പാത്രങ്ങളുമായി റമദയിലേക്ക് ഓടുന്ന നോമ്പുകാലം
text_fieldsഏതാനും വർഷങ്ങൾ മുമ്പത്തെ റമദാൻ ഓർമയാണിത്. റമദാനെത്തുമ്പോൾ റൂമിൽ മെസ് സൗകര്യമില്ലാത്ത ഞങ്ങളെ പോലുള്ള പ്രവാസികൾക്കൊക്കെ ഏക ആശ്രയമായത് റമദാ സിഗ്നലിനടുത്തുള്ള ആ വലിയ വീടായിരുന്നു. അതിരാവിലെ മുതൽ ഗേറ്റിന് മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെടുന്നത് കാണാം. പഠാണി, ബംഗാളി, നേപ്പാളി, മലയാളി വ്യത്യാസമില്ലാതെ നീണ്ടു നിരന്നുനിൽക്കുന്ന എല്ലാവരുടെയും കൈകളിലായി ചെറുതും വലുതുമായി രണ്ടു മൂന്ന് പാത്രങ്ങളുണ്ടാവും. ചുട്ടുപൊള്ളുന്ന വെയിലിൽ നോമ്പിന്റെ ക്ഷീണവും ആലസ്യവും ഇടകലർന്ന് കൊണ്ടുള്ള ആ നിൽപ് ചിലപ്പോൾ ഏതാണ്ട് ഒരു മണിക്കൂറോളം നീളും. മൺകുടങ്ങളുമേന്തി പൈപ്പുകൾക്ക് മുന്നിൽ കാത്ത് കെട്ടി കിടക്കുന്ന നോർത്ത് ഇന്ത്യൻ ഗ്രാമീണ സ്ത്രീകളെ ഓർമിപ്പിക്കുന്ന തരത്തിൽ ആ നീണ്ട നിരയിലൊരു കണ്ണിയായി അക്ഷമനായി ദീർഘനേരം നിന്നിട്ടുണ്ട്.
ഊഴമെത്തിക്കഴിഞ്ഞാൽ പിന്നെ കൊണ്ടു വന്ന പാത്രങ്ങളെല്ലാം തന്നെ വീടിനു പിന്നിലായി സ്ഥിതി ചെയ്യുന്ന ഔട്ട്ഹൗസിന് മുന്നിൽ നിരത്തിവെക്കുന്ന പണിയാണ്. പാത്രങ്ങൾ നിരത്തിവെച്ച് കഴിഞ്ഞാൽ ആളുകൾ പല വഴികളിലായി അവനവന്റെ ജോലിസ്ഥലങ്ങളിലേക്ക് പോവും. തിരിച്ചുവരുമ്പോൾ നിരത്തിവെച്ച പാത്രങ്ങൾ അവിടെത്തന്നെ ഉണ്ടാകണമേ എന്നൊരു പ്രാർഥന തന്നെയാവും മനസ്സിൽ.
എന്തായാലും വൈകീട്ട് മൂന്ന് മണിയോടെ വീണ്ടും റമദാ സിഗ്നലിൽ ആ നിരത്തിവെച്ച പാത്രങ്ങൾ എടുക്കാൻ ചെല്ലുമ്പോൾ അതിൽ മിക്കവാറും മജ്ബൂസോ മട്ടൻ ബിരിയാണിയോ നിറച്ചുവെച്ചിട്ടുണ്ടാവും. തൊട്ടടുത്തായി നിരത്തിവെച്ച കുഞ്ഞുപാത്രങ്ങളിൽ അലീസയും.
ചില ദിവസങ്ങളിൽ രാവിലെ പാത്രം വെക്കാൻ കഴിയാതെവരും. അന്ന് എവിടെയാണ് നോമ്പുതുറ കാത്തിരിക്കുന്നതെന്ന ആധിയാവും. ജോലി കഴിഞ്ഞു വന്നപാടെ ക്ഷീണം വകവെക്കാതെ ഖത്തർ റെഡ് ക്രസന്റ് സ്പോൺസർ ചെയ്യുന്ന റമദാൻ കിറ്റിനുള്ള ശ്രമമായിരിക്കും. ആ വണ്ടി തേടിപ്പിടിച്ച്, അക്ഷമയോടെ കാത്തിരുന്ന് വാങ്ങിക്കുന്ന പൊതിയിൽ നല്ലൊരു ഭക്ഷണം കരുതിവെച്ചിട്ടുണ്ടാവും. വിശക്കുന്ന നമ്മുടെ വയറിനോട് ഈ നാടിന്റെ കരുതലും സ്നേഹവുമെല്ലാം അതിലുണ്ട്.
മെസ്സ് സൗകര്യത്തിലാണ് ഇപ്പോൾ താമസമെന്നതിനാൽ റമദാ സിഗ്നലിലേക്ക് (റാഡിസൺ) പാത്രവുമായി ഓടേണ്ടതില്ല. എങ്കിലും, ഓരോ റമദാൻ എത്തുമ്പോഴും ചിന്തകൾ ആ വലിയ മനസ്സിന്റെ ഉടമസ്ഥൻ താമസിക്കുന്ന വീട്ടിലേക്ക് സഞ്ചരിക്കും. അവിടെ തടിച്ചുകൂടുന്ന ആബാല വൃദ്ധം ജനങ്ങളിൽ ഒരു പറ്റം മിസ്കീന്മാരുടെ മുഖം മനസ്സിൽ തെളിയും. നാട്ടിൽ പലവിധ സൗകര്യങ്ങളുള്ള മുതലാളി ആണേലും സാഹചര്യങ്ങൾ കൊണ്ട് അല്പ സമയത്തേക്കെങ്കിലും കേവലമൊരു ‘മിസ്കീനായി’ആ വീടിനു മുന്നിൽ കാത്തുകെട്ടിക്കിടക്കാൻ വിധിക്കപ്പെട്ടവർക്കും ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്തവർക്കും താങ്ങായി തണലായി ഇന്നും ആ വീട് പഴയ റമദക്കടുത്തായി സ്ഥിതിചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
