അതിരുകൾക്കപ്പുറം വിശപ്പകറ്റി ഖത്തർ
text_fieldsസൊമാലിയയിൽ ഖത്തർ റെഡ്ക്രസന്റ് ഇഫ്താർ കിറ്റ് ഏറ്റുവാങ്ങിയ കുടുംബം
ദോഹ: ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്)യുടെ വിദേശ മിഷനുകൾ നടപ്പാക്കുന്ന ഇഫ്താർ പദ്ധതികളിലൂടെ പതിനായിരങ്ങൾ ഗുണഭോക്താക്കളാകുന്നു. ‘ഹ്യൂമാനിറ്റി ഫസ്റ്റ്: ജീവകാരുണ്യങ്ങൾക്ക് നൽകൂ’ എന്ന തലക്കെട്ടിൽ നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ ലബനാനിലെയും ബംഗ്ലാദേശിലെയും ഖത്തർ റെഡ്ക്രസന്റ് ഉദ്യോഗസ്ഥർ റമദാൻ ഇഫ്താർ പാഴ്സലുകൾ തയാറാക്കി ഇരുരാജ്യങ്ങളിലെയും അഭയാർഥികൾക്കും ആതിഥേയ കമ്യൂണിറ്റികൾക്കും വിതരണം ചെയ്യുന്നുണ്ട്.
സൊമാലിയയിൽ ഖത്തർ അംബാസഡർ ഡോ. അബ്ദുല്ല ബിൻ സാലിം അൽ നുഐമിയുടെ സാന്നിധ്യത്തിൽ സൊമാലിയയിലെ ഖത്തർ റെഡ്ക്രസന്റ് ഓഫിസ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യദിനം ബനാദിർ മേഖലയിലെ ക്യാമ്പുകളിൽ 4900 പേർക്കായി 700 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
ബനാദിർ മേഖലയിലെ വിദൂര ക്യാമ്പുകളിൽ 3000 ഭക്ഷണപ്പൊതികളും ബേ മേഖലയിലെ ബൈഡോവ ക്യാമ്പുകളിൽ 5180 കുടുംബങ്ങൾക്കായി 2180 ഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു. ഓരോ പാഴ്സുകളിലും അരി, പഞ്ചസാര, സസ്യ എണ്ണ, ഗോതമ്പ്, പാസ്ത, ഈന്തപ്പഴം, ട്യൂണ, ജ്യൂസ്, ചായ, പാൽപ്പൊടി തുടങ്ങി 66 കിലോഗ്രാം ഭക്ഷ്യ ഉൽപന്നങ്ങളാണുള്ളത്.
ഇറാഖിൽ കിഴക്കൻ മൊസൂലിൽ ഹസൻ ഷാം ക്യാമ്പിലെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട 5800 പേർക്ക് 1360 ഭക്ഷണപ്പൊതികളും ഇർബിലിലെ ബസിർമ ക്യാമ്പിലെ 1878 അഭയാർഥികൾക്കായി 400ലധികം ഭക്ഷണപ്പൊതികളും സൊസൈറ്റിക്ക് കീഴിൽ വിതരണം ചെയ്തു. ഗസ്സയിൽ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ പാവപ്പെട്ട ഫലസ്തീൻ കൂടുംബങ്ങൾക്കായി ഭക്ഷ്യ വൗച്ചറുകളുടെ വിതരണം നടക്കുന്നുണ്ട്. കിർഗിസ്താനിലെ നിർധനരായ 612 കുടുംബങ്ങൾക്ക് അവിടത്തെ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റിയും ഭക്ഷ്യ വൗച്ചറുകൾ നൽകി വരുന്നുണ്ട്.
ഖത്തറിൽ, അൽ വക്റയിലും ഇൻഡസ്ട്രിയൽ ഏരിയയിലും പ്രവാസികൾക്കായി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി രണ്ട് റമദാൻ ഇഫ്താർ ടെന്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. റമദാനിലുടനീളം 27,000 ഗുണഭോക്താക്കളെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
ലുലു ഹൈപ്പർമാർക്കറ്റ്, സ്പാർ, സൂഖ് അൽ ബലദി, വിദാം ഫുഡ് കമ്പനി, ഫാമിലി ഫുഡ് സെന്റർ, മെഗാ മാർട്ട്, ഷോപ്പ്റൈറ്റ്, അൽ ഖലഫ് ട്രേഡിങ് ആൻഡ് മാർക്കറ്റിങ് എന്നിവയുടെ പിന്തുണയോടെ ഉരീദു സ്പോൺസർ ചെയ്ത് കൊണ്ട് ഖത്തർ റെഡ്ക്രസന്റ് ഖൈറുകും സാബിഖ് സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
ഖത്തറിലെ പാവപ്പെട്ട കുടുംബങ്ങളെ പിന്തുണക്കുക, പുണ്യ മാസത്തിൽ അവരുടെ ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്തുക, ധനികർക്കും പാവപ്പെട്ടവർക്കും ഇടയിൽ ഐക്യദാർഢ്യത്തിന്റെയും അനുകമ്പയുടെയും ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

