Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightലോ​കം മു​ഴു​വ​ൻ...

ലോ​കം മു​ഴു​വ​ൻ സന്തോഷം പരക്കട്ടെ

text_fields
bookmark_border
ramdan muhabath
cancel

നോമ്പുകാലം വന്നടുക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന കുറെ പേരുകളുണ്ട്. മതവിശ്വാസം മുറുകെപ്പിടിക്കുമ്പോഴും മതനിരപേക്ഷതയുടെ കൊടിയടയാളമായി നിൽക്കുന്ന എനിക്ക് എന്നും പ്രിയപ്പെട്ടവരായ അലീമ താത്തയും മൊയ്തീനിക്കയും മഹമൂദും ഇബ്രാഹിം കുട്ടിയും. അവധിക്ക് നാട്ടിൽ ചെല്ലുമ്പോൾ ഇവരെയെല്ലാം വീട്ടിൽ ചെന്ന് നേരിട്ടു കാണുകയെന്നത് പതിവു ശീലങ്ങളിൽ ഉൾപ്പെട്ടതാണ്. ഇവർക്കൊക്കെ ഇടയിലൂടെയാണ് എന്റെ കുട്ടിക്കാലം നടന്നുനീങ്ങിയത്. പട്ടിണി പെരുമഴയായി പെയ്തിറങ്ങിയ എന്റെ ബാല്യത്തിൽ നോമ്പുതുറയുടെ വിഭവങ്ങൾ ഏറെ ആശ്വാസകരമായിരുന്നു.

വിപുലമായ ഇഫ്താർ സംഗമങ്ങളൊന്നും അക്കാലത്ത് പരിചിതമായിരുന്നില്ല. ഏറെ പ്രിയപ്പെട്ടവരെ വീട്ടിൽ വിളിച്ചിരുത്തി സൽക്കരിക്കുകയെന്നതാണ് പഴയകാലത്തെ പതിവ്. കാലവും കോലവും മാറിക്കൊണ്ടിരിക്കുന്നു... വിശ്വാസികളെയും അവിശ്വാസികളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം കൂട്ടിയോജിപ്പിച്ചു നടത്തുന്ന ഇഫ്താർ സംഗമങ്ങൾ ഏറ്റവും ശക്തമായ, ദൃഢമായ സാഹോദര്യത്തെയാണ് വിളിച്ചോതുന്നത്. ഓരോ ദിവസവും സ്വീകരിക്കുന്ന വ്രതവും അതിന്റെ അനുഷ്ഠാന പരിസമാപ്തിയുമാണ് നോമ്പുതുറയിലൂടെ പൂർത്തിയാകുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പരസ്പരം കൈമാറുന്നതും ആ കൊടുക്കൽ വാങ്ങലുകളിലൂടെ ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം അരക്കിട്ടുറപ്പിക്കുന്നതും വൈകുന്നേരങ്ങളിലെ നിത്യകാഴ്ചയാണ്. പ്രവാസ മേഖലയിലെത്തിയതിനു ശേഷമാണ് നോമ്പുതുറയുടെയും ഇഫ്താർ സംഗമങ്ങളുടെയും വൈപുല്യമറിയുന്നത്.

നൂറുകണക്കിനാളുകൾ ദേശ ഭാഷ വ്യത്യാസമില്ലാതെ പള്ളികളിലും ക്ലബുകളിലും ഹോട്ടലുകളിലും വിശാലമായ ഹാളുകളിലുമെല്ലാം കൂടിച്ചേരുമ്പോൾ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് മനുഷ്യസ്നേഹത്തിന്റെ അതിരുകളില്ലാത്ത മാനവികതയാണ് ദർശിക്കാൻ സാധിക്കുന്നത്. മനുഷ്യരെ കാണാതിരിക്കുകയും മതങ്ങളെ മാത്രം കാണുകയും ചെയ്യുന്ന ഈ കാലത്ത് ചെറുതും വലുതുമായ ഇഫ്താർ സംഗമങ്ങൾ മനുഷ്യനെ പരസ്പരം കൂടെ ചേരാനും കൂട്ടിച്ചേർക്കാനുമുള്ള ഇടം സൃഷ്ടിക്കുകയാണ്.

