പഴയ റമദാനാണ് സീൻ മോനേ…
text_fieldsപ്രായം എഴുപതിനോട് അടുക്കുന്നു. ജീവിതം ധന്യമാക്കാൻ വീണ്ടുമൊരു റമദാൻ വിരുന്നെത്തുമ്പോൾ ഓർമകളിൽ പഴയ റമദാൻ ചിന്തകൾ നിറയുകയാണ്. ഗൾഫിലെ കണ്ണഞ്ചിപ്പിക്കുന്ന റമദാൻ കാഴ്ചകളേക്കാൾ തിളക്കമുണ്ടായിരുന്നു ആ ഓർമകൾക്ക്. മാസങ്ങൾക്ക് മുമ്പേ തുടങ്ങും നോമ്പിന്റെ ഒരുക്കങ്ങൾ.
സീൻ 1- വെൺപുഴുക്കൽ
ജീരകക്കഞ്ഞിക്ക് വേണ്ട നെല്ല് പ്രത്യേക തരത്തിൽ പുഴുങ്ങിയെടുക്കും. വെൺപുഴുക്കൽ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. വലിയ വട്ടച്ചെമ്പിൽ വെള്ളം തിളപ്പിച്ച് നെല്ല് അതിലേക്ക് ഇടും. കൂടുതൽ തിളക്കും മുമ്പേ നെല്ല് തിരിച്ച് കോരിയെടുക്കണം. വെയിലേൽക്കാതെയിട്ട് പുഴുങ്ങിയ നെല്ല് ഉണക്കിയെടുക്കണം. നെല്ല് ഉണക്കാനിടുന്ന പായകൾ നെയ്യുന്ന പണി ഇതിലും നേരത്തേ വീട്ടിൽ തുടങ്ങിയിട്ടുണ്ടാകും.
സീൻ 2- പഞ്ഞിക്കിടൽ
ബറാഅത്ത് രാവ് അഥവാ ശഅബാൻ പതിനഞ്ചിന് മുമ്പായി വീട്ടിലെ തലയിണകളിലെ പഞ്ഞിയെല്ലാം തലയിണ പൊളിച്ച് പുറത്തെടുക്കും, പഞ്ഞി വെയിലത്ത് ഉണക്കാനിടും. തലയിണയുടെ ശീലകൾ കഴുകി ഉണക്കും. എന്നിട്ട് ഉണക്കാൻ വെച്ച പഞ്ഞി വീണ്ടും തലയിണകളിലേക്ക് കുത്തിനിറക്കും. വിരിപ്പുകളെല്ലാം കഴുകി ഉണക്കാനിടും. വീടിനകവും പുറവും മൊത്തം വെള്ളമൊഴിച്ച് കഴുകും. കിടക്കകൾ മുഴുവൻ വെയിലത്തിട്ട് മൊരിയിച്ചെടുക്കും. ഈ പണിയെല്ലാം കഴിയുമ്പോൾ നമ്മൾ പഞ്ഞിക്കിട്ട പരുവായിട്ടുണ്ടാകും.
സീൻ- 3 അരി ഇടിക്കൽ ഡി.ജെ പാർട്ടി
അടുക്കളയിലെ ഈ സീനിന് പ്രത്യേകിച്ച് പശ്ചാത്തല സംഗീതത്തിന്റെ ആവശ്യമില്ല. സീൻ മുന്നേറുമ്പോൾ നല്ല താളം പിറവിയെടുക്കുന്നത് നമ്മൾ അനുഭവിച്ചറിയും. ആദ്യം വെള്ളത്തിൽ കുതിർത്തുവെച്ച പച്ചരി ഉരലിലേക്ക് ഇടും. ഉരലിന്റെ അപ്പുറവും ഇപ്പുറവും രണ്ട് ഇത്തമാർ. പച്ചരിയിലേക്ക് അവർ ഉലക്കകൊണ്ട് ഇടിക്കും. ആദ്യത്തെ ഇത്തയുടെ ഉലക്ക ഇടികഴിഞ്ഞ് പിൻവാങ്ങുമ്പോൾ അടുത്ത ഇത്തയുടെ ഉലക്ക ഉരലിലേക്ക് വീഴും… അതങ്ങനെ താളത്തിൽ ഡും..ഡു, ഡും..ഡു.. ഡും. ഡു..
ഇടക്ക് ആവശ്യത്തിന് ഇത്തമാർ ഒരു ശബ്ദവും കലർത്തും. ആദ്യം വലത് കൈ കൊണ്ടാണ് ഉലക്ക പ്രയോഗമെങ്കിൽ അടുത്ത തവണ ഇടത് കൈകൊണ്ടാണ്. ഉലക്ക അതിവേഗത്തിൽ ഓരോ കൈയിലേക്ക് മാറുന്നതും ലക്ഷ്യം തെറ്റാതെ ഒരേ കണക്കിന് ഉരലിലെ അരിയിലേക്ക് പതിക്കുന്നതും കാണാൻ രസമാണ്. കൈകൾ മാറി പ്രയോഗിക്കുന്നതിനാൽ ഓരോ ഇടിക്കും വ്യത്യസ്ത താളമാണ് പുറത്തുവരുക.
ഈ സംഗീത പശ്ചാത്തലത്തിൽ പൊടിഞ്ഞമർന്ന് തരിയാകുന്ന അരിപ്പൊടി ഉലക്കയുടെ അരികിൽ കാത്തിരുന്ന മറ്റൊരാൾ വാരിയെടുത്ത് അരിപ്പയിൽ അരിച്ചെടുക്കുന്നുണ്ടാകും. പിന്നെ, അത് മണ്ണിന്റെ കലത്തിലിട്ട് വറുത്തെടുക്കും. ഇതിനുമുണ്ട് വെവ്വേറെ താളവും സംഗീതവും.
