ഹൃദയത്തിലെത്തുന്ന ആനന്ദമാണ് നോമ്പ്
text_fieldsകന്യാകുമാരി സ്വദേശിയായ എന്റെ സ്‌കൂൾ, കോളജ് പഠന കാലത്ത് ഇസ്‌ലാം വിശ്വാസികളുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഉണ്ടായിട്ടില്ല. ആകെ ഉണ്ടായിരുന്നത് സഹോദരിയുടെ കൂട്ടുകാരി ഹസീന കൊണ്ടുവന്ന തന്ന നോമ്പ് കഞ്ഞി കുടിച്ചത് മാത്രമാണ് ചെറുപ്പത്തിലെ ആകെയുള്ള നോമ്പോർമ. റമദാൻ നോമ്പ് എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് 2017ൽ ഗൾഫിലെത്തിയ ശേഷമാണ്. സൗദിയിലെ ദമാമിലായിരുന്നു ജോലി. പകൽ ഭക്ഷണം രാത്രിയിലാക്കി കൊണ്ട്, ഒരു ചേഞ്ച് എന്ന നിലക്ക് നോമ്പിനോടൊപ്പം കൂടിയതാണ്. ഒരു അപരിചിതനെപ്പോലെ നോമ്പിനോടൊപ്പം കൂടിയ എന്നെ വിട്ട് പിരിയാനാവാത്ത വിധം ആത്മ ബന്ധത്തിലാക്കിയ റമദാൻ നോമ്പിനെയാണ് പിന്നീടുള്ള വർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് കാണാൻ കഴിയുന്നത്.
സൗദിക്ക് ശേഷം ഒമാനിൽ എത്തിയപ്പോൾ സിറാജ്, ഫഹീം എന്നീ രണ്ട് സ്നേഹിതന്മാരിൽ നിന്നാണ് നോമ്പിന്റെ ഗുണങ്ങൾ കുറച്ചുകൂടി മനസിലാക്കാൻ അവസരമുണ്ടായത്. തുടർന്നുള്ള എല്ലാ വർഷവും നോമ്പ് എടുക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം നാട്ടിലായതിനാൽ എനിക്ക് നോമ്പെടുക്കാൻ സാധിച്ചില്ലെന്ന പ്രയാസം മാറിയത് ഈ വർഷം നോമ്പെടുത്തപ്പോഴാണ്. മസ്‌കത്തിലെത്തിയപ്പോൾ, എന്റെ നോമ്പിനെ കുറിച്ചറിഞ്ഞ സ്ഥാപനത്തിന്റെ എം.ഡി. റഷീദ് സാർ, അദ്ദേഹത്തിന്റെ ഭാര്യ വാഹിദ മാഡവും നോമ്പ് തുറക്കാനുള്ള ഭക്ഷണം നൽകാൻ പ്രത്യേകം ശ്രദ്ധയും സ്നേഹവും കാണിക്കാറുണ്ട്. നോമ്പ് ശാരീരികവും മാനസികവുമായി ഒട്ടേറെ ഗുണം ചെയ്തിട്ടുണ്ടെന്ന് എനിക്ക് പറയാൻ കഴിയും.
ഈ നോമ്പിൽ മറ്റൊരു സന്തോഷം കൂടി പറയാനുള്ളത്. തൊട്ടടുത്ത പള്ളിയിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും മഅ്രിബ് നമസ്ക്കാരത്തിന് എന്റെ സുഹൃത്ത് ഫെബിനോടൊപ്പം പോകാൻ കഴിഞ്ഞുവെന്നതാണ്. അംഗശുദ്ധിവരുത്തുവാനും നമസ്ക്കാരത്തിന് എല്ലാവരോടൊപ്പം നിൽക്കുവാനും കഴിഞ്ഞപ്പോഴുള്ള സന്തോഷം എങ്ങനെയാണ് പറയേണ്ടത് എന്നെനിക്കറിയില്ല. ആ നിമിഷമാണ് എന്റെ നോമ്പ് പൂർണമായതായി എനിക്ക് തോന്നിയത്. എന്റെ നോമ്പും, നമസ്കാരവും ദൈവമാർഗത്തിലുള്ള എന്റെ സമർപ്പണമാവുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതെന്റെ ജീവിതത്തിൽ നൽകുന്ന മാനസിക സംതൃപ്തി വാക്കുകൾക്ക് അതീതമാണ്. ഹൃദയത്തിലെത്തുന്ന ഒരാനന്ദമാണ് എനിക്ക് റമദാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

