പഞ്ഞമാസം മുതൽ കള്ളക്കിർക്കിടകം വരെ; കർക്കിടകത്തിന്‍റ കഥകൾ
text_fieldsതെക്കുപടിഞ്ഞാറൻ കാലവർഷം ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന കാലഘട്ടം. പ്രകൃതി പച്ചപ്പണിഞ്ഞ് അതിമനോഹരിയായി നിൽക്കുന്നു. കർക്കിടകം കേരളത്തിലെ മഴക്കാലത്തിന്റെ പാരമ്യമായ മാസമാണ്. ആത്മീയവും മതപരവുമായ പ്രാധാന്യങ്ങൾക്ക് പുറമേ കർക്കിടകത്തിന് നിരവധി സാമൂഹിക, ആരോഗ്യ, കാർഷിക, സാംസ്കാരിക പ്രത്യേകതകളുണ്ട്. പൊതുവേ ശക്തമായ മഴ ലഭിക്കുന്ന മാസമായതിനാൽ നദികളും ജലാശയങ്ങളും നിറഞ്ഞൊഴുകുന്ന സമയം കൂടിയാണിത്. ജ്യോതിശാസ്ത്രപ്രകാരം സൂര്യൻ കർക്കടക രാശിയിലേക്ക് പ്രവേശിക്കുന്നതോടെയാണ് മാസം ആരംഭിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് കർക്കിടകം എന്ന പേര് ലഭിച്ചത്. രാമായണമാസം, പഞ്ഞമാസം എന്നിങ്ങനെയും അറിയപ്പെടുന്നു.
പരിസ്ഥിതിയുടെ പുനരുജ്ജീവനത്തിന്‍റെ നാളുകൾകൂടിയാണ് കർക്കിടകമാസം. മരങ്ങളും സസ്യങ്ങളും സമൃദ്ധമായി വളരുകയും ഭൂഗർഭജലനിരപ്പ് ഉയരാൻ സഹായിക്കുകയും ചെയ്യുന്നു. വന്യജീവികൾക്കും ജൈവവൈവിധ്യത്തിനും അനുകൂലമായ കാലഘട്ടമാണിത്. കാർഷികപ്രാധാന്യം ഏറെയുള്ള കർക്കിടകം കൃഷി സജീവമാകുന്ന കാലമാണ്. ഉയർന്ന ജലലഭ‍്യത ആവശ‍്യമായ വിളകൾക്കും, ജലവിളകൾക്കും കർക്കിടകത്തിലെ മഴ ഏറെ പ്രയോജനമാണ്. നെൽകൃഷി ഉൾപ്പെടെയുള്ളവക്കും ഇത് നിർണായകമാണ്.
പഞ്ഞമാസം
പുരാതന കേരളം പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കർക്കിടകത്തിൽ ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും അടുത്ത വിളവെടുപ്പിനായി നീണ്ട കാത്തിരിപ്പാണ്. ഇതിനിടയിൽ മുമ്പ് സംഭരിച്ച വിളകൾ ഏകദേശം തീർന്നു തുടങ്ങും. ഇത്തരത്തിൽ ഭക്ഷ്യവിഭവങ്ങളുടെ ലഭ്യത കുറയുന്ന കാലമായതിനാലാണ് പഞ്ഞ മാസംമെന്നും പണ്ടുള്ളവർ കർക്കിടകത്തെ വിളിച്ചിരുന്നത്.
ജീവിതശൈലിയിലും നിരവധി മാറ്റങ്ങൾ കർക്കിടകത്തിൽ കാണപ്പെടാറുണ്ട്. ശക്തമായ മഴ മൂലം മിക്കവാറും ആളുകൾ വീടിനുള്ളിൽ കഴിഞ്ഞു കൂടുന്നു. ദൈനംദിനജോലികളും ചിലപ്പോൾ തടസപ്പെടാം. ചൂടുള്ള പാനീയങ്ങളും മറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും മറക്കാറില്ല. സാമ്പത്തിക മാന്ദ്യവും ഈ മാസത്തിൽ അനുഭവപ്പെടാറുണ്ട്. പണ്ട് കാലത്ത് മണ്ണിടിച്ചിലും മറ്റും കാരണം ഗതാഗതതടസങ്ങളും ഇക്കാലത്ത് നേരിടാറുണ്ട്.
ആരോഗ്യ സംരക്ഷണം
ശുചിത്വം, പോഷകാഹാരം, പ്രതിരോധശേഷി എന്നിവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുന്ന സമയമാണിത്. ഔഷധസസ്യങ്ങളും നാടൻ ധാന്യങ്ങളും ചേർത്ത് തയ്യാറാക്കുന്ന കർക്കിടക കഞ്ഞി പ്രധാനഭക്ഷണവിഭമണ്. ഇത് ശരീരത്തിന് ഊർജവും പ്രതിരോധശേഷിയും നൽകുമെന്നാണ് പരമ്പരാഗത വിശ്വാസം. മഴക്കാലമായതിനാൽ ജലജന്യ, കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്.
കള്ളകർക്കിടകം
മാസം അവസാനിച്ചിട്ടും ചിലപ്പോൾ ശക്തമായ മഴ തുടരാറുണ്ട്. ഇതിനെ പണ്ടുള്ളവർ കള്ളക്കർക്കിടകം എന്നാണ് വിളിച്ചിരുന്നത്. ഇന്നും കർക്കിടകം കഴിഞ്ഞിട്ടും ശക്തമായ മഴ തുടരുന്ന വർഷങ്ങളിൽ മാധ്യമങ്ങളിലും പൊതുചർച്ചകളിലും "കള്ളക്കർക്കിടകം" എന്ന പ്രയോഗം ഇടയ്ക്കിടെ ഉപയോഗിക്കാറുണ്ട്.
കർക്കിടകത്തിന്റെ ചരിത്രം മതാചാരങ്ങളെക്കാൾ ഏറെ കേരളത്തിന്റെ കാർഷിക ജീവിതം, കാലാവസ്ഥ, മഴ, ഭക്ഷ്യലഭ്യത, ജനങ്ങളുടെ ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ടതാണ്. പുരാതന കേരളത്തിൽ ഇത് ദാരിദ്ര്യവും ക്ഷാമസാധ്യതയും നിറഞ്ഞ ഒരു ഇടക്കാലമായിരുന്നെങ്കിൽ ഇന്ന് അത് പ്രധാനമായും മഴക്കാലത്തിന്റെയും പ്രകൃതിയുടെ സമൃദ്ധിയുടെയും പ്രതീകമായി മാറിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

