റമദാൻ അടുത്തു; കാരുണ്യത്തിന്റെ കൂടാരങ്ങളൊരുങ്ങുന്നു
text_fieldsഷാർജ ബുഹൈറ അൽ നൂർ മസ്ജിദിന് മുമ്പിൽ റമദാൻ തമ്പ് നിർമിക്കുന്നു ചിത്രം: സിറാജ് വി.പി കീഴ്മാടം
ദുബൈ: കരുണയുടെ മാസമായ റമദാനിൽ വിശക്കുന്നവന് ഭക്ഷണം വിളമ്പുന്ന കാരുണ്യത്തിന്റെ കൂടാരങ്ങളൊരുങ്ങുന്നു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും പൊതുസ്ഥലങ്ങളിലും റമദാൻ തമ്പുകളുടെ നിർമാണം തുടങ്ങിക്കഴിഞ്ഞു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ തൊഴിലാളിയെന്നോ മുതലാളിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തോളോടുതോൾ ചേർന്നിരിക്കുന്ന തമ്പുകൾ സൗഹൃദം പുതുക്കലിന്റെയും പങ്കുവെക്കലിന്റെയും വേദി കൂടിയാണ്.
കോവിഡിനെ തുടർന്ന് രണ്ടു വർഷം റമദാൻ തമ്പുകൾ അനുവദിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ വർഷം നിയന്ത്രണങ്ങളോടെ തമ്പുകൾക്ക് അനുമതി നൽകിയിരുന്നു. ഇക്കുറി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ സ്വാതന്ത്ര്യത്തോടെയായിരിക്കും തമ്പുകളുടെ പ്രവർത്തനം. പള്ളികളോട് ചേർന്നും പാർക്കുകളിലുമെല്ലാം തമ്പുകളുണ്ടാകും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ റമദാൻ തമ്പുകൾ ഇക്കുറിയുണ്ടാകും. ഈത്തപ്പഴം മുതൽ വിവിധയിനം പഴങ്ങളും ഭക്ഷണ പാനീയങ്ങളും നോമ്പുതുറ വിഭവങ്ങളുമെല്ലാം തമ്പുകളിലുണ്ടാകും. അരവയർ മുറുക്കി കഴിയുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസം പകരുന്ന ഇടംകൂടിയാണിത്.
ആയിരക്കണക്കിനാളുകൾക്ക് ഒരേസമയം നോമ്പുതുറക്കാനുള്ള സൗകര്യം ഇവിടെയുണ്ടാവും. ചൂടുകൂടുന്ന സമയമായതിനാൽ എയർ കണ്ടീഷൻ ചെയ്ത തമ്പുകളാണ് നിർമിക്കുന്നത്. അംഗീകൃത സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രവർത്തകരും സാമൂഹിക സംഘടനകളും ഉദാരമതികളുമെല്ലാമാണ് തമ്പുകളിൽ ഭക്ഷണമെത്തിക്കുന്നത്. പുണ്യം പ്രതീക്ഷിച്ച് മറ്റ് ജോലികൾ മാറ്റിവെച്ച് ഇഫ്താർ ടെന്റുകളിൽ വളന്റിയർ സേവനം നടത്തുന്നവരും കുറവല്ല.
പ്രവാസികളിൽ ഗൃഹാതുര സ്മരണകളുണർത്തുന്ന സദസ്സു കൂടിയാണിത്. മഗ്രിബ് നമസ്കാരം കഴിഞ്ഞിറങ്ങുന്നവർക്ക് ഭക്ഷണ കിറ്റുകളും ഇവിടങ്ങളിലുണ്ടാവും. അതേസമയം, അധികൃതരുടെ അനുമതി വാങ്ങിയ ശേഷം മാത്രമെ തമ്പുകൾ നിർമിക്കാവൂ എന്ന് നിർദേശമുണ്ട്. അല്ലെങ്കിൽ പൊളിച്ചുമാറ്റേണ്ടി വരും. ചിലപ്പോൾ പിഴയും അടക്കേണ്ടി വന്നേക്കാം.
അപേക്ഷകൾ വിശകലനം ചെയ്ത ശേഷം തമ്പ് കെട്ടുന്ന സ്ഥലം അധികൃതർ പരിശോധിച്ച ശേഷമാണ് അനുമതി നൽകുക. തമ്പ് കെട്ടുന്നതിന് നിരവധി നിബന്ധനകളും മുന്നോട്ടുവെക്കുന്നുണ്ട്. റമദാൻ തമ്പുകളുടെ സുരക്ഷയുടെ കാര്യത്തിൽ ഉന്നത നിലവാരമാണ് നഗരസഭ നിഷ്കർഷിക്കുന്നത്. പൊതു റോഡുകൾക്കോ പാർക്കിങ് ഇടങ്ങൾക്കോ സമീപത്താണെങ്കിൽ ഗതാഗത-പട്രോൾ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

