Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightപൈതൃകം കാത്ത് ...

പൈതൃകം കാത്ത് മലയാളിപ്പെരുമ

text_fields
bookmark_border
പൈതൃകം കാത്ത്  മലയാളിപ്പെരുമ
cancel
camera_alt

ഫർസാന ഹാഷിം

ഫർസാന ഹാഷിം, അറബ് മണ്ണിലെ പൈതൃക നിർമിതികളുടെ മലയാളി സൂക്ഷിപ്പുകാരി. യു.എ.ഇയുടെയും അബൂദബിയുടെയും ചരിത്രവും നിർമിതികളുമെല്ലാം വരും തലമുറക്കുവേണ്ടി സംരക്ഷിച്ചു പരിപാലിക്കുകയാണിവർ. ഡിപ്പാർട്മെന്‍റ്​ ഓഫ് കൾചർ ആൻഡ്​​ ടൂറിസത്തിന്‍റെ (ഡി.സി.ടി) കീഴിലുള്ള മോഡേൺ ഹെറിറ്റേജ് വിഭാഗത്തിൽപ്പെട്ട പൈതൃക പദ്ധതികളുടെ പുനരുദ്ധാരണം, ഗവേഷണം തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഫർസാന ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യ പോലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നിർമിതികളെ അപേക്ഷിച്ച്, യു.എ.ഇയുടെ പൈതൃക സൂക്ഷിപ്പുകൾ അധികവും മോഡേൺ ഹെറിറ്റേജ് വിഭാഗത്തിലാണ്.

ഇമാറാത്തി നിർമിതികളുടെ പൂർവകാല രേഖകളിലൂടെയും ചരിത്ര വസ്​തുതകളിലൂടെയും സഞ്ചരിക്കുമ്പോൾ നാടിന്‍റെ പാരമ്പര്യത്തിനൊപ്പം ജീവിതം നയിക്കുന്ന പ്രതീതിയാണ്. ഇമാറാത്തി ജനതയുടെ റമദാനും പെരുന്നാളുമെല്ലാം ഫർസാനക്ക് വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഒന്ന് പതിറ്റാണ്ടുകൾക്കപ്പുറത്തെ ചരിത്രത്തിൽ നിന്ന് തേടിപ്പിടിച്ച ആഘോഷം, രണ്ട് ആധുനികവും സമ്പുഷ്ടവുമായ വർത്തമാനകാലത്തോട് ചേർന്നുനിന്നുള്ള ആഘോഷം. രണ്ടും ഒരേ പോലെ അനുഭവിക്കാനാവുന്നു എന്നതിന്‍റെ സന്തോഷത്തിലാണ് ഈ യുവ ആർക്കിടെക്ട്. പൈതൃക നിർമിതികളെ സംരക്ഷിച്ചു കാത്തു സൂക്ഷിക്കുന്നതിൽ രാജ്യത്തിന്‍റെ ഭരണാധികാരികൾ സ്വീകരിക്കുന്ന നിരന്തരമായ ഇടപെടലുകളും അഭിനിവേശവും മാതൃകയാക്കേണ്ടതാണെന്നാണ് ഫർസാനയുടെ അഭിപ്രായം. അബൂദബിയിലെ അൽ മൻഹൽ കൊട്ടാരം, അബൂദബി ഡൽമ ദ്വീപിൽ പവിഴക്കച്ചവടക്കാർ നിർമിച്ച വീടുകളും മസ്​ജിദുകളും തുടങ്ങിയവയുടെ പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ച ശേഷം, നിലവിൽ അൽ ഐനിലെ നാഷനൽ മ്യൂസിയത്തിന്‍റെ പൈതൃക നിർമിതികളുമായി ബന്ധപ്പെട്ട പുനർനിർമാണത്തിലാണുള്ളത്. മ്യൂസിയത്തിലെ സുൽത്താൻ പോർട്ടിന്‍റെ മണ്ണുകൊണ്ടുള്ള നിർമിതിയിലെ ശേഷിപ്പുകൾ അതേ പോലെ നിലനിർത്താനുള്ള നിർമാണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എട്ടാം ക്ലാസ്​ മുതൽ 12 വരെ അജ്മാൻ അൽ അമീൻ ഇംഗ്ലീഷ് സ്​കൂളിലായിരുന്നു പഠനം. മഹാത്​മാഗാന്ധി യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ആലുവ ഹോളി ക്രസന്‍റ്​ കോളജ് ഓഫ് ആർക്കിടെക്ചറിൽ ആയിരുന്നു ബിരുദം. ഇതേ കോളജിൽ തന്നെ ഗെസ്​റ്റ് ലെക്ചററായും ജോലി ചെയ്തു. കൂടെപ്പഠിച്ച കൂട്ടുകാരിക്കൊപ്പമുള്ള ഡൽഹി യാത്രയാണ് ജീവിതത്തിലെ വഴിത്തിരിവായത്. ഡൽഹി സ്​കൂൾ ഓഫ് പ്ലാനിങ് ആൻഡ്​ ആർക്കിടെക്ചറിലെ എം.ആർക്ക് കോഴ്സിന്‍റെ ഇന്‍റർവ്യൂ അറ്റൻഡ്​ ചെയ്യാൻ സുഹൃത്തിന് കൂട്ടുവന്നതാണ്. അതിനൊപ്പം അവർ ഇന്‍റർവ്യൂവിലും പങ്കെടുത്തു. മൂന്ന് ദിവസം നീണ്ട ഇന്‍റർവ്യൂവിൽ ഡോക്യുമെന്‍റേഷൻ, ഹിസ്​റ്ററി ഓഫ് ആർക്കിടെക്ചർ തുടങ്ങിയ മൊഡ്യൂളുകൾ മറികടന്നാണ് മാസ്​റ്റർ ഓഫ് ആർക്കിടെക്ചറിന് ഡൽഹി എസ്​.പി.എയിലെ ആകെയുള്ള 15 സീറ്റുകളിൽ സ്​ഥാനം ഉറപ്പിച്ചത്. 2020ൽ ഗോൾഡ് മെഡലോടെ എം.ആർക്ക് സ്വന്തമാക്കി പുറത്തിറങ്ങി.

