്ചോ പത്തോ ആയാലും വലിയ സന്തോഷം ആയിരുന്നു.
ഒരിക്കലൊരു ഇരുപത്തേഴാം രാവിന്റെ അന്ന് ഉമ്മ മധുരപലഹാരങ്ങൾ ഉണ്ടാക്കാനുള്ള പണിയിലാണ്. ജീരകവും ഏലക്കായും വറുക്കാൻ വേണ്ടി മണ്ണിന്റെ പത്തിരി ചട്ടി അടുപ്പത്തുവെച്ചു നല്ലോണം കത്തിക്കുകയായിരുന്നു. അതുവരെ എവിടെയോ പോയിരുന്ന ഞാൻ ആ സമയത്ത് ഓടിവന്നു. അടുപ്പിലിരിക്കുന്ന ചട്ടീൽ കൈയിലെ നാല് വിരലും ഒന്നിച്ചു അമർത്തിവെച്ച് ഇത് ചൂടായോ എന്ന് ചോദിച്ചതേ ഓർമയുള്ളു, അതിന്റെ മുന്നേ ‘ഇന്റമ്മാ’ ന്നൊരു നിലവിളിയാണ് ഉണ്ടായത്. നല്ലോണം ചൂടായി ഇരിക്കുന്ന ചട്ടിയിലായിരുന്നു കൈ കൊണ്ടുപോയി ഇട്ടത്. ആ നാല് വിരലും പൊള്ളി വീർത്തുവന്നു. അന്നൊക്കെ ഏറെ വേദന ഉണ്ടായെങ്കിലും ഇന്ന് ഉമ്മ മക്കൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരിളം ചിരി വിരിയും. പോയ കാലം ഇനി വരില്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