വറുത്തപൊടി ചൂടാറിയശേഷം മണ്ണിന്റെ വലിയ ഭരണിയിലേക്ക് മാറ്റും. മങ്ങലി എന്നാണ് ആ ഭരണിക്ക് പേര്. പൊടിനിറച്ച് ഭരണിയുടെ വായ തുണിവെച്ച് മുറുക്കി വായു കടക്കാത്തവിധം മൂടിക്കെട്ടും. അതിന് മുകളിൽ ചട്ടിയോ മൂടിയോ കമഴ്ത്തും. റമദാനെത്തിയിട്ട് വേണം പിന്നെ മങ്ങലി ഭരണി തുറക്കാൻ.
സീൻ 4- പാതിനോമ്പുകാർ
നോമ്പുകാലത്ത് രാവിലെ അടുക്കളയിൽ വലിയ ജോലി കാണില്ല. പകുതി നോമ്പെടുക്കുന്നുവെന്ന് അവകാശപ്പെടുന്ന കുട്ടികൾക്ക് എന്തെങ്കിലും പ്രഭാത ഭക്ഷണം കൊടുക്കൽ മാത്രമാകും അടുക്കളയിൽ നടക്കുക. അതും രഹസ്യമായാണ്. നോമ്പില്ലെങ്കിലും നോമ്പുകാരെപോലെ നടക്കണമെന്നാണല്ലോ. അതുകൊണ്ട് കുട്ടികളും ആരും അറിയരുത് എന്ന മട്ടിലാണ് രാവിലത്തെ ഭക്ഷണം കഴിക്കുക.
സീൻ 5 - പത്തിരി പരത്തും പാത്തൂത്ത, ചുട്ടെടുക്കും റുഖിയത്ത
ഉച്ചയോടെയാണ് അടുക്കള ഉണരുക. നോമ്പുതുറക്കാനുള്ള പത്തിരിയൊരുക്കണം. മരത്തിന്റെ പത്തിരിപ്പലകയിൽ മുളയുടെ കുഴൽവെച്ചാണ് പത്തിരി പരത്തുക. അയൽപക്കത്തെ പാത്തൂത്തയാണ് നമ്മുടെ വീട്ടിലെ പത്തിരി സ്പെഷലിസ്റ്റ്. സഹായികളായി പാത്തൂത്തയുടെ മക്കൾ ഐശുത്തയും റുഖിയത്തും.
കൂനിക്കൂടിയിരുന്ന് പത്തിരി പരുത്തുന്നതിനിടെ നോമ്പിന്റെ ക്ഷീണത്തിൽ പാത്തൂത്ത ഉറക്കം തൂങ്ങും. ഉറങ്ങിവീഴാൻ പോകുന്ന പാത്തൂത്തയെ ‘ഠോ”എന്ന് ശബ്ദമുണ്ടാക്കി ഞെട്ടിക്കലായിരുന്നു എന്റെയൊരു കുട്ടിക്കാല റമദാൻ വൈബ്.
പാത്തൂത്ത പരത്തിയെടുത്ത പത്തിരിക്കൂമ്പാരം പത്തിരി ചുടുന്ന ചായ്പിലേക്ക് മാറ്റും. വിറക് വെച്ച് കത്തിക്കുന്ന അടുപ്പിനു മുകളിലെ മൺചട്ടിയിൽ പത്തിരികൾ ഓരോന്നായി റുഖിയത്ത ചുട്ടെടുക്കും. ഇടക്ക് ചുടാൻ വെച്ചിരിക്കുന്ന പത്തിരി കൂമ്പാരത്തിനു മുകളിൽനിന്ന് താഴേക്ക് വിരൽ കുത്തിക്കയറ്റി അതിൽ ഒരു കുഴിയുണ്ടാക്കിയാലോ എന്ന ചിന്തയും കുൽസിത ശ്രമവുമായി ഞാനെത്തും…
ദേ..ഞാൻ ഉമ്മാനെ വിളിക്കും ട്ടാ.. എന്ന് റുഖിയത്ത ഭീഷണിപ്പെടുത്തുമ്പോൾ ഒന്നുമറിയാത്തപോലെ രക്ഷപ്പെടുന്നത് മറ്റൊരു ബാല്യകാല റമദാൻ എന്റർടെയിൻമെന്റ്.
സീൻ- 6 നോമ്പുതുറക്കാൻ അമ്പലത്തിൽ വിളക്കു വെടി
ദുബൈയിൽ നോമ്പുതുറ സമയമറിയിക്കാൻ ബുർജ് ഖലീഫക്ക് താഴെ പൊലീസ് പീരങ്കി മുഴക്കുന്നത് കാണാൻ ടി.വി തുറന്ന് കാത്തിരിക്കുമ്പോൾ പഴയ നോമ്പുതുറ സമയം മനസ്സിന്റെ സ്ക്രീനിൽ നിറയും. പള്ളിയിൽ വൈദ്യുതിയും മൈക്കും ഒന്നുമില്ലാത്ത കാലം. നിഴൽ അളന്ന് ളുഹറും അസറും നിശ്ചയിക്കും. തൃപ്രയാർ അമ്പലത്തിലെ വിളക്കു വെടിയാണ് അന്ന് നമ്മുടെ നോമ്പുതുറക്കുള്ള അടയാളം. പുലർച്ച മൂന്നു മണിക്ക് അത്താഴ സമയമാകുമ്പോഴും കേൾക്കാം അമ്പലത്തിൽനിന്ന് ഒരു പുലർച്ചവെടി.
പുതിയ തലമുറയോട് എനിക്ക് ഒന്നേ പറയാനുള്ളൂ.. പഴയകാല റമദാനാണ് സീൻ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

