കസ്തൂരി മണമുള്ള നോമ്പുകാലം
text_fieldsകുട്ടിക്കാലത്ത് നോമ്പിന്റെ അനുഷ്ഠാനത്തെ കുറിച്ചോ നോമ്പുതുറയെ കുറിച്ചോ വലിയൊരു അറിവൊന്നുമുണ്ടായിരുന്നില്ല. തറവാട് വീടിന് കുറച്ചകലെയായി രണ്ടു മുസ്‍ലിം വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുമായി എന്റെ വീട്ടിലുള്ളവർ വലിയ സൗഹൃദത്തിലാണെങ്കിലും വിവാഹം പോലുള്ള ചടങ്ങുകൾക്ക് പരസ്പരം ക്ഷണിക്കുകയല്ലാതെ നോമ്പുതുറക്കും പെരുന്നാളിനും ക്ഷണിച്ചതായി ഓർമയിലില്ല. അന്നത്തെ അന്നത്തിനായി പകലന്തിയോളം ജോലിചെയ്ത് കുടുംബം പുലർത്തിയിരുന്ന, ഇരുവീട്ടിലെയും ഗൃഹനാഥന്മാരായ മൊയ്തു മാപ്പിളയും അന്ത്രു മാപ്പിളയുമാണ് ഇപ്പോഴും മനസ്സിൽ തെളിയുന്നത്. ഇവരുടെ മക്കളായ മുസ്തഫയും ഇബ്രാഹീമും മൂസയും ഒക്കെ ഗൾഫിൽ വന്നതോടുകൂടിയാണ് പഴയ സ്ഥിതിക്ക് മാറ്റം വന്നത്.
വർഷങ്ങൾക്കുശേഷം തറവാട് വീട്ടിൽനിന്ന് ഞങ്ങൾ കുറച്ചകലെയായി പുതിയ വീട്ടിലേക്കു മാറിയതോടെ ജീവിത സാഹചര്യവും പാടെ മാറി. കസ്തൂരിക്കാട്ടിലും അഞ്ചുകണ്ടത്തിലും പ്രദേശത്തെ രണ്ടു പ്രബല മുസ്‍ലിം തറവാടുകളാണ്. ഒരിടത്തരം കർഷക കുടുംബമായിരുന്ന ഞങ്ങളുടെ പൂർവികർക്കും പണ്ടുമുതൽക്കേ ഈ മുസ്ലിം തറവാടുകളുമായി നല്ല സൗഹൃദമായിരുന്നു. മേൽപറഞ്ഞ രണ്ടു വീടുകൾക്ക് അനുബന്ധമായി അതേ പേരിൽ ഒട്ടേറെ ബന്ധു വീടുകളും നിലവിലുണ്ട്. കസ്തൂരിക്കാട്ടിൽ എന്ന വീടിന് സമീപം ഹിന്ദു മതത്തിൽപെട്ടവരുടെ വീടുകളും നിരവധിയുണ്ട്. മിക്കതും കസ്തൂരി കുനിയിൽ ആണ്. എന്തുകൊണ്ടാണ് ഒരു പ്രദേശത്തെ ഭൂരിപക്ഷം വീടുകളും കസ്തൂരി എന്ന സുഗന്ധദ്രവ്യവുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യപ്പെട്ടത് എന്നതിനെ കുറിച്ച് ഇതുവരെയും അറിവൊന്നുമില്ല. പുതുതലമുറയിലെ പലരോടും തിരക്കിനോക്കി ഫലമുണ്ടായില്ല.
തറവാട്ടിലെ പൂർവസൂരികളായവരുടെ മതസൗഹാർദത്തിനും സമൂഹത്തിലെ ദുർബലരോടും ദുരിതമനുഭവിക്കുന്നവരോടും കാണിക്കുന്ന അനുകമ്പയും സ്നേഹവായ്പും മനസ്സിലാക്കിയാവാം സുഗന്ധ പൂരിതമായ ഒരു നാമം കുടുംബത്തിന് ചാർത്തിയതെന്ന് അനുമാനിക്കുന്നു. നോമ്പ് ആത്മീയ നവീകരണത്തിന്റെയും സ്നേഹത്തിന്റെയും പങ്കു വെക്കലിന്റെയും ഒത്തുചേരലാണ് എന്ന് അനുഭവത്തിലൂടെ എന്നെ പഠിപ്പിച്ചത് അൻഷി കോട്ടേജിലെയും ഫഹദ് മൻസിലിലെയും നോമ്പുതുറയാണ്. പ്രവാസത്തിലേക്ക് ചേക്കേറുന്നതിനുമുമ്പ് എത്രയെത്ര നോമ്പുതുറയിലും പെരുന്നാൾ ആഘോഷങ്ങളിലുമാണ് പങ്കുകൊണ്ടത്.
ഗൾഫ് രാജ്യത്തും ഒട്ടേറെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. നീണ്ട പ്രവാസജീവിതം സമാനതകളില്ലാത്ത സൗഹൃദവും സമ്മാനിച്ചിട്ടുണ്ട്. സ്വാർഥ മോഹങ്ങൾക്കുവേണ്ടി ജനത്തെ ഭിന്നിപ്പിച്ച് നിർത്താനായി പല ഭാഗത്തുനിന്നും ശ്രമം നടക്കുന്ന വർത്തമാനകാലത്ത് സമൂഹ നോമ്പുതുറ പോലുള്ള ഇത്തരം ഒത്തുചേരലുകളുടെ പ്രസക്തി വളരെ വലുതാണ്. റമദാനും ഒപ്പം സമാഗതമായിരിക്കുന്ന പെരുന്നാളും മാത്രമല്ല, വിഷുവും ഈസ്റ്ററും എല്ലാം ഒത്തുവന്ന ഏപ്രിൽ മാസം വിശ്വാസികൾക്ക് പുണ്യങ്ങളുടെ പൂക്കാലം തന്നെ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

