വയറും മനസ്സും നിറഞ്ഞ സൽക്കാരങ്ങൾ
text_fieldsഒമാനിൽ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സായി 28 വർഷം ജോലിചെയ്ത എനിക്ക് റമദാൻ, പെരുന്നാൾ എന്നിവയെക്കുറിച്ച് ആവേശത്തോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളൂ. കൗലാ ഹോസ്പിറ്റലിൽനിന്നാരംഭിച്ച ജോലി പിന്നീട് ഗ്രാമപ്രദേശമായ ഖുറിയാത്തിലെ ദിഗ്മാർ, വാദി ഹെർബെയിൻ എന്നിവിടങ്ങളിലൊക്കെ ജോലിചെയ്തപ്പോൾ ധാരാളം ഓർമകൾ സമ്മാനിച്ച സ്ഥലങ്ങളാണ്. നോമ്പുകാലത്ത് ഹെൽത്ത് സെന്‍ററിൽ പൊതുവെ രോഗികൾ ആരും ഉണ്ടാകില്ല.
നോമ്പ് തുറന്നുകഴിഞ്ഞ് കൂട്ടമായി എത്തുന്ന അവർ കൊണ്ടുവരാറുള്ള വിശേഷപ്പെട്ട പലഹാരങ്ങൾ ഓർക്കുമ്പോൾ ഇന്നും വായിൽ വെള്ളമൂറും. നോമ്പുതുറക്കാൻ ഓരോരുത്തരും മത്സരിച്ചാണ് വീട്ടിലേക്ക് ക്ഷണിക്കുക. കുന്തിരിക്കം, ഊദ് തുടങ്ങി പലവിധ സുഗന്ധങ്ങൾകൊണ്ട് ശരീരത്തിലും മുടിയിലും ഒക്കെ പുകപ്പിച്ചായിരുന്നു വീട്ടിലേക്ക് സ്വീകരിച്ചിരുന്നത്.
ജാഡകൾ ഇല്ലാതെ കിലുകിലാ സംസാരിക്കുന്ന ഒമാനി സ്ത്രീകൾ ഇന്നും എനിക്ക് ഒരു അത്ഭുതമാണ്. പഴങ്ങൾ, എണ്ണിയാൽ തീരാത്ത പലവിധ വിഭവങ്ങൾ, പലഹാരങ്ങൾ, വിവിധയിനം ജ്യൂസുകൾ തുടങ്ങിയവയായിരുന്നു തീന്മേശകളിൽ ഞങ്ങൾക്കായി മിക്ക ഒമാനി വീടുകളിലും ഒരുക്കിയിരുന്നത്. അവരുടെ കലവറയില്ലാത്ത സ്നേഹത്താൽ വയറും മനസ്സും നിറഞ്ഞായിരുന്നു ഇത്തരം സൽക്കാരങ്ങളിൽനിന്ന് മടങ്ങിയിരുന്നത്.
പിന്നീട് ഗ്രാമങ്ങളിൽനിന്ന് പട്ടണത്തിലേക്കു വന്നപ്പോഴും സഹപ്രവർത്തകർ ഞങ്ങളെയും അവരെപ്പോലെ നോമ്പുതുറയിൽ പങ്കാളികളാക്കിയിരുന്നു. മതമോ ജാതിയോ ദേശമോ ഭാഷയോ നോക്കാതെയുള്ള ഒമാനികളുടെ പെരുമാറ്റം എടുത്തുപറയേണ്ടതുതന്നെയാണ്. ഇന്ത്യൻ സോഷ്യൽ ക്ലബ്, കല-സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാടകനടി എന്ന നിലയിൽ പല റമദാൻ പരിപാടികളിലും ഒത്തുകൂടാൻ അവസരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.