Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamayana Masamchevron_rightഉപാധികളില്ലാത്ത...

ഉപാധികളില്ലാത്ത ഉപേക്ഷണം

text_fields
bookmark_border
ഉപാധികളില്ലാത്ത ഉപേക്ഷണം
cancel
Listen to this Article

പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഏന്തിത്തുളുമ്പുന്ന സരയൂനദിയിലെ ചിറ്റോളങ്ങളിൽ ചക്രവാളത്തിലെ ഉദയത്തുടുപ്പ് ഏതോ പ്രതിബന്ധമെന്നതുപോലെ വീണു പടർന്നു. അന്തപ്പുരത്തിന്റെ അകത്തളങ്ങളിൽ വിങ്ങിപ്പൊട്ടിയ നൊമ്പരത്തിന്റെ കരിനിഴലാണ് പിന്നീട് നാടൊട്ടുക്കും പരന്നത്. ശ്രീരാമചന്ദ്രന്റെ പട്ടാഭിഷേകം മുടങ്ങിയിരിക്കുന്നു. ദശരഥമഹാരാജാവ് മുമ്പ് നൽകിയ രണ്ട് വരങ്ങൾ കൈകേയി ആവശ്യപ്പെട്ടതു കാരണം– ഒന്ന് ഭരതനെ രാജാവാക്കുക, മറ്റൊന്ന് കിരീടാവകാശിയായ രാമചന്ദ്രനെ പതിനാല് വർഷം വനത്തിലേക്കയക്കുക.

അച്ഛനുവേണ്ടി ഈ ലോകത്തിൽ എന്തിനെയും ഉപേക്ഷിക്കാൻ തയാറായി നിൽക്കുന്ന, പരമ്പരാഗതമഹിമ, പുത്രധർമം, കുലധർമം, വംശമര്യാദകൾ എന്നിവയെക്കുറിച്ച് കൃത്യമായ നിശ്ചയമുള്ള ശ്രീരാമചന്ദ്രനെ കുടുംബവും പരിവാരങ്ങളും പ്രജകളുമെല്ലാം സ്വാധീനിക്കാൻ ശ്രമിച്ചിട്ടും ധാർമികവും സത്യനിഷ്ഠവുമായേ താൻ പ്രവർത്തിക്കൂ എന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ഒരു ഭാവഭേദവുമില്ലാതെ അദ്ദേഹം വനവാസം തിരഞ്ഞെടുത്തു. രാജ്യത്തെ രക്ഷിക്കാൻ ഭരതൻ മതിയെങ്കിൽ അതുപേക്ഷിക്കുന്നതിന് താൻ ധാരാളം!

സ്ത്രീജിതനായ തന്നെ ബന്ധനസ്ഥനാക്കി രാജ്യാധികാരമേൽക്കാൻ ആവശ്യപ്പെട്ട ദശരഥനും അതുതന്നെ ആവർത്തിച്ച ലക്ഷ്മണനും ഉന്നയിച്ചതൊന്നും രാമൻ കൈക്കൊണ്ടില്ല. അധികാരത്തിനും സമ്പത്തിനും മുന്നിൽ രകതബന്ധങ്ങളും മമതയും മൈത്രിയുമെല്ലാം അസാധുവാകുന്നതാണ് ലോകചരിത്രം. അവിടെയാണ് രാമന്റെ പരിത്യാഗത്തിെൻറ അന്തസ്സാരം അന്വേഷിക്കേണ്ടി വരുന്നത്.

ഭോഗാവസരങ്ങളുടെ അഭാവമോ ഇന്ദ്രിയത്തകരാറുകളോ പരിമിതവും വൈയക്തികവുമായ ലാഭമോ ലാക്കാക്കി ഞെക്കിപ്പഴുപ്പിച്ചുണ്ടാക്കുന്നല്ല ത്യാഗം. മറിച്ച്, സുഭിക്ഷതയുടെ നടുവിൽ, ഉള്ളതിെൻറ ഉച്ചകോടിയിൽ, ഭോഗസമൃദ്ധിയുടെ നിറവിൽ മനസ്സാക്ഷിയുടെ സമ്മതത്തോടെ തന്റേതെന്ന അഭിമാനമുൾപ്പെടെയെല്ലാത്തിനെയും കൈയൊഴിയുമ്പോഴാണത് സാർഥകമാകുന്നത്.

മറ്റൊന്നിനാലും പൂർണമാക്കപ്പെടാത്തതാണ് താനെന്ന ഉത്തമബോധ്യം. നശ്വരതയിൽനിന്ന് അനശ്വരതയെ വീണ്ടെടുക്കാനാകില്ലെന്ന അടിയുറപ്പ്. പ്രപഞ്ചത്തെ നിരീക്ഷിച്ചും അനുഭവിച്ചും അതിന്റെ ആത്മാവ് തൊട്ടറിഞ്ഞും മുമ്പോട്ടു പോകുമ്പോൾ സ്വാഭാവികമായും ഉരുത്തിരിയുന്ന സുനിശ്ചിതത്വം– അതെല്ലാം സ്വാംശീകരിച്ചുകൊണ്ടുള്ള നൈതികപ്രവർത്തനമാണ് ത്യാഗം. ഭക്ഷിച്ച് ഉപേക്ഷിക്കൽ എന്ന ജൈവകൃത്യത്തിൽനിന്ന് വ്യത്യസ്തമായി ഉപനിഷത്ത് അരുളുന്നതുപോലെ 'ഉപേക്ഷിച്ചു ഭക്ഷിക്കൽ' എന്ന ഉയർന്ന തലത്തിലേക്കുള്ള ചുവടുവെപ്പുമാണത്.

താൽക്കാലിക നേട്ടങ്ങളിലെ നിലമറക്കലുകളെ ഈ യാഥാർഥ്യത്തിലേക്ക് തിരിച്ചു വിടുകയാണ് ഇതിഹാസ കവി. മനസ്സാക്ഷിയുടെ കൈയൊപ്പില്ലാതെ ഇത്തരം ആശയങ്ങളെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കാൻ വളരെയെളുപ്പമാണ്, എന്നാൽ ജീവിതത്തിന്റെ നിർണായക സന്ദർഭത്തിൽ അതിന്റെ അന്തസ്സാരം തൊട്ടറിഞ്ഞ് മനോവാക്കർമങ്ങളിലൂടെ ആചരണതലത്തിലേക്കെത്തിക്കുന്നതാണ് ദുഷ്ക്കരം.

വെട്ടിപ്പിടിച്ചും കെട്ടിപ്പടുത്തും തട്ടിപ്പറിച്ചും പൊട്ടിച്ചെറിഞ്ഞും തിടുക്കപ്പെട്ടോടുന്ന, സമാഹരണവിഭ്രാന്തികളാൽ തൃപ്തികരമായ ഉപഭോഗംപോലും അസാധ്യമാകുന്ന വർത്തമാനകാലത്ത് വിശേഷിച്ചും. അതിനിടയിൽ ഈ ആദർശത്തിന്റെ ചെറിയൊരംശമെങ്കിലും ഉത്തമബോധ്യത്തോടെ ജീവിതത്തിൽ പകർത്തുമ്പോൾ കൈവരുന്ന കൃതാർഥത സർവോൽക്കൃഷ്ടമായിരിക്കുമെന്നു തന്നെയാണ് ലോകത്തിലെ എക്കാലത്തും എവിടെയുമുള്ള മഹാത്മാക്കൾ നമ്മെ പഠിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkidakamRamayana
News Summary - Ramayana masam messages
Next Story