ദാരിദ്ര്യ നിർമാർജനം സകാത്തിലൂടെ
text_fieldsഇസ്ലാമിന്റെ ആധാരശിലകളിൽ സുപ്രധാനമാണ് സകാത്. എല്ലാ പ്രവാചകന്മാരും അവരുടെ അനുചരരോട് സകാത് നൽകാൻ കൽപിച്ചിരുന്നുവെന്ന് ഖുർആനിൽനിന്ന് മനസ്സിലാക്കാം. അല്ലാഹുവിനോടുള്ള ബാധ്യതയും സഹജീവികളോടുള്ള ബാധ്യതയും നിറവേറ്റാൻ ഓരോ വിശ്വാസിയും കടപ്പെട്ടവനാണെന്ന് ഇസ്ലാം അനുശാസിക്കുന്നു. മുഹമ്മദ് നബിയും ഇക്കാര്യങ്ങൾക്ക് പരമപ്രാധാന്യം നൽകിയിട്ടുണ്ട്.
സമ്പത്തുള്ളവർ അവരുടെ സമ്പത്തിന്റെ നിശ്ചിത ശതമാനം സകാത് നൽകണമെന്ന് പ്രവാചകൻ കൽപിച്ചു. മതപ്രബോധനത്തിന് ദൂതന്മാരെ നിയോഗിക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ഉണർത്തിയിരുന്നു. ഏതെങ്കിലും പ്രത്യേക വരുമാനമുണ്ടെങ്കിലേ സകാത് നൽകേണ്ടതുള്ളൂ, മറ്റു സമ്പത്തുകൾക്ക് സകാത് വേണ്ട എന്നൊരു തെറ്റിദ്ധാരണ ചിലർക്കെങ്കിലുമുണ്ട്. എന്നാൽ, പ്രവാചകൻ പറഞ്ഞത് ‘‘അവരുടെ എല്ലാതരം സമ്പത്തുകൾക്കും സകാത് നൽകണം, അതവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യും’’ എന്നാണ്. അതിൽ സ്വർണവും വെള്ളിയും കറൻസികൾ മൊത്തത്തിലും കാർഷികോൽപന്നങ്ങളും വ്യാപാര-വ്യവസായാദികളും കന്നുകാലികളും തുടങ്ങി സകല വരുമാനങ്ങളും ഉൾപ്പെടും. രണ്ടര ശതമാനം മുതൽ 10 ശതമാനംവരെ, സമ്പത്തിന്റെ ഗുണഭേദങ്ങൾക്കനുസരിച്ച് സകാത് നൽകണം. ആർക്കെല്ലാമാണ് കൊടുക്കേണ്ടതെന്നും ഖുർആൻ വിശദീകരിച്ചിരിക്കുന്നു. എട്ടുതരം ഗുണഭോക്താക്കൾക്കാണ് നൽകേണ്ടതെന്ന് ഖുർആൻ പറയുന്നു.
ഹിജ്റ രണ്ടാംവർഷമാണ് സകാത് വ്യവസ്ഥാപിത രീതിയിൽ സംഭരിക്കാനും വിതരണം ചെയ്യാനും തുടങ്ങിയതെങ്കിലും പ്രവാചകത്വലബ്ദി മുതൽ ഹിജ്റ വരെയുള്ള കാലഘട്ടത്തിലും സകാത് നൽകാനുള്ള പൊതു ആഹ്വാനങ്ങൾ ഉണ്ടായിരുന്നു. അത് വ്യക്തികളോടുള്ള ഉപദേശങ്ങളുടെ രീതിയിലായിരുന്നുവെങ്കിലും മദീനജീവിതത്തിൽ അതൊരു സോഷ്യൽ ഇൻഷുറൻസിന്റെ രീതി സ്വീകരിക്കുകയും സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായി മാറുകയും ചെയ്തു.
