ആദ്യവെള്ളിയിൽ നിറഞ്ഞുകവിഞ്ഞ് പള്ളികൾ
text_fieldsദുബൈ: റമദാൻ മാസത്തിലെ ആദ്യവെള്ളിയാഴ്ച ജുമുഅ പ്രാർഥനക്ക് രാജ്യത്തിന്റെ വിവിധ പള്ളികളിൽ എത്തിച്ചേർന്നത് ആയിരക്കണക്കിന് വിശ്വാസികൾ. സാധാരണയിൽനിന്ന് വ്യത്യസ്തമായി പലയിടങ്ങളിലും നേരത്തേ തന്നെ പള്ളികൾ നിറഞ്ഞുകവിഞ്ഞിരുന്നു. അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് അടക്കം രാജ്യത്തെ ചെറുതും വലുതുമായ എല്ലാ പള്ളികളിലും തിരക്ക് പ്രകടമായിരുന്നു. റമദാനിന്റെ സദ്ഫലങ്ങൾ ജീവിതത്തിൽ ചേർത്തുവെക്കാൻ നോമ്പനുഷ്ഠാനത്തിലൂടെ വിശ്വാസികൾക്ക് കഴിയണമെന്ന് ഇമാമുമാർ ജുമുഅ പ്രഭാഷണത്തിൽ ഉണർത്തി. ഖുർആൻ പാരായണവും ദാനധർമങ്ങളും വർധിപ്പിച്ച് ദൈവസാമീപ്യം കരസ്ഥമാക്കാനും റമദാൻ ശരിയായ രീതിയിൽ ഉപയോഗിക്കാനും പ്രഭാഷണങ്ങളിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാൽ പള്ളികളിൽ ആശങ്കയില്ലാതെയാണ് വിശ്വാസികൾ എത്തിച്ചേർന്നത്. കഴിഞ്ഞവർഷം സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് ഒരുമിച്ചുകൂടിയിരുന്നത്. ഇത്തവണ ഇത്തരം നിർദേശങ്ങളില്ലാത്തതിനാൽ പള്ളികളിൽ കൂടുതൽ സമയം ചെലവഴിക്കാനും സാധിക്കുന്നുണ്ട്. നേരത്തേ പള്ളികളിൽ എത്തിച്ചേർന്ന പലരും വൈകുന്നേരത്തെ നമസ്കാരം കൂടി കഴിഞ്ഞാണ് മടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തിൽ ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും വിശ്വാസികൾ പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്നത് എല്ലായിടത്തും കാണാമായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യവും സാധാരണത്തേക്കാൾ കൂടുതലായിരുന്നു.
റമദാനിൽ ജോലിസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും പ്രവൃത്തി സമയം വെട്ടിക്കുറച്ചതിനാൽ നേരത്തേ പ്രാർഥനക്ക് എത്തിച്ചേരാൻ സൗകര്യവുമുണ്ട്. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുമതിയുണ്ട്. പൊതുവിദ്യാലയങ്ങളിലെയും സർവകലാശാലകളിലെയും വിദ്യാർഥികൾക്കും സമാനമായ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദൂര പഠനമായിരിക്കും വെള്ളിയാഴ്ചകളിൽ ഇവർക്ക് ഏർപ്പെടുത്തിയത്. സ്ഥാപനങ്ങൾക്ക് പ്രവൃത്തി സമയം നിയമാനുസൃതമായി മാറ്റം വരുത്താനുള്ള അനുമതിയും നൽകിയിരുന്നു. ഷാർജ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ റമദാനിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും അവധിയാണ്. ഇതെല്ലാം ആദ്യ വെള്ളിയാഴ്ചയിൽ പള്ളികൾ സജീവമാകുന്നതിന് സഹായകവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

