സമൂഹത്തിൽ പ്രതിഫലനമുണ്ടാക്കുന്ന നോമ്പ്
text_fieldsവായനക്കാർക്ക് തങ്ങളുടെ മറക്കാൻ പറ്റാത്ത നോമ്പനുഭവങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. 79103221 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്ന മെയിലിലേക്ക് അയക്കുകയോ ചെയ്യാം. തിരഞ്ഞെടുക്കുന്ന കുറിപ്പുകൾ മധുരകാരക്ക കോളത്തിലൂടെ പ്രസിദ്ധീകരിക്കും.
ക്രിസ്തീയ വിശ്വാസി എന്ന നിലയിൽ മതപരമായി കുടുംബത്തിൽ ഞങ്ങൾ ഉപവാസം അനുഷ്ഠിക്കാറുണ്ട്. കർത്താവിലുള്ള ഉയർന്ന സംതൃപ്തിയുടെ മൂർത്തമായ രൂപമാണ് ഉപവാസം. ദൈവത്തിന്റെ ഇഷ്ടങ്ങളെ ഇല്ലാതാക്കുന്ന ലോകത്തിലെ എല്ലാ സാത്താന്മാർക്കും എതിരായ ഒരു ആയുധം കൂടിയാണ് നോമ്പ്. ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള നിരാഹാര സമരമല്ല, മറിച്ച് ദൈവത്തിന്റെ ശ്രേഷ്ഠഗുണങ്ങളായ കരുണ, സ്നേഹം, ദയ, സഹാനുഭൂതി എന്നിവ പ്രാർഥനയിലൂടെ മനുഷ്യനിൽ രൂപാന്തരപ്പെടുന്നു.
ഒരു കണ്ണാടിയിൽ പൊടിപിടിച്ച് അഴുക്കാകുമ്പോൾ പുറമേക്ക് കാണാൻ കഴിയാത്തതുപോലെ മനുഷ്യഹൃദയം മലീമസമാകുന്നു. എന്നാൽ, നീണ്ട ദിവസങ്ങളിലെ ഉപവാസം മുഖേന മനുഷ്യമനസ്സിനെ കഴുകി തുടച്ച് വൃത്തിയാക്കാൻ ഉപകരിക്കുന്നു.
ഞാൻ ജനിച്ചുവളർന്നത് കൊല്ലം ജില്ലയിൽ പത്തനാപുരത്താണ്. മതഭക്തിയിൽ നിഷ്ഠ വെച്ചുപുലർത്തുന്ന കുടുംബമാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ നോമ്പെടുക്കാൻ നിർബന്ധിക്കും. വിവാഹത്തിന് ശേഷം എന്റെ തൊട്ടടുത്തുള്ള മുസ്ലിം കുടുംബം കാണിക്കുന്ന അയൽപക്കബന്ധങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വിശേഷാവസരങ്ങളിൽ ലഭിക്കുന്ന ഭക്ഷണം. തിരിച്ചും അങ്ങിനെ തന്നെയായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യാനും ജോലി ചെയ്ത് താമസിക്കാനും അവസരം ലഭിച്ച എനിക്ക് ഷാർജയിലെ രണ്ടുകൊല്ലത്തെ താമസത്തിലാണ് നോമ്പിനെക്കുറിച്ച് കൂടുതലറിയാൻ സാധിച്ചത്. എന്റെ ഫ്ലാറ്റിനടുത്ത് താമസിച്ചിരുന്ന പാകിസ്താനി കുടുംബം നോമ്പിന് നൽകിയ സ്നേഹവും കരുതലും പിന്നീടുള്ള എല്ലാ നോമ്പുകാലത്തും ഓർമിക്കും. എനിക്ക് തികച്ചും അപരിചിതമായ വിഭവസമൃദമായ ലിസ്സി, ജിലേബി, ഫ്രൂട്സ്, ചന, അൽപം എണ്ണ കൂടുതലാണെങ്കിലും നല്ല കറികൾ എന്നിവ റമദാൻ തീരുന്നതുവരെ പതിവായി ലഭിച്ചിരുന്നു.
റമദാനിന്റെ അവസാനനാളുകളിൽ സമ്പത്തിന്റെ നിശ്ചിത വിഹിതം സകാത്തായി പാവപ്പെട്ടവർക്ക് നിർബന്ധമായി കൊടുക്കുന്നത് അന്നാണ് എനിക്ക് മനസ്സിലായത്. രണ്ടു വർഷത്തെ ഷാർജയിലെ അനുഭവമാണ് നോമ്പുകൊണ്ട് സമൂഹത്തിൽ അതുണ്ടാക്കുന്ന സ്വാധീനം മനസ്സിലാക്കിയത്. നോമ്പ് എല്ലാ മതത്തിലും ഉണ്ടെങ്കിലും ഇത്രയേറെ സമൂഹത്തിൽ പ്രതിഫലനങ്ങൾ ഉണ്ടാക്കുന്ന ദൈവിക ആരാധനയാണ് നോമ്പ് എന്ന് മനസ്സിലാക്കുന്നത് അടുത്ത കാലത്താണ്.
ഷാർജയിൽ താമസിച്ചിരുന്ന കാലത്ത് നോമ്പെടുക്കൽ പതിവാക്കിയിരുന്നു. ശരീരത്തിനും മനസ്സിനും അത് നൽകിയ സുഖം ഒരുവിധം അസുഖങ്ങളിൽനിന്ന് മുക്തി നൽകിയിട്ടുമുണ്ട്. ഇപ്പോൾ ഒമാനിൽ നോമ്പ് കാലം ചെലവഴിക്കാൻ ലഭിച്ച അവസരം ദൈവികഭാഗ്യമായി കാണുന്നു. എല്ലാവർക്കും സമാധാനവും ശാന്തിയും ഉണ്ടാവട്ടെയെന്ന് പ്രാർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

