‘കോവാലന്റെ വാങ്ക്’
text_fieldsനോമ്പുകാലമായാൽ ഉമ്മാമക്ക് ഒരു സന്യാസിനിയുടെ ഭാവമാണ്. ചുറ്റും നടക്കുന്നതൊന്നും ബാധിക്കില്ലെന്ന് തോന്നുമാറ് ഏതുനേരവും മന്ത്രോച്ചാരണങ്ങൾ നടത്തിയും ദീർഘനേരം നമസ്കരിച്ചും ഖുർആൻ പാരായണം ചെയ്തും കഴിച്ചുകൂട്ടും. അടുക്കളയിൽ പലഹാരം ഉണ്ടാക്കാനോ പറമ്പിൽ പണിക്കാരുടെ കാര്യം നോക്കാനോ വീടിനു പുറത്ത് നടക്കാനോ ഒന്നും ഉമ്മാമാനെ കിട്ടില്ല. വെള്ളത്തട്ടം പുതച്ച് ഭക്തിയോടെ പ്രാർഥനയിൽ കഴിച്ചുകൂട്ടും. മൗവ്വടി ഒച്ച കേൾക്കുമ്പോഴറിയാം വുദു എടുക്കാൻ തുടങ്ങിയെന്ന്.
പിരാന്തൻ കോവാലന് ഉച്ചത്തിൽ പാട്ടുപാടി റോഡിലൂടെ നടന്നുപോകും, ഇടക്ക് വീട്ടിലേക്ക് കയറിവരും.
‘‘ഇഞ്ഞ് എന്തിനാ കോവാലാ ഇപ്പം കാരിവന്നേ, ഞാക്ക് നോമ്പല്ലേ?’’
‘‘ഉയിന്റെ ഉമ്മേറ്റ്യാറേ, എനക്ക് തിരിഞ്ഞിക്കില്ല. ഞാന്‍ ഇങ്ങളെല്ലാം ഒന്ന് കാണുവേന്‍ കാരിയതാ... ഞാനിതാ പോയി.’’ അതും പറഞ്ഞു കോവാലന് ഇറങ്ങിനടക്കും.
നോമ്പുകാലത്ത് വീട്ടിൽ പകൽ ഒന്നും വെച്ചുവിളമ്പുകയോ തിന്നുകയോ ചെയ്യില്ല. സാധാരണയാണെങ്കിൽ എന്തെങ്കിലും തിന്നാനോ കുടിക്കാനോ കൊടുത്താൽ അതും കഴിഞ്ഞാണ് കോവാലന് പോവുക. നോമ്പായാല്‍ കോവാലനും നോമ്പുതന്നെ. റോഡില്‍ ഇറങ്ങി പാട്ടുപാടിയാണ് നടപ്പ്. ഇടക്ക് കൈമുട്ടും, ഉച്ചത്തിൽ ചിരിക്കും. സന്തോഷവാനായിരിക്കും എപ്പോഴും.
കുട്ടികളെ കണ്ടാൽ നടന്നുപോകുന്നതിനിടക്ക് പലവട്ടം തിരിഞ്ഞുനോക്കും, ചിരിയോടെ. കോവാലന്റെ അത്രയും സന്തോഷം ആർക്കാണുള്ളത്.
വെള്ളക്കുപ്പായത്തിന് ആകെയുള്ള ഒരു കുടുക്ക് നിരതെറ്റിയാണ് ഇട്ടത്. ചട്ടുകാലനെ ഓർമിപ്പിക്കുന്ന ഒരു കറുത്ത ട്രൗസറും. അമ്മ പറയും, ‘മുണ്ടുടുത്താൽ ഓന്റെ ഉടലുമ്മല് കാണൂല്ല’ എന്ന്. അതു ഉടുക്കാനും കോവാലന് അറിഞ്ഞുകൂടാ. അമ്മ പണിയെടുത്ത് കോവാലനെ പോറ്റും.
നോമ്പുതുറ നേരമായാൽ ഉമ്മാമ മുറിവിട്ട് പുറത്തിറങ്ങും. അടുക്കളയിലേക്ക് വന്നുനോക്കും എന്താ ഉണ്ടാക്കിയത് എല്ലാവരും കൂടെ എന്ന്. മെല്ലെ ചായച്ചെമ്പ് നിറയെ പാലൊഴിച്ച് ചായ ഉണ്ടാക്കും. പിന്നെ തിന്നാനുള്ളതൊക്കെ എടുത്ത് നിലത്ത് പലക ഇട്ടിരിക്കും.
ചായയും പലഹാരവും ചട്ടിയിൽ ചെറിയ മീൻകറി വെച്ചതും ഒക്കെ നിരത്തും. പിന്നെ ബാങ്ക് കൊടുക്കുന്നുണ്ടോ എന്ന് വാതിൽക്കൽ ഇറങ്ങി നോക്കും. ദൂരെ ഒരു ബാങ്ക് അല്ലേ കേൾക്കുന്നത്, ഉമ്മാമ കാതോര്‍ത്ത്. ബാങ്കുതന്നെ. വേഗം ഈത്തപ്പഴം മുറിച്ചു തിന്നാന്‍ തുടങ്ങി. അന്നേരം ഉപ്പാപ്പ വാതില്ക്കല്നിന്ന് വിളിച്ചുപറഞ്ഞു. ‘എടോ, കോവാലനാ, തുറക്കല്ലേ...’ കോവാലനാണ് ഉച്ചത്തിൽ ബാങ്ക് കൊടുത്തത്, ബാങ്ക് അടുത്തടുത്തു വന്നപ്പോഴാണ് ഉപ്പാപ്പ അത് കണ്ടത്. വരി തെറ്റാതെ ബാങ്ക് കൊടുക്കാൻ കോവാലന് അറിയാം.
കോവാലന് നടയിലേക്ക് കയറിവന്നു. ഉമ്മാമ വന്നു ചോദിച്ചു. ‘‘ഇഞ്ഞ് എന്ത് പണിയാ കാണിച്ചത് കോവാലാ?’ ഞാക്ക് നോമ്പ് അല്ലേ? ഇഞ്ഞ് ബാങ്ക് കൊടുക്കാവോ...?’’
‘‘ഉയി, നോമ്പ് ഏനും. ഞാന്‍ ഇങ്ങളെല്ലാം ഒന്ന് കാണുവാന്‍ കാരിയതേനും ഉമ്മേറ്റ്യാറേ.. ഞാനിതാ പോയി...’’ ‘ഇഞ്ഞിനി ബാങ്ക് കൊടുക്കല്ലേ നോമ്പു തുറക്കുന്ന നേരത്ത്.’’ ‘‘ഇല്ലോളീ. ഞാ എനീ ബാങ്ക് കൊടുക്കൂലേ...’ കോവാലന് ചിരിച്ചുകൊണ്ട് ഇറങ്ങി നടന്നു. ഉമ്മാമ മുസ്ലിയാരെ ബാങ്കിനായി ചെവിയോര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
