സാമൂഹിക ബോധമുണ്ടാക്കിയ നോമ്പുകാലം...
text_fieldsകഴിഞ്ഞ അഞ്ചു വര്‍ഷമായി മുടങ്ങാതെ നോമ്പ് എടുക്കുന്നയാളാണ് ഞാന്‍. മനാമയിലെ ഒട്ടുമിക്ക പള്ളികളിലും സുഹൃത്തുക്കളോടൊപ്പം നോമ്പ് തുറക്കാന്‍ ഞാൻ പോയിട്ടുണ്ട്. അവിടങ്ങളില്‍ എല്ലാവരും കൂടിയിരുന്ന് നോമ്പ് തുറക്കുന്നതിന്റെ അനുഭൂതി പിന്നീട് ജീവിതത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഈ വര്‍ഷം ജോലിത്തിരക്ക് കാരണം റൂമില്നിന്നുതന്നെയാണ് നോമ്പ് തുറക്കുന്നത്.
ജാബിര്ക്കാന്റെ ജൂസും സുഹൈലിന്റെ ഉമ്മച്ചി നാട്ടില്‍നിന്ന് കൊടുത്തുവിട്ട കല്ലുമ്മക്കായും അടക്കമുള്ള വിഭവങ്ങള്‍ എല്ലാം ഒരുക്കി റൂമില്‍ തന്നെയാണ് തുറക്കല്‍. ഈ പുണ്യമാസത്തെ ഞാന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്.... റമദാൻ മാസത്തിന്റെ ദിനരാത്രങ്ങള്‍ സ്വയം വിലയിരുത്തലിനും തിരുത്തലിനും ഉള്ളതാകുമ്പോൾ മനസ്സിനെ കൂടുതൽ ശുദ്ധീകരിക്കാൻ കഴിയുന്നു. എല്ലാം ദൈവത്തിനു മുന്നിൽ സമർപ്പിക്കുമ്പോൾ അധമവികാരങ്ങള്‍ സ്വയമേവ കൊഴിഞ്ഞുപോകുന്നു.
വ്രതം എന്നാല്‍ ഉദയം മുതല്‍ അസ്തമയംവരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നതുകൊണ്ട് മാത്രം പൂര്‍ണമാകുന്ന ഒന്നല്ല. വികാരങ്ങള്‍ക്കും ദേഹേച്ഛകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക കൂടി ലക്ഷ്യമാണ്. വ്യക്തിപരമായ ത്യാഗമനോഭാവവും സേവന സന്നദ്ധതയും അർപ്പണബോധവും വളർത്തുന്നതോടോപ്പം സമസൃഷ്ടി സ്നേഹവും സാമൂഹിക ബോധമുണ്ടാക്കി എടുക്കുന്നതിനും വ്രതാനുഷ്ഠാനത്തിലൂടെ കുറച്ചെങ്കിലും കഴിയുന്നു. നോമ്പ് ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ വിശപ്പ് എന്തെന്നു അറിയിക്കുകയും ക്ഷമയും സഹനവും പഠിപ്പിക്കുകയും ചെയ്യുന്നു.
വിശപ്പിന്റെ വേദന അനുഭവിച്ചറിയുന്ന നോമ്പുകാരന് പട്ടിണിപ്പാവങ്ങളോടുള്ള ദീനാനുകമ്പ വളർന്നുവരുന്നു. ദേഹേച്ഛകളെ നിയന്ത്രിക്കാനുള്ള പരിശീലനം ലഭിക്കുന്നു. ഭക്തിയുടെ ഈ ദിനരാത്രങ്ങളെ പരമാവധി ധന്യമാക്കുന്നതോടൊപ്പം നിര്‍ധന കുടുംബങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കാനും വ്യക്തികളിലും കുടുംബങ്ങളിലും ഈ പുണ്യമാസത്തിന്റെ ചൈതന്യം നിലനിര്‍ത്താനും ജാതി, മത വ്യത്യാസമില്ലാതെ സുഹൃദ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും കഴിയുന്നു. എന്നാല്‍ പകലുകളിലെ പട്ടിണിക്കുശേഷം രാത്രി ഭക്ഷണങ്ങള്‍കൊണ്ട് നമ്മള് ഇന്ന് പലരും നോമ്പിനെ ഒരു ഫാസ്റ്റ് ഫുഡ് ഫെസ്റ്റിവെല്‍ ആക്കി നോമ്പിന്റെ അർഥത്തെ കേവലം ശാരീരികം മാത്രമാക്കി ചുരുക്കുകയാണോയെന്ന ഒരു തോന്നല്‍ ഉണ്ട്.
പട്ടിണി കിടക്കുന്നവന്റെ ബുദ്ധിമുട്ടറിയാൻ നമുക്ക് തന്നൊരവസരമാണ് ഒരു മാസത്തെ നോമ്പ്. അവിടെ വലിയവനോ ചെറിയവനോ ഇളവുകളില്ല. എല്ലാവരും തുല്യരാണ്. മണിക്കൂറുകളോളം പട്ടിണികിടന്ന് വിശപ്പിന്റെ മാഹാത്മ്യം പഠിപ്പിച്ചുതരുകയാണ് ഓരോ നോമ്പുകാലവും. ആരോഗ്യത്തിന്, പല അസുഖങ്ങൾക്കൊക്കെ നല്ലൊരു മരുന്ന് കൂടിയാണ് ഓരോ നോമ്പുമെന്ന് അടുത്തറിഞ്ഞ് മനസ്സിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

