കരുതലിന്റെ കരങ്ങൾ നീട്ടിയ ഒമാനി
text_fieldsനോമ്പ് ഓർമയിൽ ഇന്നും മധുരിക്കുന്ന ഒരു കാഴ്ച മനസ്സിൽ മായാതെയുണ്ട്. തിരൂർകാരിയായ ഞാനും കോഴിക്കോട് സ്വദേശിയായ ഭർത്താവും ഒമാനിൽ എത്തിയ വർഷം. ഖാബൂറയിൽ ആയിരുന്നു താമസം. അവിടെ അടുത്തുള്ള കോളജിൽ അധ്യാപകനായിരുന്നു ഭർത്താവ്. ഞാൻ ഗർഭിണിയായിരുന്നു. കൂട്ടിന് ഉമ്മയുണ്ട്. അതൊരു നോമ്പുകാലമായിരുന്നു. പ്രവാസ ലോകത്തെ ആദ്യത്തെ നോമ്പ്. ഡോക്ടറെ കാണാൻ ഭർത്താവും ഉമ്മയും ഞാനും സുഹാറിലുള്ള ഹോസ്പിറ്റലിൽ അപ്പോയ്ൻമെന്റ് എടുത്തു.
പോകാനുള്ള തയാറെടുപ്പിൽ ഉമ്മ നോമ്പ് തുറക്കാനുള്ള കുറച്ചു പഴങ്ങളും ജ്യൂസും വെള്ളവും കരുതി. നോമ്പുതുറ സമയം കഴിഞ്ഞ ഉടനെയാണ് ഡോക്ടറെ കാണാൻ സമയം അനുവദിച്ചത്. വഴിയിൽ നോമ്പ് തുറക്കേണ്ടിവരും എന്നുള്ള ധാരണയിലാണ് ഇതൊക്കെ കരുതിയത്. നോമ്പുതുറ സമയം ഏകദേശം അടുത്തപ്പോൾ സുഹാർ ഗേറ്റിന് അടുത്തുള്ള പെട്രോൾ പമ്പിനു സമീപം വണ്ടി നിർത്തി.
ചുറ്റും മറ്റു ആളുകൾ ഒന്നുമില്ല. പെട്ടെന്ന് എവിടുന്നൊക്കെയോ മലയാളികളും പാകിസ്താനികളും ബംഗ്ലാദേശ് സ്വദേശികളും എത്തി പായ വിരിച്ച് നോമ്പ് തുറക്കാനായി ഇരുന്നു. ഇരുപതോളം പേരുണ്ടായിരുന്നു. ഒന്നോ രണ്ടോ പേരുടെ കൈയിലുള്ള വെള്ളക്കുപ്പികൾ മാത്രമേയുള്ളൂ. എനിക്ക് ആകാംക്ഷയായി; ഇവർ ബാങ്ക് കൊടുക്കുമ്പോൾ എന്ത് ചെയ്യും. പെട്ടെന്നാണ് അവരുടെ അടുത്തേക്ക് ഒരു വണ്ടി വരുന്നതും അതിൽനിന്ന് ആവശ്യമായ ഭക്ഷണപാക്കറ്റ് ഒരു ഒമാനിയായ സ്വദേശി മധ്യവയസ്കൻ നൽകുന്നതും കണ്ടത്.
വെള്ളത്തിന്റെ രണ്ട് ബോക്സും ഇറക്കിവെച്ചു. കാറിൽ ഞങ്ങൾ ഇരിക്കുന്നത് കണ്ടുകൊണ്ടാണെന്നു തോന്നുന്നു, കുറച്ച് പാക്കറ്റുമായി ഞങ്ങളുടെ അരികിലും വന്നു. സ്നേഹപൂർവം ഞങ്ങൾ രണ്ട് പാക്കറ്റ് വാങ്ങി. കൈയിലും വണ്ടിയിലുമുള്ള പാക്കറ്റുകൾ അദ്ദേഹം പെട്രോൾ സ്റ്റേഷനിലും അവിടെ യാത്രക്കാരായി എത്തിയവർക്കും നൽകി യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

