Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamayana Masamchevron_rightഉപദേശസാഗരം

ഉപദേശസാഗരം

text_fields
bookmark_border
ഉപദേശസാഗരം
cancel

ഉപദേശങ്ങളും പ്രബോധനങ്ങളും നീതിവാക്യങ്ങളും സ്തുതികളും ആഖ്യാനങ്ങളുംകൊണ്ട് സമ്പന്നമാണ് രാമായണം. അതിൽ സാരോപദേശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വിവിധ സന്ദർഭങ്ങളിൽ ഉരുത്തിരിഞ്ഞു വരുന്ന അനുകൂലവും പ്രതികൂലവും സമ്മിശ്രവുമായ എല്ലാ അനുഭവങ്ങളുടെയും അവയോടുള്ള പ്രതികരണങ്ങളുടെയും ആകത്തുകയാണ് മനുഷ്യജീവിതം. ഇത്തരം അനുഭവവൈവിധ്യങ്ങളെ സന്തുലിതഭാവത്തോടെ ഉൾക്കൊള്ളുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന ജീവനകലയാണ് ഇതിഹാസങ്ങളിൽ സാരോപദേശങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഉദ്ബോധനവും ഓർമപ്പെടുത്തലും ആഹ്വാനവും താക്കീതും സാന്ത്വനവുമായി അവ പ്രവർത്തിക്കുന്നു.

സീതാപരിണയത്തിനുശേഷം ശ്രീരാമനെ നാരദമുനി സന്ദർശിച്ച് രാമാവതാരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ അദ്ദേഹം ഓർമപ്പെടുത്തുന്നു. ബ്രഹ്മാവിെൻറ നിയോഗത്താലാണ് താനിവിടെ വന്നത്. അങ്ങയുടെ പട്ടാഭിഷേകം ദശരഥൻ തീരുമാനിച്ചു കഴിഞ്ഞു. അതിനങ്ങ് നിന്നുകൊടുത്താൽ രാവണൻ ഉൾപ്പെടെയുള്ളവരെ വധിച്ച് ധർമത്തെ പരിരക്ഷിക്കാൻ ഇവിടെ ആരും ഇല്ലാതെയാകും. സീതയെ കാരണഭൂതയാക്കിക്കൊണ്ട് രാക്ഷസവംശത്തെ ഉന്മൂലനം ചെയ്യാൻ അടുത്ത ദിവസംതന്നെ വനവാസത്തിനുപോകുമെന്ന മറുപടിയാണ് ശ്രീരാമൻ നൽകുന്നത്. പട്ടാഭിഷേകം മുടങ്ങിയപ്പോൾ കോപത്തോടെ തിളച്ചുമറിയുന്ന ലക്ഷ്മണന് കൊടുക്കുന്ന ഉപദേശവും ശ്രദ്ധേയമാണ്.

ദേഹാഭിമാനം നിമിത്തമായുണ്ടായ അറിവില്ലായ്മകൊണ്ടാണ് ലക്ഷ്മണൻ ഈ ലോകം ദഹിപ്പിക്കാൻ തീരുമാനിച്ചത്. പഞ്ചവടിയിൽവെച്ച് ലക്ഷ്മണൻ മുക്തി നേടുന്നതിനുള്ള ഉപായങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോൾ ജ്ഞാനവിജ്ഞാനങ്ങൾ, ഭക്തി, വൈരാഗ്യം തുടങ്ങിയവ ശ്രീരാമൻ സവിസ്തരം ഉപദേശിക്കുന്നുണ്ട്. ബാലിവധത്തിനുശേഷം പത്നിയായ താരക്ക് ശ്രീരാമൻ കൊടുക്കുന്ന ഉപദേശങ്ങളും ശ്രദ്ധേയമാണ്.

പഞ്ചഭൂതാത്മകമായ ദേഹം മാത്രമെ നശിക്കുന്നുള്ളൂ എന്നും അതിൽ കുടികൊള്ളുന്ന ആത്മചൈതന്യത്തെ നശിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും പ്രസ്തുത തത്ത്വമുൾക്കൊണ്ട് സമചിത്തത വീണ്ടെടുത്ത് ലോകത്തിൽ പുലരണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. രാമലക്ഷ്മണന്മാരെ ദൂരേക്കകറ്റി സീതയെ തട്ടിയെടുക്കാൻ മാൻവേഷമണിയുന്നതിന് മാരീചനോട് ആവശ്യപ്പെട്ടപ്പോൾ സാക്ഷാൽ നാരായണനായ ശ്രീരാമനെ ഭജിച്ച് ജീവിക്കാനാണ് അദ്ദേഹം രാവണനോട് ആവശ്യപ്പെടുന്നത്. സീതയെ എത്രയുംവേഗം രാമന് മടക്കിക്കൊടുത്ത് മാപ്പപേക്ഷിക്കണമെന്ന് വിഭീഷണൻ, മണ്ഡോദരി, മാല്യവാൻ, കാലനേമി എന്നിവർ വിവിധ സന്ദർഭങ്ങളിൽ രാവണനെ ഉപദേശിക്കുന്നുണ്ടെങ്കിലും അതെല്ലാം അദ്ദേഹം നിരാകരിക്കുകയാണുണ്ടായത്.

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ, പ്രതിബന്ധങ്ങളെ അതിെൻറ സ്വരൂപവും സ്വഭാവവും യാഥാർഥ്യബോധത്തോടെ തിരിച്ചറിഞ്ഞ് തദനുസൃതമായി മനോവാക്കർമങ്ങളെ ക്രമീകരിക്കുന്നതിനും അതിലൂടെ അവയെയെല്ലാം അതിക്രമിക്കുന്നതിനും വിവിധ കഥാപാത്രങ്ങളെ നിമിത്തമാക്കി മനുഷ്യരാശിയെ സജ്ജീകരിക്കുകയാണ് രാമായണം ഉൾപ്പെടെയുള്ള കാവ്യേതിഹാസങ്ങളിലെ ആഴവും പരപ്പുമാർന്ന ഉപദേശഭാഗങ്ങൾ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramayana masam
News Summary - ramayana masam
Next Story