യുനസ്​കോയുടെ പൈതൃക പട്ടികയിലുള്ള കർണാടക ഐഗോളയിലെ അമ്പലങ്ങൾ, ബദാമി, പട്ടടയ്ക്കൽ എന്നിവിടങ്ങളിലെ പൈതൃക നിർമിതികളുടെ പുനരുദ്ധാരണത്തിൽ പങ്കെടുത്തത് ഏറെ ഗുണകരമായി. പാരിസ്​ഥിതിക ദുരന്തം, യുദ്ധങ്ങൾ തുടങ്ങിയവയിലൂടെ നശിക്കുന്ന പൈതൃക നിർമിതികളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, റോം കേന്ദ്രമായ ഇക്രോം എന്ന സ്​ഥാപനത്തിന്‍റെ കീഴിൽ അറബ് ആഫ്രിക്കൻ സിറ്റികളിലെ ഹെറിറ്റേജ് കൺസർവേഷൻ സംബന്ധിച്ച റിസർച്ചും ചെയ്യാൻ സാധിച്ചു. ഈ റിസർച്ച്​ പേപ്പർ അസർബൈജാൻ ബാകുവിൽ നടന്ന 44ാമത് കൺവെൻഷനിൽ അവതരിപ്പിച്ചതും ശ്രദ്ധേയമായി.

2019ൽ ഇ​ന്‍റേൺഷിപ്പിന്‍റെ ഭാഗമായി ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിന്‍റെ കൾചറൽ ലാൻഡ് സ്​കേപിന്‍റെ പ്രത്യേകതകൾ, പാണ്ഡ്യൻ, പൂഞ്ഞാർ രാജവംശങ്ങളുടെ കടന്നുവരവ്, പീരുമേട് എന്ന പേരിനുതന്നെ കാരണമായ പീർ മുഹമ്മദ് എന്ന സൂഫിയുമായി ബന്ധപ്പെട്ട സന്യാസ വഴിത്താരകൾ, ഹെൻഡ്രി ബേക്കലിന്‍റെ പ്ലാന്‍റേഷൻ പദ്ധതികൾ, ടീ ഗാർഡൻ ലാൻഡ് സ്​കേപ്, ടീ ടൂറിസം, മൺറോ സായിപ്പിന്‍റെ ജീവിതം, പുഴകളുടെ ഉത്ഭവം, പാരിസ്​ഥിതിക ലോല മേഖല നേരിടുന്ന പ്രതിസന്ധികൾ തുടങ്ങി ചരിത്ര വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള പഠനവും ശ്രദ്ധ നേടി. പഠന കാലയളവിലും ശേഷവും നടത്തിയ ഗവേഷണങ്ങളും വിവിധ പദ്ധതികളുടെ ഭാഗമായതുമെല്ലാമാണ് അറബ് പൈതൃക നിർമിതിയുടെ കാത്തുസൂക്ഷിപ്പിനായി യു.എ.ഇയുടെ വലിയൊരു ദൗത്യത്തിലേക്ക് ഈ മലയാളി ആർക്കിടെക്ടിനെ എത്തിച്ചത്. ഡിപ്പാർട്മെന്‍റ്​ ഓഫ് കൾചർ ആൻഡ്​​ ടൂറിസം (ഡി.സി.ടി), വിവിധ പൈതൃക നിർമിതികളുടെ നിലനിൽപിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

ഇത്തരം പദ്ധതികൾ ഏറ്റെടുത്തു നടത്താൻ പ്രായോഗിക യോഗ്യതയുള്ള നിരവധി കമ്പനികൾക്കാണ് കരാർ നൽകുന്നത്. അൽ ഐനിലെ നാഷനൽ മ്യൂസിയത്തിന്‍റെ ഭാഗമായ സുൽത്താൻ പോർട്ടിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായതും അങ്ങനെയാണ്. ഈരാറ്റുപേട്ട കുന്നറാം കുന്നേൽ പുത്തൻ പുരയിൽ മുഹമ്മദ് ഹാഷിമാണ് പിതാവ്. മാതാവ് ഷീന ഹാഷിം അജ്മാൻ കേന്ദ്രമാക്കി ബിസിനസ്​ നടത്തിവരുന്നു. ഭർത്താവ് ബംഗളൂരുവിൽ സ്​ഥിരതാമസമാക്കിയ പാലക്കാട് ഒലവക്കോട് സ്വദേശി ആസിഫുദ്ദീൻ ആസ്​ട്രേലിയ ന്യൂസിലൻഡ്​ ബാങ്കിന്‍റെ ഇന്ത്യയിലെ സൈബർ സെക്യൂരിറ്റി ചാപ്റ്റർ ലീഡ് ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HeritageRamadan 2024Eid ul Fitr 2024
News Summary - Eid-heritage-Malayali
Next Story