കടമകൾ ഏറിയ നാട്ടിൽ പുണ്യങ്ങളുടെ പൂക്കാലം
text_fieldsകലാകായിക സാംസ്കാരിക പരിസരവും രാഷ്ട്രീയ ചടുലതയും കൊണ്ട് പേരുകേട്ട ഞങ്ങളുടെ നാട്. പാണ്ഡിത്യ ശ്രേഷ്ഠതയാൽ ‘ഓർ’ പദവി ലഭിച്ചവരുടെ കരുതലിൽ കടമകൾ ഏറിയവരുടെ ദേശം. ആ ദേശക്കാർക്കെല്ലാം സൗഹൃദ കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും വലിയ ആഘോഷമായിരുന്നു നോമ്പ്.
നോമ്പുകാലത്ത് പ്രത്യേകമായി തുടങ്ങുന്ന പഴവർഗ കച്ചവട സ്ഥാപനങ്ങൾ, തുറ സമയത്ത് മധുര പാനീയങ്ങൾ തണുപ്പിക്കാൻ ആവശ്യമായ ഐസ് വിൽപന, ആദ്യ പത്തിന് ശേഷം തുടങ്ങുന്ന പടക്കക്കച്ചവടം... എല്ലാംകൊണ്ടും ഞങ്ങളുടെ അങ്ങാടി ജനനിബിഡമായിരിക്കും. വിശാലമായ പറമ്പിൽ ഹൈന്ദവ വീടും മുസ്ലിം വീടും അടുത്തടുത്തായതിനാൽ എല്ലാ ആഘോഷങ്ങളും ഞങ്ങൾ ഒന്നിച്ചായിരുന്നു. പ്രത്യേകമായി വീടുകളിൽ നടക്കുന്ന നോമ്പുതുറക്ക് ഒന്നിച്ചിരിക്കുന്നതിന്റെ ആ സ്നേഹച്ചരട് പൊട്ടാതെ കാത്തുസൂക്ഷിക്കുന്നത് തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നന്മയുടെ വഴി വിശാലമായതുകൊണ്ടാണ്.
ഞങ്ങൾ അന്നുവരെ അയൽപക്ക വീടുകളിലെ നോമ്പുതുറക്ക് രുചിച്ച പലതരം പത്തിരികൾ ഒരു ചെമ്പിൽ സംഗമിക്കുമായിരുന്നു. ഞങ്ങളുടെ മഹല്ല് പള്ളിയിൽ ആ വലിയ നോമ്പുതുറ ഇന്നും തുടർന്നുവരുന്നുണ്ട്. പള്ളിക്കമ്മിറ്റി വക ഉണ്ടാക്കിയെടുക്കും വലിയ ചെമ്പിലെ ഇറച്ചിക്കറി. പല വീടുകളിലെ ഉമ്മമാർ ഉണ്ടാക്കി കൊടുത്തയക്കുന്ന കുഞ്ഞിപ്പത്തൽ, ഓട്ടുപത്തൽ, അട്ടിപ്പത്തൽ, ഇലപ്പത്തൽ, കോഴിപ്പിടി പത്തൽ മുതൽ കൊഴുക്കട്ട വരെ ചെമ്പിൽ പുഴുങ്ങിയെടുക്കും. പതിനേഴാം രാവിലെ പൂർണ ചന്ദ്രനിൽ ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ നോമ്പുതുറ അതായിരുന്നു.
അവസാന പത്തിന്റെ രണ്ടു ദിവസം മുമ്പ് പിരിശപ്പെട്ട കുടുംബവീടുകളിലെ നോമ്പുതുറക്കു പോകുന്നതിന്റെ വലിയ ഉദ്ദേശ്യം കാരണവന്മാരിൽ നിന്നും കിട്ടുന്ന കൈമടക്കുകൊണ്ട് കീശയെ ഉഷാറാക്കുകയായിരുന്നു. കൂട്ടുകാർക്കിടയിൽ അധികം കിട്ടുന്നവനാണ് കേമൻ എന്നതുകൊണ്ട് ആദ്യമേ ഒരു ടാർഗറ്റ് ഉണ്ടാകും. തികക്കുന്നത് ഇരുപത്തിയേഴാം രാവിൽ ഖബറും പുറത്തുവെച്ചാണ്. മൈലാഞ്ചിച്ചെടിയുടെ ചുവട്ടിൽ പള്ളിപ്പറമ്പിൽ കിടന്നുറങ്ങുന്നവരുടെ പാപമോചനത്തിന് വേണ്ടി ബന്ധുക്കളുടെ പ്രാർഥനയിൽ പങ്കെടുത്തു മടങ്ങുന്നവരിൽ നിന്നും കിട്ടും കൈമടക്ക്. ഇരുപത്തിയേഴാം രാവിനുശേഷം കുട്ടികളുടെ സംഘം അങ്ങാടിയിൽ ഒത്തുകൂടും. കൂട്ടംചേർന്ന് പടക്കം മേടിക്കുക, പെരുന്നാളിൻ വൈകുന്നേരം എവിടേക്ക് യാത്ര പോകണം എന്നതിനെ ക്കുറിച്ചുള്ള ചർച്ചകൾ.
താഴങ്ങാടിയും ഐത്തലയുമായിരുന്നു സ്ഥിര സന്ദർശന സ്ഥലം. വയസ്സ് മൂപ്പിനനുസരിച്ച് വയനാടും കടന്ന് മൈസൂരുവിലും മറ്റു ഇടങ്ങളിലേക്കും ഞങ്ങളുടെ യാത്ര വ്യാപിപ്പിച്ചു. ഞങ്ങൾ എട്ടുപേർ വാടകക്കെടുത്ത ജീപ്പിൽ മൈസൂരുവിലേക്ക് നടത്തിയ ആദ്യ പെരുന്നാൾ യാത്ര. പുലർച്ച രണ്ടുമണിക്ക് മൈസൂരുവിലെത്തി കുളിച്ച് ഫ്രഷ് ആവാൻ ഇടം തേടി ഒരു ലോഡ്ജിനു മുന്നിലെത്തി. ഞങ്ങൾക്ക് ഉറങ്ങാൻ സൗകര്യം വേണ്ട, വെറും കുളിച്ചാൽ മാത്രം മതി എന്ന് ലോഡ്ജിലെ റിസപ്ഷനിൽ അവതരിപ്പിക്കണം. മലയാളമല്ലാതെ ഒരു ഭാഷയും ആർക്കും വശമില്ല. കൂട്ടത്തിൽ രസികനായവൻ ‘സോനാ നോ’ ഹിന്ദിയും ഇംഗ്ലീഷും കലർന്ന വാക്ക്, റിസപ്ഷനിൽ ഇരിക്കുന്ന കക്ഷിക്ക് മനസ്സിലായി.100 രൂപക്ക് എല്ലാവർക്കും അതിനുള്ള അനുമതിയും ലഭിച്ചു. സൗഹൃദം വേരറ്റു പോകാതിരിക്കാൻ ഇന്നത്തെ ഏതൊക്കെ മാധ്യമങ്ങൾ ഉണ്ടോ അതെല്ലാം ഞങ്ങൾ ഉപയോഗപ്പെടുത്തുന്നു. അതിലുപരിയായി ഇങ്ങകലെ ഗൾഫിലെ പല രാജ്യങ്ങളിലായി ജോലി ചെയ്യുന്നവരാണെങ്കിലും നോമ്പും പെരുന്നാളും ഒന്നിച്ച് ആഘോഷിക്കാൻ പരമാവധി ഞങ്ങൾ ശ്രമിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.