വരുമാന മാർഗങ്ങൾ കണ്ടെത്തി കണക്കുകൾ സൂക്ഷിക്കാനും സകാത്തിന്റെ ശേഖരണത്തിനും വിതരണത്തിനും ഉദ്യോഗസ്ഥരെ നിയമിക്കാനും തുടങ്ങി. പൊതുഖജനാവിന്റെ (ബൈത്തുൽ മാൽ) ഒരു മുഖ്യവരുമാന സ്രോതസ്സായി സകാത് സ്ഥലംപിടിച്ചു. വിദൂരദേശങ്ങളിൽനിന്ന് സകാത് നൽകാനും സ്വീകരിക്കാനും ജനങ്ങൾ മദീനയിലേക്ക് വന്നുകൊണ്ടിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ സകാത് സ്വീകരിക്കാൻ ആളില്ലാത്തവിധം സമ്പൽസമൃദ്ധിയും സ്വയംപര്യാപ്തതയും വന്നുചേർന്നു.
ഇസ്ലാമിക സമൂഹത്തിന്റെ ആണിക്കല്ലായ സകാത് വിതരണം സംഘടിതമായി നിർവഹിക്കപ്പെടേണ്ട ആരാധനകർമങ്ങളിൽപ്പെട്ടതാണെന്ന് ഖുർആനിൽനിന്നും പ്രവാചകചര്യയിൽനിന്നും ഖലീഫമാരുടെയും സച്ചരിതരായ ഭരണാധികാരികളുടെയും നടപടിക്രമങ്ങളിൽനിന്നും വ്യക്തമാകുന്നു. പ്രവാചകന്റെ വിയോഗാനന്തരം ആദ്യമായി സംഭവിച്ച വിമതനീക്കം സകാത് നിഷേധിക്കുകയോ സ്വന്തമായി കൊടുക്കുകയോ ചെയ്യാനുള്ള ശ്രമമായിരുന്നു. പുതുതായി ഇസ്ലാമിലേക്ക് വന്നവരും ഇസ്ലാമിക സംസ്കാരവും അധ്യാപനങ്ങളും മനസ്സിൽ വേരുറച്ചിട്ടില്ലാത്തവരുമായ ചില ഗോത്രങ്ങളായിരുന്നു അതിന് പിന്നിൽ.
എന്നാൽ, ഒന്നാം ഖലീഫ അബൂബക്കർ കർശനമായ നിലപാട് സ്വീകരിക്കുകയും ബൈത്തുൽമാലിൽ സകാത് അടക്കാത്തവരോട് സമരം പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ തങ്കലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു. ‘‘അല്ലാഹുവാണ് സത്യം, പ്രവാചകന് നൽകിയിരുന്ന ഒരു ഒട്ടകക്കയർപോലും തരാൻ വിസമ്മതിക്കുന്നപക്ഷം അത് പിടിച്ചുവാങ്ങാൻ അവരോട് സമരംചെയ്യും’’ എന്ന് അദ്ദേഹം പറഞ്ഞു.
സകാത് സംഘടിതമായി നിർവഹിക്കപ്പെടേണ്ട കർമമാണെന്നതിന് ഏറ്റവും ശക്തമായ തെളിവ് അതിന്റെ അവകാശികളിൽ പ്രാധാന്യപൂർവം എടുത്തുപറഞ്ഞ വിഭാഗം സകാത് സംഭരണ-ശേഖരണ-വിതരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരാണ് എന്നതത്രെ.
ഇതിനെക്കുറിച്ചാണ് ഡോ. യൂസുഫുൽ ഖറദാവി പറഞ്ഞത്: ‘‘ഈ വിഭാഗത്തെ ഖുർആൻ സവിശേഷമായി എടുത്തുപറഞ്ഞതും സകാത്തിനർഹരായ എട്ടു വിഭാഗങ്ങളിലൊന്നായി പ്രാധാന്യപൂർവം വ്യക്തമാക്കിയതും ദരിദ്രരും പാവങ്ങളും കഴിഞ്ഞാൽ മൂന്നാമതായി അവരെ പരിഗണിച്ചതുമെല്ലാം വ്യക്തമാക്കുന്നത്, സകാത് ഇസ്ലാമിൽ വ്യക്തികൾക്ക് വിട്ടുകൊടുത്ത ഒരു ഔദാര്യമല്ലെന്നാണ്. അത് ഒരു രാജ്യത്തിന്റെ മുഖ്യചുമതലകളിൽപ്പെട്ടതാണ്. അതിന് മേൽനോട്ടം വഹിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതും കണക്കുകളും എഴുത്തുകുത്തുകളും സൂക്ഷിക്കേണ്ടതും ആവശ്യമാണ്. അതിനായി സ്വന്തം ഒരു ബജറ്റും ശമ്പളം നൽകുന്ന ഉദ്യോഗസ്ഥരുമെല്ലാം ഉണ്ടാകണം’’ (ഫിഖ്ഹുസ്സകാത്).