ഈ മനുഷ്യക്കൂട്ടായ്മ ഒരു വലിയ സന്ദേശമാണ് പ്രദാനം ചെയ്യുന്നത്. പ്രവാസ ജീവിതത്തിലെ എന്റെ നോമ്പുതുറ ആരംഭിക്കുന്നത് സന്തതസഹചാരിയായ സുബൈർ കണ്ണൂരിനും കുടുംബത്തോടുമൊപ്പമാണ്. രുചിയുടെ വൈവിധ്യംകൊണ്ട് അമ്പരപ്പിക്കുന്ന നാസില സുബൈറിന്റെ വിഭവങ്ങളുടെ കൈപ്പുണ്യം ഒന്നു വേറെതന്നെയാണ്. അതുകൊണ്ട് തന്നെ തുടക്കവും ഒടുക്കവും സമയമനുവദിക്കുന്ന ഈ പുണ്യമാസത്തിന്റെ വൈകുന്നേരങ്ങളിലെ മിക്ക ദിവസങ്ങളിലും ഞാൻ അവരിലൊരാളാകാൻ താൽപര്യപൂർവം എത്തിച്ചേരാറുണ്ട്. വിവിധ സംഘടനകളുടെ കൂട്ടായ്മയോടൊപ്പവും സ്നേഹവും സാന്നിധ്യവും പങ്കിട്ടുവരുന്നു...

കഠിനമായ വ്രതശുദ്ധിയുടെ ഈ നോമ്പുകാലം വിശ്വാസികൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമർപ്പണത്തിന്റെയും ആൾരൂപങ്ങളായി മാറുകയാണ്. പരസ്പരം സ്നേഹിക്കുന്നതിനും സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും മനസ്സിനെ സംസ്കരിച്ചെടുക്കുന്ന, ശുദ്ധീകരിക്കുന്ന പ്രക്രിയയായി അത് രൂപാന്തരപ്പെടുന്നു. പാവപ്പെട്ട മനുഷ്യർക്ക് ‘സകാത്’ നൽകി മനശ്ശുദ്ധി വരുത്തുന്ന മനോഹരമായ കർമവുംകൂടി കൺകുളിർക്കെ കാണാൻ സാധിക്കാറുണ്ട്.

മതങ്ങൾ കലഹിക്കാനുള്ളതല്ല, കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമഭാവനയുടെയും മാനവസ്നേഹത്തി​ന്റെയും ഉദാത്തമായ ബോധമാണ് മതബോധം. അങ്ങനെ മാത്രം ചിന്തിക്കാൻ കാലം നമ്മെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ചിന്തകനും ദാർശനികനുമായ കാൾ മാർക്സ് മതത്തെ നിരീക്ഷിച്ചത് ‘പീഡിതമനസ്സിന്റെ ആശ്രയമാണ് മതം, ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതം. ആത്മാവില്ലാത്ത സാഹചര്യത്തിൽ ആത്മാവാണ് മതം’ എന്നാണ്.

വെറുപ്പും വിദ്വേഷവും കാലുഷ്യവും കലാപവും സൃഷ്ടിക്കാൻ ഒരു മതവും ആവശ്യപ്പെടുന്നില്ല. മനുഷ്യസ്നേഹത്തിന്റെ സന്ദേശമാണ് എല്ലാ മതങ്ങളും ആത്യന്തികമായി ഉദ്ബോധിപ്പിക്കുന്നത്. അന്യരുടെ ശബ്ദം സംഗീതംപോലെ ആസ്വദിക്കാൻ സാധിക്കുന്ന, മാനവ സ്നേഹത്തിന്റെ നേരനുഭവമായി മാറാൻ കഴിയുന്ന മനുഷ്യന്റെ കൂടിച്ചേരലുകളായി ഇഫ്താർ സംഗമങ്ങളെ പ്രതീക്ഷയോടുകൂടി നോക്കിക്കാണുകയാണ്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainramadan
News Summary - ramadan - bahrain
Next Story