സകാത് വ്യക്തികൾ സ്വന്തംനിലക്ക് നൽകേണ്ടതല്ലെന്ന് വ്യക്തമാക്കുന്ന ധാരാളം പ്രമാണങ്ങൾ കാണാം. ചിലത് ചുവടെ ചേർക്കാം:
1. ‘‘അല്ലാഹു അവർക്ക് സകാത് നിർബന്ധമാക്കിയിരിക്കുന്നു. അത് അവരിലെ സമ്പന്നരിൽനിന്ന് പിടിച്ചെടുക്കുകയും അവരിലെ ദരിദ്രർക്ക് വിതരണം ചെയ്യുകയും വേണം.’’ ഈ നബിവചനത്തിന്റെ ഭാഷാശൈലി സ്വയം വ്യക്തമാക്കുന്നത് ഒരധികാരകേന്ദ്രത്തിന്റെ കീഴിലാണ് ഈ സംഭവം നടക്കേണ്ടത് എന്നത്രെ.
2. സകാത് വിതരണം ചെയ്യപ്പെടേണ്ട എട്ട് വിഭാഗങ്ങളെ ഖുർആൻ പേരെടുത്തു പറഞ്ഞിട്ടുണ്ട്. വ്യക്തിഗതമായ സകാത് ദാനം ഏതെങ്കിലും ഒന്നോ രണ്ടോ വിഭാഗങ്ങളിൽ പരിമിതപ്പെടുകയാവും ഉണ്ടാവുക. എല്ലാ തരക്കാരെയും ഉൾക്കൊള്ളാൻ കഴിയില്ല.
3. ‘സകാത് ജീവനക്കാർ’ എന്ന ഒരു വകുപ്പുതന്നെ സൂചിപ്പിക്കുന്നത് അത് ഒരു വലിയ ഡിപ്പാർട്മെന്റായി പ്രവർത്തിക്കണമെന്നാണ്. വ്യക്തികൾ നൽകുന്ന തുച്ഛമായ സകാത് വിഹിതങ്ങൾക്ക് ഇത്ര വലിയ സംവിധാനം വേണ്ടതില്ല.
4. ഒരാളെ സ്വയംപര്യാപ്തിയിലേക്ക് നയിക്കുന്നതാവണം തങ്ങൾക്ക് ലഭിക്കുന്ന സകാത്. ഇന്ന് നൽകപ്പെടുന്ന സകാത്തുകൾകൊണ്ട് ഒരാളുടെ ഭവനനിർമാണം സാധ്യമല്ല. തൊഴിലുപകരണങ്ങൾ സ്വായത്തമാക്കാൻ കഴിയില്ല. അയാളുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ദൂരീകരിക്കാനോ ചികിത്സ നിർവഹിക്കാനോ പര്യാപ്തമാവില്ല.
5. യാചന നിർമാർജനം ചെയ്യാനും വ്യക്തികളുടെ പൊങ്ങച്ചവും അഹങ്കാരവും മുളപൊട്ടാതിരിക്കാനും ഇസ്ലാമിക സാഹോദര്യം വളർത്തിയെടുക്കാനും സംഘടിത സകാത് വിതരണം അത്യന്താപേക്ഷിതമാണ്.
ചുരുക്കത്തിൽ, നീതിയിലധിഷ്ഠിതമായ ക്ഷേമരാഷ്ട്രത്തിന് അടിത്തറ പാകുന്ന സകാത് വ്യവസ്ഥ, അനുയായികളുടെ വിവരക്കേടുമൂലം വികലവും നിഷ്ഫലവുമാകുന്നതാണ് നാം ഇന്നു കാണുന്നത്.
(ഇത്തിഹാദുൽ ഉലമ കേരള പ്രസിഡന്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

